ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്, ലൈസന്‍സ് ഇല്ലാതെ പിടികൂടിയാല്‍ 30 ദിനാര്‍ പിഴ

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്. നിലവില്‍ ലൈസന്‍സ് ഇല്ലാതെ പിടികൂടിയാല്‍ 30 ദിനാര്‍ പിഴശിക്ഷയാണ് ഉള്ളത്. തുച്ഛമായ പിഴ കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രയോജനപ്പെടുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു നാടുകടത്തല്‍ തീരുമാനം. നാടുകടത്തുന്നതിനുള്ള തീരുമാനം നേരത്തെ ഉള്ളതാണെങ്കിലും നടപ്പാക്കാതിരിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു.
കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉള്ളവര്‍, ലൈസന്‍സ് കണ്ടുകെട്ടപ്പെട്ടവര്‍ എന്നിവരുടെ കാര്യത്തില്‍ നാടുകടത്തല്‍ ഉണ്ടാകില്ല. നിയമപരമായ ലൈസന്‍സ് സമ്പാദിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മാത്രമാകും നാടുകടത്തല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതനിയമ ലംഘനത്തിനെതിരെ 2013ല്‍ നടത്തിയ കര്‍ശനമായ പരിശോധനയ്ക്കിടെ പിടികൂടിയ 503 വിദേശികളെ നാടുകടത്തിയിരുന്നു. സിഗ്നലിലെ ചുവന്ന വെളിച്ചം മറികടന്നവര്‍, സൂക്ഷ്മത കൂടാതെ വാഹനമോടിച്ചവര്‍, സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ചവര്‍ തുടങ്ങി നിയമസാധുതയുള്ള ലൈസന്‍സ് കൈവശം ഇല്ലാതിരുന്ന ചിലര്‍വരെ നാടുകടത്തപ്പെട്ടവരില്‍ ഉണ്ടായിരുന്നു.
ജിസിസി രാജ്യങ്ങളില്‍നിന്നുള്ള അഞ്ചുപേരും അന്ന് നാടുകടത്തലിനു വിധേയരായി. ഗതാഗതനിയമ ലംഘകര്‍ക്കെതിരെ അന്നു നടത്തിയ പരിശോധന സമൂഹത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. റോഡപകടങ്ങളും മറ്റും തടയുന്നതിനുള്ള നല്ല നടപടിയായി പലരും പ്രശംസിച്ചപ്പോള്‍ വിദേശികള്‍ക്കെതിരായ നീക്കമായും ചിത്രീകരിക്കപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha