പതിനെട്ടാകാന്‍ കാത്തിരിക്കേണ്ട....വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി അപേക്ഷിക്കാന്‍ ഇനി 18 വയസ് പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ട, മുന്‍കൂറായി 17 കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം

പതിനെട്ടാകാന്‍ കാത്തിരിക്കേണ്ട....വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി അപേക്ഷിക്കാന്‍ ഇനി 18 വയസ് പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ട, മുന്‍കൂറായി 17 കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
വര്‍ഷത്തില്‍ നാലുതവണ വോട്ടര്‍പ്പട്ടിക പുതുക്കാനുള്ള നിയമ ഭേദഗതിയുടെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2023 മുതല്‍ പ്രാബല്യത്തിലാകും.
ജനുവരിയില്‍ പട്ടിക പുതുക്കുമ്പോള്‍ തൊട്ടു മുന്‍വര്‍ഷത്തെ അവസാന പാദത്തില്‍ 18 തികഞ്ഞവരെ മാത്രമാണ് നിലവില്‍ പരിഗണിച്ചു പോന്നത്. വര്‍ഷത്തില്‍ ജനുവരി ഒന്നിനു മാത്രമാണ് പട്ടിക പുതുക്കിയിരുന്നത്. അതുമാറ്റി ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് ഘട്ടങ്ങളില്‍ കൂടി പുതുക്കും. ഇതിനിടയില്‍ 17 തികഞ്ഞവര്‍ക്കും പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം.
പതിനെട്ടു തികയുന്ന മുറയ്ക്ക് പട്ടികയില്‍ പേരുവരും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കേന്ദ്ര കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
വര്‍ഷത്തില്‍ നാലു തവണ ചേര്‍ക്കുന്ന പേരുകള്‍ ഉള്‍പ്പെടുത്തി പുതുക്കുന്ന അന്തിമ വോട്ടര്‍പ്പട്ടിക ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25ന് മുമ്പ് തയ്യാറാക്കും. പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വോട്ടര്‍ ദിനത്തിലെ പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും.
വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും തട്ടിപ്പും തടയാനായി വോട്ടര്‍ ഐഡി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടി ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കും. പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ ആധികാരികമാണോ എന്നുറപ്പിക്കാനാണിത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക ഫോറം 6-ബി തയ്യാറാക്കി. എന്നാല്‍, ആധാര്‍ നമ്പര്‍ നല്‍കാത്തതിന്റെ പേരില്‍ പേരു ചേര്‍ക്കാതിരിക്കില്ല, നിലവിലുള്ള പേരുകള്‍ നീക്കം ചെയ്യില്ല. താത്പര്യമുള്ളവര്‍ മാത്രം ആധാര്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. ആധാര്‍ നമ്പര്‍ ഒഴിവാക്കി വേണം പൊതുഇടങ്ങളില്‍ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കാനെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
നിലവിലെ വോട്ടര്‍പ്പട്ടികയിലുള്ള ഫോട്ടോ, വിലാസം ഇരട്ടിപ്പ്, മറ്റ് പിശകുകള്‍ എന്നിവ തിരുത്താനുള്ള നടപടിക്ക് നവംബറില്‍ തുടക്കമാകും. ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടര്‍ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തേത് നിലനിറുത്തി ബാക്കിയുള്ളവ ഒഴിവാക്കും .
ഒരു പ്രദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളും അയല്‍ക്കാരും ഒരു പോളിംഗ് ബൂത്തില്‍ വരത്തക്കവിധം ക്രമീകരിക്കും. ലളിതമാക്കിയ രജിസ്‌ട്രേഷന്‍ ഫോമുകള്‍ ആഗസ്റ്റ് ഒന്നുമുതല്‍ ലഭ്യമാകും.
"
https://www.facebook.com/Malayalivartha