ലൈഫ് മിഷനിൽ എം ശിവശങ്കർ അടക്കം കൈപ്പറ്റിയ കൂടുതൽ കമ്മീഷൻ തുക കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി: ആറ് കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതിൽ ശിവശങ്കർ സ്വപ്നയെ ഏൽപ്പിച്ചതായി കണ്ടെത്തിയ ഒരുകോടിയ്ക്ക് അപ്പുറമുള്ള പണം കണ്ടെത്താൻ ശ്രമം: കണ്ടെത്താനുള്ളത് ഈ കമ്മീഷൻ തുക ആരെല്ലാം കൈപ്പറ്റി? എന്തിനൊക്കെ വിനിയോഗിച്ചു? ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോ, തുടങ്ങിയവ...

ലൈഫ് മിഷനിൽ എം ശിവശങ്കർ അടക്കം കൈപ്പറ്റിയ കൂടുതൽ കമ്മീഷൻ തുക കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി. കോഴയിടപാടിലെ മുഴുവൻ തുകയും കണ്ടെത്താനായിട്ടില്ലെന്ന് ഇ ഡി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. നിലവിലെ മൊഴികളുടെ അടിസ്ഥാനത്തിൽ ആറ് കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നിട്ടുണ്ട്. ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ശിവശങ്കർ സ്വപ്നയെ ഏൽപ്പിച്ചതായി കണ്ടെത്തിയ ഒരുകോടിയ്ക്ക് അപ്പുറമുള്ള പണമാണ് കണ്ടെത്തേണ്ടത്. കമ്മീഷൻ തുകയായി കിട്ടിയ മുഴുവൻ പണവും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
ഈ കമ്മീഷൻ തുക ആരെല്ലാം കൈപ്പറ്റിയെന്നും, എന്തിനൊക്കെ വേണ്ടി വിനിയോഗിച്ചെന്നും, ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നുമാണ് ഇനി കണ്ടെത്താനുള്ളത്. നാലരക്കോടി കമ്മീഷനായി നൽകിയെന്നായിരുന്നു ലൈഫ് മിഷൻ ഭാവന നിർമ്മാണ കരാർ നേടിയെടുത്ത സന്തോഷ് ഈപ്പൻ പറഞ്ഞത്. ഒരുകോടി രൂപ മാത്രമല്ല ശിവശങ്കറിന്റെ വിഹിതമെന്നാണ് ഇ ഡിയുടെ അനുമാനം. ഇക്കാരണം കൊണ്ടുതന്നെ കോഴപ്പണം ആരുടെയെല്ലാം കൈകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് അറിയേണ്ടതായുണ്ട്. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിനെതിരെ തെളിവുകൾ ഉണ്ടെന്നും, ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കറിനും ജാമ്യത്തെ എതിർത്തുകൊണ്ട് ഇ ഡി കോടതിയിൽ വാദിച്ചിരുന്നു.
ശിവശങ്കറിനെതിരായ മൊഴി ശക്തമാണെന്നും ഇ ഡി വാദിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നാണ് ഇ ഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ ഇടപാടുകൾ കണ്ടെത്താൻ കൂടിയാണ്. മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറി. എം ശിവ ശങ്കറിലൂടെ. അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനിലേയ്ക്ക് അന്വേഷണം എത്തിയത്.
പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുന്‍പ് റെഡ്ക്രസന്‍റിനായി കത്ത് തയാറാക്കി നല്‍കിയത് ശിവശങ്കറാണെന്ന് വ്യക്തമാക്കുന്ന നിർണായക വാട്സാപ്പ് ചാറ്റുകൾ ഇ ഡിയ്ക്ക് ലഭിച്ചിരുന്നു. 2019 ജൂലൈ 11നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്. . ധാരണാപത്രം എങ്ങിനെയാകണം അതില്‍ കോണ്‍സുലേറ്റ് എങ്ങിനെ ഇടപെടണം അനുബന്ധ കത്തുകള്‍ എങ്ങനെ നല്‍കണം എന്നെല്ലാം നിർദ്ദേശിച്ചത് ശിവശങ്കറാണെന്ന് വാട്സപ്പ് ചാറ്റുകള്‍ വ്യകതമാക്കുന്നു. ധാരണാപത്രം ഒപ്പിട്ടതിന് രണ്ട് ദിവസം മുന്‍പ് 2019 ജൂലൈ ഒന്‍പതിനാണ് ശിവശങ്കര്‍ വാട്സപ്പ് വഴി സ്വപ്നയ്ക്ക് ഈ നിര്‍ദേശം നല്‍കുന്നത്. കത്തിന്‍റെ ഉളളടക്കം എപ്രകാരമാകണമെന്ന് അന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അയച്ച വാട്സപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ കോൺസുലേറ്റിന്റെ കത്ത് കൂടി ചേർത്ത് മുഖ്യമന്ത്രിക്ക് നൽകാൻ ശിവശങ്കർ നിർദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കർ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കിൽ സി രവീന്ദ്രനെ വിളിക്കാൻ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
മൂന്നു തവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. ശിവശങ്കറിന്‍റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്. അതേസമയം ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും 21കോടി 72 ലക്ഷം രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്‍റ് ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ നിര്‍മാണ കരാര്‍ യൂണിടാക്കിന് അനധികൃതമായി നല്‍കി കമ്മിഷന്‍ നേടിയെടുക്കുകയായിരുന്നു ശിവശങ്കറിന്‍റെ ഉന്നമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha