സ്വപ്നങ്ങൾ ബാക്കിയായി ..തണുത്തുറഞ്ഞ് അവർ ..സ്വന്തം മണ്ണിൽ നിത്യ നിദ്ര സാധ്യമോ?

ഒരുപാട് സ്വപ്നങ്ങളുമായി പ്രവാസ ജീവിതം എന്ന മേലങ്കിയണിഞ്ഞ് ഒടുവിൽ ജീവിതഭാരവും അമിതാധ്വാനവും തളർത്തിയ ജീവിതങ്ങളാണ് ഗൾഫ് മലയാളികളുടേത് ..ഓടി ഓടി ഒടുവിൽ തളർന്നുവീണവരുടെ ജീവനറ്റ ശരീരങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി കാത്ത് സൗദി അറേബ്യയിലെ വിവിധ ആശുപത്രി മോർച്ചറികളിൽ മാസങ്ങളായി കിടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് യാത്രാവിലക്ക് നിലവിൽ വന്നതോടെ ചേതനയറ്റ ഉറ്റവരുടെ മൃതദേഹങ്ങൾ സ്വന്തം നാട്ടിലേക്കയക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രവാസികൾ.ഇങ്ങു ഏഴാം കടലിനിക്കരെ പ്രിയപെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന നിരവധി പേർ .എന്നാൽ ഇതെല്ലാം സാധ്യമാകണമെങ്കിൽ കേന്ദ്രം കനിയണം. കേന്ദ്ര സർക്കാറിന്റെ അനുമതിക്ക് വേണ്ടിയുള്ള കാത്തുകിടപ്പിലാണ് മൃതദേഹങ്ങൾ. സൗദിയിൽ മാത്രം 40ഓളം മൃതദേഹങ്ങൾ ഇങ്ങനെ കെട്ടിക്കിടക്കുന്നുണ്ട് എന്നാണു കണക്ക്. മറ്റ് ഗൾഫ് രാജ്യങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.
പൊതുവെ മൃതദേഹങ്ങൾ യാത്രാവിമാനങ്ങളിലാണ് നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി യാത്ര വിമാനങ്ങൾ നിലച്ചപ്പോൾ സാധാരണ യാത്രക്കാരെപ്പോലെതന്നെ ജീവനറ്റ ശരീരങ്ങൾക്കും അത് തിരിച്ചടിയായി. . ഇപ്പോൾ രാജ്യങ്ങൾക്കിടയിൽ വ്യോമയാത്രകൾ നടത്തുന്നത് കാർഗോ വിമാനങ്ങൾ മാത്രമാണ്. നിത്യോപയോഗ വസ്തുക്കൾ കൊണ്ടുവരാനുള്ള ഈ വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുപോകാനായിരുന്നു പ്രിയപ്പെട്ടവരുടെ ശ്രമം.. മൃതദേഹങ്ങൾ കൊണ്ടുപോകാൻ കാർഗോ വിമാന കമ്പനികൾ തയാറായി മുന്നോട്ട് വരുന്നുണ്ടെങ്കിലും അവർക്ക് മുന്നിലെ തടസ്സങ്ങൾ നിരവധിയാണ്. ഇരുരാജ്യങ്ങളിലെയും വ്യോമ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുക എന്നത് ഏറെ ദുഷ്കരമെന്നു ഈ മേഖലയിൽ സേവനം ചെയ്യുന്നവർ തുറന്നു പറയുന്നുണ്ട്. വ്യോമ ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയാണ് പ്രധാനം. ഇന്ത്യ ഒഴികെയുള്ള ചില രാജ്യങ്ങൾ അനുമതി നൽകുന്നുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും തമ്മിലുള്ള രാഷ്ട്രീയവും ചിലപ്പോഴെങ്കിലും തടസ്സമാകാറുണ്ട്.
കോവിഡിന് മുമ്പും ശേഷവുമായി പല കാരണങ്ങളാൽ മരിച്ച നിരവധി മൃതദേഹങ്ങൾ റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രി മോർച്ചറികളിൽ തണുത്തുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ എടുത്തുമാറ്റിയ നിയന്ത്രണങ്ങൾ ഈ തടസ്സത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ആയുഷ്കാലം മുഴുവൻ മുഴുവൻ പ്രവാസിയായി ജീവിച്ചു ഒടുവിൽ ആ സ്വപ്നങ്ങളെല്ലാം പൂവണിയുന്നതിനു മുൻപ് കൊഴിഞ്ഞു വീണവരുടെ ചേതനയറ്റ ശരീരങ്ങൾ ജനിച്ച മണ്ണിൽ അലിഞ്ഞുചേരാൻ അനുമതി കാത്ത് ഇങ്ങനെ കിടക്കുകയാണ്.
https://www.facebook.com/Malayalivartha