വിദേശ വനിത ജീവനക്കാര്‍ക്ക് നല്‍കിവന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി

വിദേശ വനിത ജീവനക്കാര്‍ക്ക് നല്‍കിവന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായിട്ടാണ് വിദേശി വനിതാ ജീവനക്കാരുടെ മക്കള്‍ക്ക് ഇനി ആരോഗ്യമന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല. ഇപ്പോള്‍ കുട്ടികളുടെ വിസയുള്ളവര്‍ അത് ഭര്‍ത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്ന് മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പറയുന്നു.
സര്‍ക്കുലര്‍ ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ കുട്ടികളുടെ വിസ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലുളള ഭര്‍ത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഇനിമുതല്‍ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റുകള്‍, ടിക്കറ്റിനുള്ള നഷ്ടപരിഹാരം, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും മേയ് പത്താം തീയതിയിലുള്ള സര്‍ക്കുലറില്‍ പറയുന്നു.
മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ളവരെ വളരെയധികം ബാധിക്കും. ആരോഗ്യ മന്ത്രാലയത്തില്‍ ഫാമിലി സ്റ്റാറ്റസില്‍ ജോലി ചെയ്തിരുന്ന ദമ്പതിമാരില്‍ ഭര്‍ത്താക്കന്മാര്‍ക്ക് അടുത്തിടെ നടന്ന ടെര്‍മിനേഷനുകളില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ തിരിച്ചെത്തി സ്വകാര്യ മേഖലയിലും ഫ്രീ വിസയിലും മറ്റും ജോലി ചെയ്യുന്നുണ്ട്. വേറെ ജോലി ലഭിക്കാത്തതിനാല്‍ നാട്ടില്‍ തുടരുന്ന പുരുഷന്മാരുമുണ്ട്.
ഇവരുടെയെല്ലാം കുട്ടികള്‍ നിലവില്‍ സ്ത്രീകളുടെ വിസയില്‍ തന്നെയാണ് ഉള്ളത്. പുതിയ തീരുമാനപ്രകാരം ഇവരുടെ വിസ മാറ്റേണ്ടിവരും. ഇത് അധിക ബാധ്യതക്ക് വഴിയൊരുക്കും. ബാധ്യത മുന്‍ നിര്‍ത്തി പലരും കുട്ടികളെ നാട്ടിലേക്കയച്ചേക്കും.
ഇത് ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തെയും ബാധിക്കും. വിദേശി ജീവനക്കാര്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ അടുത്തിടെ മന്ത്രാലയം നടപ്പാക്കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























