പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു; സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളർ ശോഭാ സുരേന്ദ്രന്‍

സംസ്ഥാന ബിജെപിയിലെ വോട്ട് പുള്ളറാണ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞു. ഇത് കണ്ട് സിപിഎം നേതൃത്വം ഞെട്ടിയിരിക്കുകയാണ്. 2014ല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് 90,000 വോട്ടാണുണ്ടായിരുന്നത്. 2019ല്‍ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ വോട്ട് ഒന്നരലക്ഷത്തിലധികമാണ് വര്‍ദ്ധിച്ചത്. 2,48.081 വോട്ടാണ് നേടിയത്. അത് കണ്ട് ബിജെപിനേതാക്കള്‍ പോലും അസൂയപ്പെട്ടു.
11 ശതമാനത്തിനടുത്തായിരുന്ന വോട്ട് ശതമാനം 25 നുടത്തേക്ക് ഉയര്‍ത്താന്‍ ശോഭയ്ക്കായി. ഇത് അവരുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ്. അതാണ് സംസ്ഥാന നേതൃത്വത്തിലുള്ള പലരെയും ഞെട്ടിച്ചത്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ ശോഭയെ ഒതുക്കിയിരുന്നു. ഇത് മനസ്സിലാക്കിയ ശോഭ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാര്‍ട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിയിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനെ, കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം വൈസ് പ്രസിഡന്റാക്കിയത് അവരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിനിടെ മുസ്ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചതും വിവാദമായി. കെ.സുരേന്ദ്രന്‍ ഇതിനെ തള്ളിക്കളഞ്ഞിരുന്നു. 2020 നവംബറില്‍, പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തനിക്കെതിരെ വ്യക്തിപരമായും രാഷ്ട്രീയമായും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് ശോഭ ആരോപിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരു പരാതി നല്‍കിയിരുന്നു.
ആലപ്പുഴയില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനത്തിലധികം വോട്ടാണ് ശോഭാ സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി വാരിക്കൂട്ടിയത്. 1,87,000 വോട്ടില്‍ നിന്ന് 2,99,000 വോട്ടാണ് നേടിയത്. ഇത് ബിജെപിയുടെ ആലപ്പുഴ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ കെ.സി വേണുഗോപാലിനെയും ശോഭ പിന്നിലാക്കിയിരുന്നു. ഈ ക്രൗഡ് പുള്ളിംഗ് ദേശീയ നേതൃത്വത്തിന് വലിയ ഇഷ്ടമായി. കാരണം പുന്നപ്രയും വയലാറും അടങ്ങുന്ന വിപ്ലവ മണ്ണില്‍ ബിജെപിക്ക് നേട്ടംകൊയ്യാനാകുമെന്ന് ശോഭ കാട്ടിക്കൊടുത്തു. ദല്ലാള്‍ നന്ദകുമാര്‍ ശോഭയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചിട്ടും ഇത്രയധികം വോട്ട് നേടാനായത് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു. അങ്ങനെയാണ് ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശോഭയേയും ക്ഷണിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മറ്റ് നേതാക്കളെയാരും അങ്ങനെ ക്ഷണിച്ചിട്ടില്ല. ഇത് സംസ്ഥാനത്തെ പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉന്നത സ്ഥാനം അല്ലെങ്കില്‍ കേന്ദ്രമന്ത്രി പദവി എന്നിവയാണ് ശോഭയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് അറിയുന്നു. മഹാരാഷ്ട്രയിലും യുപിയിലും ശോഭ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
ശബരിമല സമരത്തില്‍ അറസ്റ്റ് വരിച്ച പ്രമുഖ ലനിതാ നേതാക്കളില്‍ ഒരാളായിരുന്നു ശോഭ. തീപ്പൊരി പ്രസംഗവും സംഭാഷണ ശൈലിയുമാണ് ശോഭയുടെ കരുത്ത്. എതിരാളികളായാലും സ്വന്തം പാര്‍ട്ടിയിലുള്ളവരായാലും ശോഭയുടെ നാവിന്റെ മൂര്‍ച്ചയറിയാത്തവര്‍ കുറവാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ തവണ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുന്നു. ആരേയും ഭയക്കാത്ത, കൂസാത്ത നേതാവാണ് ശോഭയെന്ന് ഏവര്‍ക്കുമറിയാം. അതുകൊണ്ട് ശോഭയെ സംസ്ഥാന അധ്യക്ഷയാക്കിയാലും അത്ഭുതപ്പെടാനില്ല.
സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. പഴയ നേതാക്കള്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നെന്ന ആരോപണം സികെ പത്മനാഭന്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് ശോഭ പ്രസിഡന്റായാല്‍ പണ്ട് മുതലേ പാര്‍ട്ടിക്കൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിക്കുമെന്ന് കരുതുന്നു. സുരേഷ് ഗോപി തൃശൂരില്‍ മികച്ച വിജയം നേടിയതോടെ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയും പോകുമോ എന്ന ആശങ്ക പല നേതാക്കള്‍ക്കുമുണ്ട്.
ശോഭയും സുരേഷ് ഗോപിയും അടങ്ങുന്ന മറ്റൊരു നിര ഉയര്‍ന്നുവരുന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് ശോഭയെ രാജ്യസഭയിലേക്ക് എത്തിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ ചരിത്രത്തില്‍ ശോഭയെ പോലെ കരുത്തയായ മറ്റൊരു വനിതാ നേതാവില്ല.
സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്റെ കാലാവധി അവസാനിക്കാറായി. അതും ശോഭയ്ക്ക് അനുകൂല ഘടകമാണ്. ശോഭ പിന്നാക്കസമുദായ അംഗമായതിനാല്‍ ആ വിഭാഗത്തിലുള്ളവരെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വം കരുതുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലും പിന്നാക്ക. ദളിത് വിഭാഗങ്ങളുടെ വോട്ടാണ് ശോഭ വാങ്ങിക്കൂട്ടിയത്. അതില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപി കയ്യടക്കി കഴിഞ്ഞു. ഇനി സിപിഎമ്മിന്റെ അടിത്തട്ടിലെ വോട്ടുകള്‍ കൂടി നേടിയാല്‍ വലിയ മുന്നേറ്റം നടത്താനാകും.
ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിന് തടയിടാന്‍ അവര്‍ക്കിനി കഴിയുമെന്ന് തോന്നുന്നില്ല. ശോഭയെ പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിശ്വാസമുള്ള നേതാക്കളെയാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. അതുകൊണ്ട് എല്ലാ കണ്ണുകളും ശോഭയിലേക്കാണ് ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലായാലും മറ്റ് പാര്‍ട്ടികളിലായാലും. സംസ്ഥാന ബിജെപിയുടെ ഭാവി ഒരു പക്ഷെ, ഇനി ശോഭയുടെയും സുരേഷ് ഗോപിയുടെയും കൈകളിലായിരിക്കും. അല്ലാതെ പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നവരെ കേരളം സ്വീകരിക്കില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്.
.
https://www.facebook.com/Malayalivartha