വിദേശത്ത് മലയാളികളുടെ എണ്ണം കുറയുന്നു; മടങ്ങിയെത്തുന്നവർ കൂടുന്നു

മലയാളികൾ തൊഴിലിനായി വിദേശത്ത് കടക്കുന്നത് കുറയുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലിലെ തദ്ദേശവൽക്കരണത്തെയും തുടർന്ന് വിദേശത്ത് മലയാളികൾക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നു. അതേസമയം, വിദേശത്തുനിന്ന് മടങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സർവേപ്രകാരം 2018-ൽ വിദേശത്ത് തൊഴിലെടുക്കുന്ന മലയാളികൾ 34.17 ലക്ഷമാണ്. 2014-ൽ ഇത് 36.5 ലക്ഷമായിരുന്നു.
വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. 2014-ൽ 24 ലക്ഷം പേർ വിദേശത്ത് പോയപ്പോൾ 2018-ൽ ഇത് 21.2 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞവർഷം 12.94 ലക്ഷം പേരാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. 2014-ൽ ഇത് 11.5 ലക്ഷമായിരുന്നു.
അഞ്ച് വർഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണം കുറഞ്ഞത് 2.36 ലക്ഷമാണ്. കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളവും. മലപ്പുറം ജില്ലക്കാരാണ് വിദേശത്ത് കൂടുതലുള്ളത്.
രണ്ടാം സ്ഥാനം കൊല്ലത്തിനും. അവസാനത്തെ പ്രവാസി സെൻസസ് പ്രകാരം വിദേശത്ത് ഇപ്പോഴുള്ള മലയാളികളിൽ 67.78 ശതമാനവും പ്രൊഫഷണലുകളാണ്. 3.78 ശതമാനം എൻജിനീയർമാരും 0.53 ശതമാനം ഡോക്ടർമാരും. 6.37 ശതമാനം നഴ്സുമാരും 2.23 ശതമാനം ഐ.ടി.പ്രൊഫഷണലും. 11.85 ശതമാനമാണ് ഡ്രൈവർമാർ. 10.99 ശതമാനം സെയിൽസ്മാൻമാരാണ്.
ഡോക്ടർമാരിൽ തിരുവനന്തപുരത്തുകാരാണ് മുന്നിൽ (14.39 ശതമാനം). രണ്ടാംസ്ഥാനത്ത് കോട്ടയവും (14.38) മൂന്നാമത് എറണാകുളവും (14.34). നഴ്സ്-കോട്ടയം (23.27), പത്തനംതിട്ട (20.75), എറണാകുളം (18.16) എൻജിനീയർ-എറണാകുളം (13.47), തൃശ്ശൂർ (13.23), കോട്ടയം (10.11) അധ്യാപകർ-പത്തനംതിട്ട (16.69), ആലപ്പുഴ (15.99), കോട്ടയം (9.47). ബിസിനസ്, ഡ്രൈവർ, സെയിൽസ്മാൻ എന്നിവയിൽ മലപ്പുറമാണ് ഒന്നാമത്.
അറബ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലാണ് മലയാളികൾ ഏറെയുള്ളത്.
https://www.facebook.com/Malayalivartha