ഉംറ തീര്‍ഥാടകരടക്കമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഹറമിലേക്കും മദീനയിലെ പള്ളിയിലേക്കും ഒഴുകിയെത്തി...

റംസാനിലെ 27-ാം രാവില്‍ മക്കയിലെ ഹറമിലേക്കും മദീനയിലെ പള്ളിയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരടക്കമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഒഴുകിയെത്തി. വിശ്വാസികള്‍ തറാവീഹ്, തഹജ്ജുദ് പ്രാര്‍ത്ഥനകള്‍ നടത്തി. ബുധനാഴ്ച രാത്രിയില്‍ മക്കയിലെ ഹറമില്‍ 4.2 ദശലക്ഷത്തിലധികം വിശ്വാസികളാണ് എത്തിയതെന്നാണ് സൗദി അറേബ്യയുടെ ഔദ്യോഗീക ചാനലായ അല്‍-ഇഖ്ബരിയ ഹറം സിഇഒ എഞ്ചിനീയര്‍ ഖാസി അല്‍ സഹ്റാനിയെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ട് ലക്ഷം ഉംറ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.
പ്രഭാതത്തിലെ സുബ്ഹ് നമസ്‌കാരത്തില്‍ 703000, ഉച്ചക്കുള്ള ളുഹ്ര്‍ നമസ്‌കാരത്തില്‍ 614300, വൈകുന്നേരത്തെ അസര്‍ മനസ്‌കരാത്തില്‍ 643900, സന്ധ്യക്കുള്ള മഗ്രിബ്‌നു 740100, രാത്രിയിലെ ഇശാ നമസ്‌കാരത്തിന് 740100 എന്നിങ്ങളെയാണ് പള്ളിയില്‍ ഹാജരായ ആരാധകരുടെ ഏകദേശ കണക്ക്.
പള്ളിക്കകത്തു കിംഗ് അബ്ദുല്‍ അസീസ് ഗേറ്റുവഴി 282400, അല്‍ സലാം ഗേറ്റ് വഴി 33200, അല്‍ ഹുദൈദിയ ഗേറ്റ് വഴി 107800, അല്‍ ഉംറ ഗേറ്റ് വഴി 149100, കിംഗ് ഫഹദ് ഗേറ്റ് വഴി 199,700 {ഒരുലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരത്തി എഴുന്നൂറ് } വിശ്വാസികളും ഹറമിനകത്തു പ്രവേശിച്ചു. ഇത് കൂടാതെ ഹറമിന് മുറ്റത്തും നീണ്ടുകിടക്കുന്ന റോഡിലും വിശ്വാസികളുടെ നിര കാണാമായിരുന്നു. ഹറമിലെത്തുന്ന വിശ്വാസികള്‍ക്കായി ഒരുക്കിയ എല്ലാ സംവിധാനങ്ങളും വിജയകരമായിരുന്നുവെന്നും തടസ്സങ്ങളില്ലാതെ വിശ്വാസികള്‍ക്ക് ആരാധന നടത്തുവാനായെന്നും ഹറം കാര്യാലയം അറിയിച്ചു.
മണിക്കൂറില്‍ 107000 {ഒരു ലക്ഷത്തി ഏഴായിരം,} തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ മക്ക ഹറമിലെ മതാഫ് ബുധനാഴ്ച അധികൃതര്‍ ഒരുക്കിയിരുന്നു. ഹറമില്‍ തീര്‍ഥാടകര്‍ക്ക് തണുപ്പേകാന്‍ 90000 ടണ്‍ വരെ ശേഷിയുള്ള വൈദ്യുതി സ്രോതസ്സുകളാണ് പ്രവൃതിച്ചത്. 428 എസ്‌കലേറ്ററുകളും 28 ലിഫ്റ്റുകളും 1300 സ്പീക്കറുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഓഡിയോ സിസ്റ്റങ്ങളും അധികൃതര്‍ സജ്ജീകരിച്ചു. തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി മക്ക മേഖല ആരോഗ്യകാര്യ വകുപ്പ് ഹറമിന്റെ മുറ്റങ്ങളില്‍ മെഡിക്കല്‍ സെന്ററുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
ഇതിനിടെ സൗദിയിൽ ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാനുമായിരിക്കും സാധ്യതയെന്ന് സൗദി ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മജ്മഅ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളതാണ്. ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് 29 നാണ് സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നത്.
ഇത് ഏപ്രിൽ രണ്ടു വരെ നീളും. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതിനാൽ പ്രവാസികളുൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. അവധി ഏപ്രിൽ രണ്ടു വരെയാണെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി പ്രവാസികൾക്ക് ലഭിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. എന്നാൽ സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച് 28 മുതലാണ് ആരംഭിക്കുക. ശേഷം ഏപ്രിൽ മൂന്നിന് വ്യാപാരം പുനരാരംഭിക്കും.
https://www.facebook.com/Malayalivartha