നാട്ടിലേക്കു വരാൻ ഒരുങ്ങുകയാണോ? ഇവ മറക്കരുതേ..

കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള അനിശ്ചിതത്വത്തിലാണ് എല്ലാവരുമുള്ളത്.എന്നാൽ നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പും നടക്കുണ്ട്. കേന്ദ്ര അനുമതി കിട്ടിയാലുടൻ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലാണ് നമ്മുടെ പ്രവാസികൾ .എന്നാൽ അടിയന്തരമായി നാട്ടിലേക്കു പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ നിങ്ങൾ തീർച്ച യാ യും ശ്രദ്ധിക്കണം .. ജോലി നഷ്ടപ്പെട്ടോ പ്രവാസ ജീവിതം അവസാനിപ്പിച്ചോ വീസ റദ്ദാക്കി പോകുന്നവരും ദീർഘകാല അവധിക്കു പോകുന്നവരും യാത്രയ്ക്കു മുൻപ് എടുക്കേണ്ട തയാറെടുപ്പുകൾഎന്തൊക്കെയാണ് എന്ന് നമുക്കൊന്നു നോക്കാം..
1. കോവിഡ് മുക്തമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രയ്ക്കു ഏറ്റവും അടുത്ത തീയതികളിൽ എടുത്തതായിരിക്കണം ഇത്.
2. ദീർഘകാല അവധിക്ക് പോകുന്നവരാണെങ്കിൽ കമ്പനിയുടെ ലെറ്റർഹെഡിൽ രേഖാമൂലമുള്ള അറിയിപ്പ് വാങ്ങിയിരിക്കണം. എത്ര നാളത്തെ ലീവാണ് അനുവദിച്ചിരിക്കുന്നതെന്നും തിരിച്ച് ജോലിയിൽ പ്രവേശിക്കേണ്ട തീയതിയും കത്തിൽ വ്യക്തമാക്കണം.
3. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടവരാണെങ്കിൽ ടെർമിനേഷൻ ലെറ്ററിന്റെ പകർപ്പ്, വീസ റദ്ദാക്കിയ രേഖ, പാസ്പോർട്ടിൽ വീസ റദ്ദാക്കിയ സീൽ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം.
4. വേതനവും സേവനാന്ത ആനുകൂല്യവും കിട്ടാനുണ്ടെങ്കിൽ കമ്പനി ലറ്റർഹെഡിൽ തന്നെ എഴുതിവാങ്ങണം. എത്ര തുക, എന്നു ലഭിക്കും എന്നീ വിവരങ്ങൾ നിർബന്ധം.
5. പോസ്റ്റ് ഡേറ്റഡ് ചെക്കാണ് തരുന്നതെങ്കിൽ കൃത്യമായ തുകയ്ക്കുള്ള ചെക്ക് സ്വന്തം പേരിൽ എഴുതി വാങ്ങണം.
6. യുഎഇയിലേക്കു തിരിച്ചുവരാൻ ആഗ്രഹമില്ലാത്തവരാണെങ്കിൽ ബന്ധുക്കളുടെയോ വിശ്വസ്തരുടെയോ പേരിൽ പവർ ഓഫ് അറ്റോർണി കൊടുക്കണം. ചെക്ക് ബാങ്കിൽ നിക്ഷേപിച്ച് പൈസ എടുക്കാനും ചെക്ക് മടങ്ങുകയാണെങ്കിൽ ബാങ്കിൽനിന്നു വാങ്ങാനും അഥവാ ചെക്ക് ബൗൺസായാൽ വക്കീലിനെ നിയമിച്ച് കേസ് കൊടുക്കാനുമുള്ള അധികാരം ഈ പവർ ഓഫ് അറ്റോർണിയിൽ ഉണ്ടാകണം. തിരിച്ചുവരുമെന്ന് ഉറപ്പുള്ളവർക്ക് ചെക്കുമായി പോകാം. നിശ്ചിത സമയത്തിനകം പണം ലഭിച്ചില്ലെങ്കിൽ കേസ് കൊടുക്കാം.
ബാങ്കിൽനിന്ന് വായ്പ, ക്രെഡിറ്റ് കാർഡ് ഉൾപെടെയുള്ള ബാധ്യത അവസാനിപ്പിച്ചാണ് പോകുന്നതെങ്കിൽ ബാധ്യത തീർത്ത സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണം. ഇങ്ങനെ ചെയ്യാത്ത ചിലർക്ക് പിന്നീട് പ്രയാസം നേരിട്ട അനുഭവമുണ്ടെന്ന് ഓർക്കുക.
സ്വന്തം പേരിലുള്ള വാഹനം വിൽക്കുകയാണെങ്കിൽ പുതിയ ആളിന്റെ പേരിൽ ഉടമസ്ഥാവകാശം കൈമാറിയിട്ടേ പോകാവൂ. ഇനി വാഹനം ഇവിടെ വച്ചിട്ടാണ് പോകുന്നതെങ്കിൽ വിശ്വസ്തരെ മാത്രമേ ഏൽപിക്കാവൂ. അല്ലാത്തവർക്ക് വാഹനം കൊടുത്താലുണ്ടാകുന്ന ബാധ്യത സ്വയം ഏൽക്കേണ്ടിവരുമെന്ന് ഓർക്കണം. ജല,വൈദ്യുതി, ഫോൺ ബിൽ കുടിശിക തീർത്ത് ഫയൽ റദ്ദാക്കണം.
തിരിച്ചുവരാത്തവർ കെട്ടിട കരാർ കാലാവധി ശേഷിക്കുന്നില്ലെങ്കിലും ടെനൻസി കോൺട്രാക്ട് റദ്ദാക്കണം. ഇതു ചെയ്തില്ലെങ്കിൽ വ്യക്തിക്കെതിരെ കേസു കൊടുക്കാൻ കെട്ടിട ഉടമയ്ക്കു സാധിക്കും. വർഷങ്ങൾ കഴിഞ്ഞാലും കേസ് നിലനിൽക്കുമെന്നിരിക്കെ ഏതെങ്കിലും കാരണവശാൽ യുഎഇയിലേക്കു വരേണ്ടിവന്നാൽ പുറത്തിറങ്ങാൻ പ്രയാസമാകും
നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ് എന്നിവയുണ്ടെങ്കിൽ കരുതുക.
∙ നോർക്കയുടെ ആനുകൂല്യത്തിന് ടെർമിനേഷൻ ലറ്റർ ഉൾപെടെയുള്ള രേഖകൾ വേണ്ടിവന്നേക്കാം.
∙ യോഗ്യതാ സർട്ടിഫിക്കറ്റും ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യമുണ്ടെങ്കിൽ അതിന്റെ തൊഴിൽ പരിചയ സാക്ഷ്യപത്രവും കരുതണം.
∙ ജോലി നഷ്ടപ്പെട്ടവർക്ക് നാട്ടിൽ എന്തെങ്കിലും ആനുകൂല്യം ലഭിക്കാൻ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഉപകരിക്കും.
കോവിഡ് കാലമാണ്. തിരക്കുപിടിച്ച് ഒരുക്കങ്ങൾ നടത്തരുത്..യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ ഈ കാര്യങ്ങളൊക്കെ മറക്കാതെ ചെയ്തുതീർക്കുക.
https://www.facebook.com/Malayalivartha