മോട്ടോർവേ ദുരന്തം: മരിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ തുടങ്ങി

ബ്രിട്ടനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോർവേ ദുരന്തത്തിൽ മരിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ തുടങ്ങി. ഇന്ത്യൻ ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി.ഹരിദാസ്, അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് കോൺസ്റ്റബിൾ സൈമൺ നെൽസൺ, പൊലീസ് ചുമതലപ്പെടുത്തിയിട്ടുള്ള ഫാമിലി കോ-ഓർഡിനേറ്റർ, അപകടത്തിൽ മരിച്ചയാളുകൾ ജോലിചെയ്തിരുന്ന വിപ്രോ കമ്പനിയുടെ പ്രതിനിധി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കരാറെടുത്ത ഫ്യൂണറൽ സർവീസ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപകടം നടന്ന മിൽട്ടൺ കെയിൻസിൽ കൊറോണറുടെ സാന്നിധ്യത്തിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഇതുവരെയുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി. തുടർനടപടികൾ വേഗത്തിലാക്കി എത്രയുംവേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണു തീരുമാനം.
അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പലതും ഛിന്നഭിന്നമായ അവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെയോ വിരലടയാള പരിശോധനയിലൂടെയോ മാത്രമേ തിരിച്ചറിയൽ സാധ്യമാകൂ. ഡിഎൻഎ പരിശോധനയ്ക്കു കൂടുതൽ സമയമെടുക്കും. വിരലടയാള പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാലുടൻ മറ്റ് നടപടികൾ ഒഴിവാക്കി ‘ഔട്ട് ഓഫ് ഇംഗ്ളണ്ട് സർട്ടിഫിക്കറ്റ്’ നൽകാനാകുമെന്നാണു കൊറോണർ വിശദീകരിച്ചത്.
എന്നാൽ വാൻ ഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫിന്റെ മൃതദേഹം ആവശ്യമായ എല്ലാ പോസ്റ്റ്മോർട്ടം പരിശോധനകൾക്കും വിധേയമാക്കും. തുടർന്നുള്ള കേസുകൾക്കും മറ്റും ആവശ്യമായതിനാലാണിത്. മറ്റുള്ളവരുടെ മരണകാരണം മൾട്ടിപ്പിൾ ഇൻജുറിയായി കണക്കാക്കിയാകും സർട്ടിഫിക്കറ്റ് നൽകുക. ഇതെല്ലാം ഈയാഴ്ചതന്നെ പൂർത്തിയാക്കാനാണു തീരുമാനം. ഇതിനിടെ ഇന്ത്യൻ ഹൈക്കമ്മിഷനെ പ്രതിനിധീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഹരിദാസ്, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന അഞ്ചുവയസുള്ള പെൺകുട്ടിയുൾപ്പെടെ എല്ലാവരും അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
https://www.facebook.com/Malayalivartha