'പ്രവാസം പ്രയാസമാണെന്ന് ഓരോ യാത്രകളും കോളുകളും പറയുമ്പോഴും അവിടെ ചെന്നപ്പോൾ പ്രത്യക്ഷത്തിൽ കണ്ടത് അവിടത്തെ നിറവായിരുന്നു, സ്വാതന്ത്രമായിരുന്നു....'; പ്രവാസികളുടെ ആശങ്കയും കരുതൽ നൽകുന്ന പ്രവാസലോകത്തെപ്പറ്റി പങ്കുവച്ചും ഡോ.ഷിംന അസീസ്

പ്രതീക്ഷകൾ പകരുന്ന പ്രവാസലോകത്തെക്കുറിച്ച് ഓരോ പ്രവാസികൾക്കും പറയാനുള്ളത് പ്രാരബ്‌ധങ്ങൾ ഉള്ളിലൊതുക്കിയുള്ള പ്രതീക്ഷകളാണ്. അത്തരം ഒരു കുറിപ്പാണ് ഡോ. ഷിംന അസീസ് പറയുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കുഞ്ഞിലേ വിമാനത്താവളവും വിമാനവും വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് മാനത്തേക്ക് പറന്നുയരുന്ന ആ വാഹനത്തോളം എനിക്കിഷ്‌ടമില്ലാത്ത ഒരു വാഹനവുമില്ല. ആ പേടകത്തിനകത്ത് കയറിയാൽ കത്തി തിരുകുന്ന പോലെ ചെവി വേദനിക്കുന്നതും തല വേദനിക്കുന്നതും മാത്രമല്ല കാരണം. നാട് വിടുന്നവരുടെ മ്ലാന മുഖങ്ങൾ എയർപോർട്ട് തൊട്ട് അങ്ങ് വരെ കാണണം. മൂകത, ഔപചാരികത, ചിലവ്, ആത്മാവില്ലാത്ത ചിരികളും. നിർജീവമായ ആകാശയാത്രകൾ.
കഴിഞ്ഞ വർഷം ആദ്യമായി യുഎഇ കാണാൻ പോയപ്പോൾ കുഞ്ഞുമക്കളെ കൊണ്ട് നടക്കുന്ന പോലെ ശ്യാമേട്ടനും കുടുംബവും കൊണ്ടു നടന്നു. അവിടത്തെ സാധാരണക്കാരന്റെ ജീവിതം വല്ലാതെയൊന്നും എക്‌സ്‌പ്ലോർ ചെയ്യാൻ അവരുടെ കരുതൽ ചിറകിനകത്ത് നിന്ന് കൊണ്ട് പറ്റിയിട്ടില്ല.
പിന്നീട് അങ്ങേയറ്റം ആഡംബരം നിറഞ്ഞ സിംഗപ്പൂരിൽ ഒറ്റക്ക് പോയപ്പോൾ പ്രാരാബ്‌ധം പറയുന്ന സാധാരണക്കാരനെ അതിശയത്തോടെ കേട്ടിരുന്നിട്ടുണ്ട്. ചൈനക്കാരനായ ടാക്‌സി ഡ്രൈവർ, ഹാൾട്ടർ സ്‌ട്രീറ്റിൽ ചിരിയോടെ ഭക്ഷണം വിളമ്പുമ്പോഴും ഭാഷയറിയാത്ത നെടുവീർപ്പിനോട് ചിരിച്ച എനിക്ക് അര സെക്കന്റ് കൊണ്ട് ജീവിതം പറിച്ച് കാണിക്കുന്ന ഒരു ക്വിന്റൽ ഭാരമുള്ള ചിരി തന്ന ആ മലയൻ വൃദ്ധ... വില കുറഞ്ഞ റബ്ബർ ചെരുപ്പിട്ട് തോളിൽ ഭീമൻ ടൂൾസെറ്റും മേക്കപ്പില്ലാത്ത, വെയിലേറ്റ് ചുവന്ന മുഖവുമായി ബസ് കാത്ത് നിന്ന ആ ചെറുപ്പക്കാരി. കുറച്ച് പേർ തലയുയർത്തി ജീവിക്കുന്നത് ഇങ്ങനെ കുറേ പേർ നിലമൊരുക്കുന്നത് കൊണ്ടാണ്. പിടയ്‌ക്കുന്ന സിംഗപ്പൂരിനെയും ചലിപ്പിക്കുന്നവരോട് സംസാരിക്കാനായ ഇത്തിരി നേരം വലിയ പാഠങ്ങൾ തന്നിട്ടുണ്ട്.
പ്രവാസം പ്രയാസമാണെന്ന് ഓരോ യാത്രകളും കോളുകളും പറയുമ്പോഴും അവിടെ ചെന്നപ്പോൾ പ്രത്യക്ഷത്തിൽ കണ്ടത് അവിടത്തെ നിറവായിരുന്നു, സ്വാതന്ത്രമായിരുന്നു. അവരുടെ സംസാരങ്ങളിലെല്ലാം "വേറെ നാടല്ലേ?" മുഴച്ച് നിന്നപ്പോഴും എനിക്കൊന്നും മനസ്സിലായില്ല.
അന്നം കൊടുക്കുന്ന നാടെന്ന് സ്‌നേഹത്തോടെ, അഭിമാനത്തോടെ അവർ ഓരോരുത്തരും പറയുമ്പോഴും എവിടെയോ ഒരു അപൂർണത ! മറുപുറം പലപ്പോഴും അതാവാം. എന്നാലും അവരെ കാണുമ്പോൾ എന്തൊരു സംതൃപ്തമായ മുഖങ്ങളാണ്, എന്തൊരു ഇഷ്‌ടത്തോടെയാണവർ നമ്മളെ സ്വീകരിച്ചതും സൽക്കരിച്ചതും... എത്ര ആവേശത്തോടെയാണ് വിശേഷങ്ങൾ പറഞ്ഞത്... വല്ലാത്ത മനുഷ്യർ !
ഇന്നറിയാം, വിളിക്കുന്നവരിൽ പലരുടെയും ആധിയും നിസ്സഹായതയും. അവരിൽ സമൂഹത്തിൽ ഏറ്റവും ഉന്നതിയിൽ ഉള്ളവർ മുതൽ പന്ത്രണ്ടും ഇരുപതും പേർ ഒന്നിച്ച് ഒരു മുറിയിൽ പാർക്കുന്ന ലേബർ ക്യാമ്പിലുള്ളവർ പോലുമുണ്ട്. അവരയച്ച് തന്ന മുറികളുടെ ചിത്രങ്ങൾ കണ്ട് കരൾ പിളർന്നിട്ടുണ്ട്. ഇത്രയും കാലം നെഞ്ചിലെ നോവും വേവും മറച്ച് മൂടി വെച്ച് ചിരിച്ചിരുന്നവരിൽ ഏറെ പേർ വന്ന് ഉള്ള് തുറക്കുന്നു.
രോഗികൾ, ടെസ്‌റ്റ് ചെയ്യാൻ സാധിക്കാതെ പോയ കുറേ പേർ, പോസിറ്റീവ് കേസിനൊപ്പം ജീവിക്കുന്നവർ, ജോലിക്ക് പോകാൻ നിർബന്ധിതരായവർ... പിന്നെയും ആരൊക്കെയോ...
ഇന്നലെ രാത്രി വിളിച്ച മനുഷ്യന് വിശക്കുന്നുണ്ടായിരുന്നു, വല്ലാതെ പല്ലും തലയും വേദനിക്കുന്നുണ്ടായിരുന്നു. വിവരമറിയിച്ചയുടൻ അദ്ദേഹത്തിന് ഭക്ഷണവും മരുന്നും നോർക്കയുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന യുഎഇയിലെ സുഹൃത്തുക്കൾ എത്തിച്ചത് അര മണിക്കൂർ കൊണ്ടാണ്. മരുന്ന് കിട്ടാൻ ഏറെ ബുദ്ധിമുട്ടിയ കുവൈത്തിലെ രോഗിക്ക് ഇവിടെ നിന്ന് കയറ്റി വിട്ട മരുന്ന് കെഎംസിസി ഭാരവാഹികൾ എത്തിച്ചതും ഇന്നലെ തന്നെ. എണ്ണമറ്റ വ്യക്‌തികളും സംഘടനകളും ഇതേ രോഗിക്ക് മരുന്ന് കിട്ടാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നതിനും സാക്ഷിയായി. പല പേരിട്ട് വിളിക്കുന്ന ഇടങ്ങൾ, ആളുകൾ വേദനിക്കുന്ന മനുഷ്യന് വേണ്ടി ഒന്നിക്കുന്നു. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടതെന്നറിയില്ല. ആ ഒരു വാക്കിൽ കെട്ടിയിട്ടാൽ അവർ ചെയ്യുന്ന നിസ്വാർത്ഥ സേവനത്തിന് പകരവുമാകില്ല.
യുഎഇയിലെ കൂട്ടുകാർ കൊണ്ട് വന്ന ഭക്ഷണം സ്വീകരിച്ച് മാസങ്ങളായി ജോലിയില്ലാത്ത ആ മനുഷ്യൻ വോയ്‌സ് മെസേജ് അയച്ചത് "ഇന്ന് വരെ ആരിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല, പക്ഷേ,ഞങ്ങൾ ഒന്നും കഴിക്കാൻ ഇല്ലാഞ്ഞിട്ട് അപ്പുറത്തെ വളപ്പിൽ നിന്ന് മുരിങ്ങ പൊട്ടിച്ചാണ് ഇന്ന് കൂട്ടാനാക്കിയത്, അത് കൊണ്ടാണ് തന്ന പൈസയും മരുന്നും ഭക്ഷണവും വാങ്ങിയത്-" അയാൾ കരയുകയായിരുന്നു. അത് കേട്ട് കൂടെ പൊട്ടിക്കരഞ്ഞു ഞങ്ങളോരോരുത്തരും.
ഇന്നെന്റെ പിറന്നാളാണ്. അരുത്, എനിക്ക് ആശംസകളോ പ്രശംസയോ വേണ്ടേ വേണ്ട. അതിനായി എഴുതിയിട്ടതുമല്ല. ചിലത് പറയാതിരുന്നാലും ലോകമറിയാതെ സത്യങ്ങൾ ഉടഞ്ഞ് പോകുമെന്ന് ഭയന്നിട്ടാണ്. അത്രക്കും ജീവിതങ്ങളാണ് ചുറ്റും ചുരുൾ നിവർന്ന് ജീവനുള്ള കഥാപുസ്‌തകങ്ങളായി കണ്ണിലേക്കുറ്റ് നോക്കുന്നത്.
ഇക്കുറി കോവിഡ് കാലത്തായതിനാൽ കേക്ക് മുറിക്കാനും പായസം വെക്കാനും കുടുംബമില്ല കൂടെ, കൂട്ടുകാരില്ല, ആരുമില്ല.
പക്ഷേ, ആയുസ്സിൽ ഏറ്റവും വില പിടിപ്പുള്ള സമ്മാനവുമായാണ് ഇക്കുറി എന്റെ ബർത്ത്‌ഡേ കടന്ന് വന്നിരിക്കുന്നത്. വിശന്ന മനുഷ്യന്റെ വിശപ്പ് മാറിയ പ്രാർത്‌ഥന. അത് നേടിത്തന്നത് എന്റെ പ്രവാസിസുഹൃത്തുക്കളാണ്. അതിനൊരു നിമിത്തമാകാൻ കഴിഞ്ഞ നിറഞ്ഞ മനസ്സോടെയാണ് ഈ ദിവസം മുന്നോട്ട് നീങ്ങുന്നത്. എന്തോരം മനുഷ്വതമാണ് ഭൂഗോളത്തിന് മേലാകെ വാരി വിതറിയിരിക്കുന്നത്.
ഉച്ചക്ക് രണ്ടിന് ഡ്യൂട്ടിക്ക് കയറണം, ഇവിടെ എല്ലാം പതിവ് പോലെ. ഇന്നാട്ടിലും അന്നാട്ടിലും എന്നാട്ടിലും കോവിഡ് രോഗമാണ്. ഇതെല്ലാം ഒന്നൊതുങ്ങട്ടെ. വില പിടിപ്പുള്ള പെർഫ്യൂം മണക്കാത്ത, പൊലിമയും പൊങ്ങച്ചവും പോരിശയും മാറ്റി വെച്ച് ചങ്കിൽ ജീവനുള്ള നാടുകളുടെ കഥകൾ ഒഴിഞ്ഞിരുന്ന് കേൾക്കണം. ഇന്നലെ യുകെയിൽ നിന്ന് വിളിച്ച കോവിഡ് പോസിറ്റീവായ നേഴ്‌സ് ചേച്ചിയും പറഞ്ഞത് അവർക്ക് അനുഭവങ്ങളേറെ പറയാനുണ്ടെന്ന് തന്നെയാണ്. ആ തെളിവാർന്ന കാലത്തിനായി കാത്തിരിക്കുന്നു.
അതിന് മുന്നേ ഈ കരിനിഴൽ പൊഴിഞ്ഞ് പോയി മതിയാവോളം മക്കളെയൊന്ന് കെട്ടിപ്പിടിക്കണം, ഉമ്മ കൊണ്ട് പൊതിയണം. അത് വരേക്കുമുള്ള ധൈര്യം സംഭരിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെ പോയേ മതിയാകൂ.
എന്നാണെന്നറിയില്ല.
പക്ഷേ, അന്നാൾ വരും.
നമ്മളോരോരുത്തരും കരുതണം, അതിനായി ശ്രമിക്കണം. ശരീരം കൊണ്ടകലണം, കൈ കഴുകണം, മാസ്‌ക് വേണം, പ്രായോഗികബുദ്ധിയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.
ഇതും കടന്ന് പോകും, പോകണം.
സസ്‌നേഹം,
ഷിംന
https://www.facebook.com/Malayalivartha