സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ എയിംസ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. സുരേഷ് ഗോപി 'മറ്റേ മോനെ' എന്നല്ല, മറിച്ച് 'പൊന്നു മോനെ' എന്നാണ് വിളിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് ശോഭ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗം താന്‍ നേരിട്ട് കേട്ടിട്ടില്ലെങ്കിലും, വാക്കുകളിലല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രവൃത്തികളിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എത്രയോ പാവപ്പെട്ടവരെ സഹായിക്കുന്ന വലിയൊരു മനസ്സുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ശോഭ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയക്കാര്‍ക്ക് വേണ്ട കൃത്യതയോടെയും ശൈലിയിലും സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടോ എന്ന് പറയേണ്ടത് മറ്റുള്ളവരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റിനെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും ശോഭാ സുരേന്ദ്രന്‍ സംസാരിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് വോട്ട് പിടിക്കാനായിരുന്നെങ്കില്‍ കേന്ദ്രത്തിന് ബജറ്റില്‍ നടപ്പാക്കാന്‍ കഴിയാത്ത പല വാഗ്ദാനങ്ങളും നല്‍കാമായിരുന്നു. എന്നാല്‍ ബജറ്റില്‍ പറയാത്ത പല കാര്യങ്ങളുമാണ് നരേന്ദ്ര മോദി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസന കാര്യങ്ങളില്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അത്യാവശ്യമാണെന്നും എല്ലാവരും ഒന്നിച്ച് നിന്ന് ഇത് നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. അതേസമയം, പി.പി. ദിവ്യ ബിജെപിയിലേക്ക് വരുന്നു എന്ന പ്രചാരണം ശരിയല്ലെന്നും, സിപിഎമ്മിന് അവരെ വേണ്ടാത്തതുകൊണ്ടാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























