ഈ കോണ്‍ഗ്രസിന് ഇത് എന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്...

'ഈ കോണ്‍ഗ്രസിനിതെന്ത് പറ്റി, ചിലയിടത്ത് ഗ്രൂപ്പ് വഴക്ക്, ചിലയിടത്ത് കുതുകാല്‍വെട്ട്, ആരാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്തത്. അതുകൊണ്ട് ഇന്ന് തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുക. സഹായത്തിനായി സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ വിളിക്കുക'. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പുകയിലെ വിരുദ്ധപരസ്യത്തിലെ വാചകങ്ങളാണ് ഓര്‍മ്മ വരുന്നത്. ഇന്നത്തെ കോണ്‍ഗ്രസുകാരന്‍ നാളത്തെ ബി.ജെ.പിയോ, സി.പി.എമ്മോ ആയി മാറുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അവിടെ ശക്തിയുള്ള പാര്‍ട്ടികളിലും. ഒരുത്തനേം നമ്പാന്‍ കൊള്ളാത്ത സ്ഥിതി.
അതുകൊണ്ട് വിശ്വസിച്ച് ഇവര്‍ക്കൊക്കെ എങ്ങനെ വോട്ട് ചെയ്യും. കെ.പി.സി.സി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു എ.പി അനില്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ്. ഇപ്പോള്‍ അന്തിയുറക്കം സി.പി.എമ്മിനൊപ്പമാണ്. കാരണം എന്താണെന്ന് അറിയാമോ? കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുല്ലപ്പള്ളിയുടെ പെട്ടിതാങ്ങി നടന്ന എല്ലാവനേം ചെവിക്ക് പിടിച്ച് പുറത്താക്കി.
കൂട്ടത്തില്‍ അനില്‍കുമാറും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രധാന യുവ നേതാവായിരുന്നു പ്രശാന്ത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. നിരവധി തവണ എം.എല്‍.എയായിരുന്ന ശോഭനാ ജോര്‍ജ്ജ് സി.പി.എമ്മിന്റെ പാളയത്തിലാണിപ്പോള്‍. പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജി ചാക്കോയും പിണറായിയുടെ മാടപിറാക്കളാണിപ്പോള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന രാമന്‍ നായര്‍ ബി.ജെ.പിക്കൊപ്പം പോയി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിച്ച സി.രഘുനാഥ് ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കെ.പി.സി.സി ഐ.ടി സെല്‍ തലവന്‍ അനില്‍ ആന്റണി എവിടെയാണിപ്പോള്‍? ഇതുവരെ കോണ്‍ഗ്രസ് പാളയം വിട്ടവരില്‍ നിന്നെല്ലാം ഗുരുതരമായ തിരിച്ചടിയാണ് പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ദിരാഭവനില്‍ ആകെ ശ്മശാനമൂകത. ചോരയും നീരും കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ വടവൃക്ഷമാക്കി വളര്‍ത്തിയ കെ. കരുണാകരന്റെ മകളാണ് എട്ടിന്റെ പണി തന്നിട്ട് പോയത്, അതും തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.
താന്‍ മത്സരിച്ചപ്പോഴെല്ലാം കാലുവാരിയ കോണ്‍ഗ്രസുകാരുടെ മുഖത്ത് അടിച്ചിട്ടാണ് പത്മജ താമര നെഞ്ചോട് ചേര്‍ത്തുപിടിച്ചതെന്ന് വേണമെങ്കില്‍ പറയാം. തമ്മിലടിച്ചും കുതുകാല്‍ വെട്ടിയും കാലുവാരിയും സ്വന്തം നേതാക്കളെ തോല്‍പ്പിക്കുന്ന തലതൊട്ടപ്പന്‍മാരും അവരുടെ മൂട് താങ്ങുകയും പെട്ടി ചുമക്കുന്ന ഗ്രൂപ്പ് മാനേജര്‍മാരും ഇനിയെങ്കിലും പാര്‍ട്ടിയോട് കൂറ് പുലര്‍ത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഈ പാര്‍ട്ടി അധികകാലം ഉണ്ടാകില്ല.
തൃശൂര്‍ ജില്ല കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ടയായിരുന്നു. 13 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അവിടെ എല്‍.ഡി.എഫിന് വേണ്ടി കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഒരു പക്ഷെ, അതും കട്ടപ്പുറത്തായേനെ.
ജനങ്ങളുമായി ബന്ധമുള്ളവരും പാര്‍ട്ടിയോട് കൂറുള്ളവരുമായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നു. അതിന് കാരണം ഗ്രൂപ്പ് നേതാക്കളുടെ അതിപ്രസരം തന്നെയാണ്. കഴിവുള്ള നേതാക്കളെ ഒറ്റപ്പെടുത്തുകയോ, വെട്ടിനിരത്തുകയോ ചെയ്യുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ കെ. മുരളീധരനെ പോലെ അപൂര്‍വ്വം നേതാക്കള്‍ക്കേ കഴിയൂ. ജനങ്ങളുമായുള്ള ബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവാണ് അദ്ദേഹം. ഇരട്ടച്ചങ്കുള്ള പിണറായി വിജയന് പോലും അതിന് സാധിക്കില്ല. തിരുവനന്തപുരത്തെ പഴയ ഈസ്റ്റ്, വെസ്റ്റ് നിയമസഭാ മണ്ഡലങ്ങള്‍ സി.പി.എമ്മിന്റെ കോട്ടയായിരുന്നു.
ഈ മണ്ഡലങ്ങളുടെ ഭാഗമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കെ. മുരളീധരന്‍ 2016ല്‍ അവിടെ മത്സരിച്ച് മണ്ഡലം തിരിച്ച് പിടിച്ചു. 2019ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയം നേടിയപ്പോഴും വടകര സി.പി.എമ്മിനൊപ്പമായിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ 2009ലും 2014ലും വലിയ ഭൂരിപക്ഷത്തിനല്ല അവിടെ വിജയിച്ചത്. മാത്രമല്ല വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു അന്ന് യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്നു. 2019ല്‍ മുരളി വടകരയിലെത്തുമ്പോള്‍ ജെ.ഡി.യു ഇടതിനൊപ്പമായിരുന്നു.
എന്നിട്ടും 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി സി.പി.എമ്മിനെ പപ്പടം പൊടിക്കും പോലെ പൊടിച്ചു. ചെഞ്ചോരപൊന്‍കതിരായ പി.ജയരാജനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മുരളിയേയും പലരും കാലുവാരാന്‍ നോക്കി. അദ്ദേഹം ആരോടും പരാതിപ്പെട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, മുരളീധരന്‍ ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോഴും അവര്‍ക്കൊപ്പം പോകാതെ നിന്നയാളാണ് പത്മജ.
ആ പത്മജ കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ആണിയടിച്ചിട്ടാണ് ഇറങ്ങിപ്പോയത്. അത് പിണറായി വിജയനും മകള്‍ വീണാ വിജയനും വലിയ ആശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇനി വാര്‍ത്തയിലെ താരം പത്മജയായിരിക്കും വീണാ വിജയന്റെ കേസും കരിമണല്‍ കര്‍ത്തായും സ്വാഹാ...
https://www.facebook.com/Malayalivartha