കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: ‘എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്... ഇതൊക്കെ പതിവാണ്! കാര്യമാക്കേണ്ട... കണ്ട് നിന്നവരിൽ ചിരി പടർത്തി മന്ത്രി വി.ശിവൻകുട്ടി

കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസിന്റെ മർദനം ഏറ്റുവാങ്ങിയ ശേഷം കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മന്ത്രി വി.ശിവൻകുട്ടി ആശ്വസിപ്പിച്ചത് കണ്ടുനിന്നവരിൽ ചിരി പടർത്തി. ‘എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണ്.. കാര്യമാക്കേണ്ട. ഭാവിയിലേക്ക് ഇതൊക്കെ ആവശ്യമായി വരും’ എന്നായിരുന്നു ശിവൻകുട്ടിയുടെ ആശ്വാസ വാക്കുകൾ. ലാത്തിച്ചാർജിൽ പരുക്കേറ്റ എൽദോ ബാബു വട്ടക്കാവനെയാണു മന്ത്രി ആശ്വസിപ്പിച്ചത്.
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി പങ്കെടുത്ത ഫോക്കസ് സ്കൂൾ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് എൽദോ ബാബു കീറിയ മുണ്ടും ഷർട്ടുമായി എത്തിയത്. മാർച്ചിൽ പങ്കെടുത്ത ശേഷം നേരെ മന്ത്രി പങ്കെടുത്ത ചടങ്ങിൽ എത്തുകയായിരുന്നു. എൽദോ ബാബുവിന്റെ വേഷം ശ്രദ്ധിച്ച മന്ത്രി ചടങ്ങ് പൂർത്തിയായി പുറത്തേക്കിറങ്ങിയപ്പോൾ അടുത്തു വിളിച്ച് വിവരം അന്വേഷിച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിനിടെ സംഭവിച്ചതാണെന്നു പറഞ്ഞപ്പോഴായിരുന്നു മന്ത്രി ആശ്വസിപ്പിച്ചത്.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘടിത ആക്രമണം നടക്കുകയായിരുന്നു. സമരക്കാർ അസിസ്റ്റന്റ് പൊലീസ് കമീഷണർ പി വി ബേബിയെ കൈയേറ്റം ചെയ്ത് ബാഡ്‌ജ് വലിച്ചുകീറി. തുടർന്ന് പൊലീസിനുനേരെ വ്യാപകമായി കൈയേറ്റമുണ്ടായതോടെ അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.
അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഏഴ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചികിത്സ തേടി. ആക്രമണം നടത്തിയ 12 സമരക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പൊലീസുകാരെ കൈയേറ്റം ചെയ്ത് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരായ കണ്ണൻ, സനൂജ്, സുനിൽ, മിജിൽ കുമാർ എന്നിവർ കളമശേരി കിൻഡർ ആശുപത്രിയിലും മനോജ് കുമാർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഒരാഴ്ചമുമ്പ് കണ്ടെയ്നർ റോഡിൽ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുമുന്നിലേക്ക് ചാടാൻ മറഞ്ഞുനിന്ന കെഎസ്‌യു പ്രാദേശിക വനിതാ നേതാവിനെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
ഷാഫി പറമ്പിൽ സമരം ഉദ്ഘാടനം ചെയ്തശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസംഗത്തോടെ ആക്രമണം തുടങ്ങി. ഇതോടെ രണ്ടുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കാൻ സമരക്കാരുമായി ധാരണയായി. അറസ്റ്റിനിടെ സമരക്കാർ അസിസ്റ്റന്റ് കമീഷണറെയും പൊലീസുകാരെയും ആക്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
അക്രമികളെ സ്റ്റേഷനിൽ എത്തിച്ച വിവരം അറിഞ്ഞെത്തിയ ഷാഫി പറമ്പിൽ തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസുകാർ കൈപിടിച്ചുതിരിച്ചുവെന്നും ലാത്തികൊണ്ട് നെഞ്ചിലമർത്തിയെന്നും പറഞ്ഞ് ഷാഫി പറമ്പിൽ ബഹളമുണ്ടാക്കി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ്, ജില്ലയിലെ മുതിർന്ന നേതാക്കൾ എന്നിവർ സ്റ്റേഷനിലെത്തി. അറസ്റ്റ് ചെയ്തവരെ, ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടയച്ചു.
അതേ സമയം സംസ്ഥാന ബജറ്റില്‍ നികുതി കൂട്ടിയതിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് യൂത്ത് കോൺഗ്രസ്സ് പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം റിജിന്‍ രാജ് ആണ് കൂത്ത്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്മ നുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണിയോടെ അഞ്ചരക്കണ്ടിയിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
https://www.facebook.com/Malayalivartha