ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും... ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി

ദുബായില്‍ മരിച്ച വ്യവസായ പ്രമുഖന്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു. സംസ്‌കാരം ജന്‍മനാടായ വയനാട്ടില്‍ ആയിരിക്കും.വിമാനസര്‍വീസുകള്‍ക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്. മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിയ്ക്കാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ശ്രമങ്ങള്‍ നടന്നിരുന്നു .
ദുബായില്‍ പെട്രോളിയം റിഫൈനറി ഉടമയും നിരവധി ചരക്കു കപ്പലുകളുടെ ഉടമയുമായ വയനാട് സ്വദേശി ജോയ് അറക്കല്‍ (54) ലാണ് കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചത്. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്..എന്നാല്‍ കോവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജോയിയുടെ മൃതദേഹംനാട്ടിലെത്താന്‍ വൈകുമെന്നാണ് സൂചന ഉണ്ടായിരുന്നു . . ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കണമെന്ന പ്രാര്‍ഥനയോടെ പിതാവ് ഉലഹന്നാനും അറയ്ക്കല്‍ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. പെട്രോ കെമിക്കല്‍ രംഗത്തും വാര്‍ത്താവിനിമയ രംഗത്തും ഇരുപതോളം കമ്പനികളുടെ ഉടമയാണ് അന്തരിച്ച ജോയ് അറയ്ക്കല്‍. ജിസിസി ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ കമ്പനികള്‍ ഉണ്ടായിരുന്നു. ജഫ്‌സ്, ഹംറിയ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വമ്പന്‍ കമ്പനികളും പദ്ധതികളും ഉണ്ടായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ റിഫൈനറി പദ്ധതികളൊന്നിന്റെ നിര്‍മാണം പുരോഗമിക്കുമ്പോഴാണ് മരണം. ടെലിഫോണ്‍ സേവനദാതാക്കളായ ഇത്തിസലാത്തിന്റെ പല കരാറുകളും നടത്തുന്നത് അദ്ദേഹത്തിന്റെ സ്ഥാപനമായ ബില്‍ഡ് മാക്‌സായിരുന്നു.
മരിച്ചതിന്റെ തലേ ദിവസം ഉച്ചയ്ക്ക് 12ന് അദ്ദേഹത്തിന്റെ ഇന്നോവ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബിസിനസ് ബേയിലെ കമ്പനിയില്‍ ഏതാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കാണാന്‍ കാത്തിരുന്ന തങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത് മരണ വാര്‍ത്തയാണെന്ന് ഓഫീസ് സെക്രട്ടറി റീബ പറഞ്ഞു. സൗമ്യമായി ജീവനക്കാരോടു പെരുമാറുന്ന, താഴേത്തട്ടിലുള്ള ജീവനക്കാരുടെ വീട്ടാവശ്യങ്ങള്‍ വരെ അറിഞ്ഞു ചെയ്തിരുന്ന വ്യക്തിയെ മറ്റെങ്ങും കണ്ടിട്ടില്ലെന്ന് കമ്പനിയുടെ എച്ച് ആര്‍ എജിഎം ജിജി ജോര്‍ജ് പുരയിടം പറഞ്ഞു. 1997ല്‍ ദുബായില്‍ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലിക്ക് കയറി പ്രവാസ ജീവിതം ആരംഭിച്ച ജോയ് പെട്രോ കെമിക്കല്‍ മേഖലയിലേക്ക് മാറിയതോടെയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്.
യുകെയില്‍ പഠിക്കുന്ന മകന്‍ അരുണിനൊപ്പം ഓഫിസിലേക്ക് പോകാനിറങ്ങിയ ജോയി ആ യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങി. ജീവകാരുണ്യ രംഗത്തും സജീവമായിരുന്ന ജോയ് കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. വയനാട് വെന്റിലേറ്ററുകള്‍ കുറവായതിനാല്‍ അക്കാര്യത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടില്‍ നിന്ന് അധികൃതര്‍ ബന്ധപ്പെട്ടിരുന്നെന്നും ഇക്കാര്യം രണ്ടാഴ്ച മുമ്പ് ജോയിയോട് സംസാരിച്ചിരുന്നതായും വയനാട് സ്വദേശികൂടിയായ ഇസിഎച്ച്(എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്) സെയില്‍സ് ഡയറക്ടര്‍ ഫാരിസ് ഫൈസല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha