ഭാര്യയെ നാട്ടിലുപേക്ഷിച്ച് വിദേശത്തുകഴിയുന്ന പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍; വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കാനൊരുങ്ങി വിദേശമന്ത്രാലയം

വിവാഹശേഷം പ്രവാസി ഭര്‍ത്താക്കന്മാര്‍ കടന്നുകളയുന്ന പ്രവണതയെയും വിവാഹശേഷം വിദേശരാജ്യത്തുവച്ച് ഭാര്യയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന രീതിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഭാര്യയെ നാട്ടിലുപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കാനൊരുങ്ങി വിദേശമന്ത്രാലയം. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കുറ്റാരോപിതര്‍ പ്രതികരിക്കാത്ത പക്ഷം അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. നിയമ മന്ത്രാലയം, നിയമനിര്‍മാണ സഭ, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവ പോര്‍ട്ടല്‍ രൂപവത്കരണമെന്ന ആശയത്തോടു യോജിപ്പു പ്രകടിപ്പിച്ചതായും മന്ത്രി സുഷമ പറഞ്ഞു.
ഇത്തരത്തിലുള്ള പോര്‍ട്ടല്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പോര്‍ട്ടല്‍വഴി പുറപ്പെടുവിക്കുന്ന സമന്‍സുകള്‍ക്കും വാറണ്ടുകള്‍ക്കും നിയമസാധുത ലഭിക്കണമെങ്കില്‍ ഇതാവശ്യമാണ്. ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചെന്ന പരാതിയുമായി 3328 സ്ത്രീകളാണ് 2015 ജനുവരി മുതല്‍ നവംബര്‍ 2017 വരെ അധികൃതരെ സമീപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























