വാഹനം ഒട്ടകത്തിൽ ഇടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം സലാലയില്‍ ഖബറടക്കി

മസ്കത്ത്/സലാല: ജഅലാന്‍ ബനീ ബൂ അലിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് സലാലയില്‍ ഖബറടക്കി. സലാല ചൗക്കില്‍ ഡീലക്സ് ടെക്സ്റ്റൈല്‍സ് സ്ഥാപനം നടത്തുന്ന കണ്ണൂര്‍ കൂത്തുപറമ്ബ് കൈതേരി ചാലിക്കണ്ടി താഹിറിന്റെയും സീനത്തിന്റെയും മകള്‍ ഷഹാരിസ് (15) ആണ് തിങ്കളാഴ്ച രാത്രി ഏഴരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷഹാരിസ്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണതാണ് മരണകാരണം.
പിതാവ് ഒാടിച്ച വാഹനത്തില്‍ ഷഹാരിസും ഇളയ സഹോദരനും ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷയാനും ബന്ധുവായ യുവാവുമാണ് ഉണ്ടായിരുന്നത്.
വിവാഹിതയായ മൂത്തമകള്‍ ശാഫിയ മസ്കത്തില് വീടെടുത്ത് താമസം മാറുന്നതിന്റെ ഭാഗമായി കുടുംബം ശനിയാഴ്ചയാണ് മസ്കത്തിലെത്തിയത്. ഇവിടെനിന്ന് തിങ്കളാഴ്ച ബൂ അലിയിലുള്ള താഹിറിന്റെ സഹോദരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതാണ്. മാതാവും മൂത്ത സഹോദരിയും മസ്കത്തിലെ വീട്ടിലായിരുന്നു. ബൂ അലി ആശുപത്രിക്ക് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളില്‍ ഒന്നിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് ഒന്നിലധികം തവണ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹനം നിശ്ശേഷം തകര്‍ന്നു. ഒട്ടകത്തെ കണ്ട വെപ്രാളത്തില്‍ ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ കാലമര്ന്നതാകാം അപകടകാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ റോഡുമാര്‍ഗം സലാലയില്‍ എത്തിച്ച മൃതദേഹം കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും സഹപാഠികള്‍ അടക്കം വന്‍ ജനാവലിയാണ് എത്തിയത്.
https://www.facebook.com/Malayalivartha