ആടിനെ വിറ്റ് പണം കോവിഡ് ദുരിതാശ്വാസത്തിന് നൽകിയ‘സുബൈദാന് ആദാമിന്റെചായക്കടേന്ന് 5 ആടുകൾ...

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ കേരളം മറന്നു കാണില്ല . ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ 5510 രൂപ നാടിന്റെ കരുതലിനായി സുബൈദ നല്‍കിയിരുന്നു . മുഖ്യമന്ത്രിയുടെ പ്രശംസക്ക് പിന്നാലെ നിലക്കാത്ത അനുമോദന പ്രവാഹമാണ് ഈ ഉമ്മയെ തേടിയെത്തികൊണ്ടിരിക്കുന്നത്.അതോടൊപ്പം തന്നെ ആ അമ്മയെ തേടിയെത്തിയ നന്മനിറഞ്ഞ മറ്റൊരു സമ്മാനവുമുണ്ട്. ദാനം ചെയ്ത ആടുകൾക്ക് പകരം അഞ്ച് ആടുകൾ.
സുബൈദ എന്ന നന്മനിറഞ്ഞ അമ്മയ്ക്ക് ദുബായിലെ ആദാമിന്റെ ചായക്കട ഉടമ അനീസ് ആദം അഞ്ച് ആടുകളെയാണ് സമ്മാനിച്ചത് എന്ന നല്ലൊരു വാർത്തയാണ് ഇന്ന് നമ്മളെ തേടിയെത്തുന്നത്. . നൻമയുടെ കഥ ദുനിയാവില് മുഴുവൻ പരന്നപ്പൊൾ അത് തന്റെ ഖൽബിനെയും ആഴത്തിൽ തൊട്ടതുകൊണ്ടാണ് ആടുകൾ സമ്മാനിച്ചതെന്ന് അനീസ് പറയുന്നു .
ദുബായിക്ക് പുറമേ കോഴിക്കോട്ടും കോട്ടയത്തും ആദാമിന്റെ ചായക്കടയുണ്ട്. അവിടങ്ങളിലായി മുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. അവർക്ക് വേതനം കൊടുക്കുന്നതും മറ്റു ചെലവുകളുമായി വലിയ പ്രതിസന്ധി നേരിടുന്ന സമയമായത് കൊണ്ട് തന്നെ ഒരു ചെറിയ ചായക്കട നടത്തി ജീവിക്കുന്ന സുബൈദയുടെ അവസ്ഥ മറ്റാരേക്കാളും മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും അനീസ് പറയുന്നു. ഈയൊരവസരത്തിൽ ഇത്ര വിശാലമായി ചിന്തിക്കുന്ന സുബൈദയുടെ ആ വലിയ മനസ്സിനുള്ള അംഗീകാരമായി അനീസും പാർട്ണർമാരും ചേർന്ന് രണ്ടിന് പകരം അഞ്ച് ആടുകളെ നൽകാൻ തീരുമാനിക്കാൻ ഏറെ ആലോചിക്കേണ്ടി വന്നില്ല.
ലോക് ഡൗൺ കാരണം വിചാരിച്ച വേഗത്തിൽ അതിന് സാധിച്ചില്ലെങ്കിലും കൊല്ലം കളക്ടറുടെ സഹകരണത്തോടെ എത്രയും പെട്ടന്ന് തന്നെ ആടുകളെ ആ ഉമ്മയ്ക്ക് കൈമാറുമെന്നും പറ്റുമെങ്കിൽ വിറ്റ ആടുകളെ തിരികെ നൽകുമെന്നും അനീസ് ആദം പറയുന്നു. രണ്ട് ആടുകളെ വിറ്റ തുകയിൽ നിന്ന് വാടക കുടിശ്ശികയും വൈദ്യുതി കുടിശികയും കഴിഞ്ഞ് 5510 രൂപയാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പ്രത്യേകം
അഭിനന്ദിച്ചതുൾപ്പെടെ ഒട്ടേറെ പേരുടെ അഭിനന്ദനങ്ങൾ സുബൈദയെ തേടി എത്തിയിരുന്നു.
നല്ല മൊഹബത്തുള്ള സുലൈമാനി കുടിക്കുന്ന അനുഭവമാണ് ചില നൻമ നിറഞ്ഞ കഥകൾ നൽകുകയെന്ന് അനീസ് കൂട്ടിച്ചേർക്കുന്നു.
രണ്ട് ചായക്കടക്കാരാണ് ഈ കഥയിലെ നായകർ..ഹൃദയം നിറഞ്ഞ നൻമയുടെ കഥയാണ് നമുക്കു ചുറ്റുമുള്ളതും. സഹജീവി സ്നേഹവും കരുണയും മാനുഷിക മൂല്യങ്ങളും ഒരാളെ കൊണ്ട്ഇല്ലായ്മയിലും മറ്റുള്ളവർക് താങ്ങാവാൻ പ്രേരിപ്പിച്ചപ്പോൾ ,മറ്റൊരാൾ തന്റെ പ്രതിസന്ധിയിലും ആ നന്മയെ ചേർത്തുപിടിച്ചിരിക്കുന്നു.
ആടുകളെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുബൈദയെ എംഎൽഎയും നടനുമായ മുകേഷും വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു . വീട്ടിലെത്തി അവരെ കണ്ട മുകേഷ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പും വലിയ ശ്രദ്ധേ നേടി.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഭര്‍ത്താവിനൊപ്പം വാടകവീട്ടിലാണ് സുബൈദയുടെ താമസം. ബാങ്ക് നിക്ഷേപമോ മറ്റ് സമ്പാദ്യങ്ങളോ ഇല്ല. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപത്ത് ചായക്കട നടത്തിയായിരുന്നു ഉപജീവനം. ലോക്ക്ഡൌണിന് പിന്നാലെ ഇതും നിലച്ചു.
എങ്കിലും നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി നാട്ടുകാരൊക്കെ കഴിയുന്ന സഹായങ്ങള്‍ ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒന്നും ചെയ്യാതിരിക്കുക? കൊച്ചുകുഞ്ഞുങ്ങള്‍ വിഷുക്കൈനീട്ടം കിട്ടിയ തുകയൊക്കെ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ നമ്മളൊന്നും ചെയ്തില്ലല്ലോ എന്ന് സങ്കടം വന്നു. അങ്ങനെയാണ് ഓമനിച്ചു വളര്‍ത്തിയ ആട്ടിന്‍കുട്ടികളെ വിറ്റ പൈസയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതെന്ന് സുബൈദ പറഞ്ഞു.
ആടിനെ വിറ്റുകിട്ടിയ 12000 രൂപയില്‍ 5000 രൂപ വാടക കുടിശ്ശിക നല്‍കി. 2000 രൂപ വൈദ്യുതി കുടിശ്ശികയും തീര്‍ത്തു. ബാക്കിയുണ്ടായിരുന്ന പണത്തിനൊപ്പം റമദാന്‍ മാസത്തില്‍ ബന്ധു നല്‍കിയ 500 രൂപയും ചേര്‍ത്താണ് സുബൈദയുമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha