മെല്‍ബണില്‍ ആയിരങ്ങള്‍ മലയാറ്റൂര്‍ മല കയറി

കഠിനമായ തണുപ്പും വീശിയടിച്ച കാറ്റും അവഗണിച്ചു കൊണ്ട് ആയിരങ്ങള്‍ മെല്‍ബണിലെ മലയാറ്റൂര്‍ മലകയറി. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ദുഃഖസ്മരണകള്‍ നിറഞ്ഞുനിന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ ബക്കസ്മാഷിലെ മരിയന്‍ സെന്റര്‍ ദേവാലയത്തില്‍ വച്ചു നടന്നു. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓസ്‌ട്രേലിയ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഫാ.പീറ്റര്‍ കാവുംപുറം സഹകാര്‍മ്മികനായിരുന്നു. മരിയന്‍ സെന്റര്‍ സെക്രട്ടറി പിതാവിനെ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഈശോയുടെ പീഡാനുഭവ വായന ഹൃദയസ്പര്‍ശിയായിരുന്നു.
ജീവിത യാത്രയിലെ തകര്‍ച്ചകളില്‍ ദൈവ തിരുമുഖം കാണാനും, എല്ലാം ദൈവത്തിന്റെ ദാനമാണെന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്നു കൊണ്ട് , നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ച യേശുവിനെ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു ജീവിതം നയിക്കാനും, തിരുക്കര്‍മ്മ മധ്യേ നല്കിയ സന്ദേശത്തില്‍ പിതാവ് ആഹ്വാനം ചെയ്തു.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ പ്രദക്ഷിണമായി മലയുടെ അടിവാരത്തുള്ള ഒന്നാം സ്ഥലത്തേക്ക് നീങ്ങി. തുടര്‍ന്ന് പിതാവിന്റെ നേതൃത്വത്തില്‍ ആഘോഷമായ കുരിശിന്റെ വഴി നടത്തി. പതിന്നാലു സ്ഥലങ്ങള്‍ക്കു ശേഷം മല മുകളില്‍ വച്ച് ജനങ്ങളെല്ലാവരും ക്രൂശിത രൂപം ചുംബിക്കുകയും കയ്പുനീര്‍ കുടിക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന കഞ്ഞി നേര്‍ച്ചയില്‍ ഏകദേശം നാലായിരത്തോളം പേര്‍ പങ്കെടുത്തു.
മെല്‍ബണിലെ സീറോ മലബാര്‍ മക്കളുടെ ഏറ്റവും വലിയ ഒത്തുചേരലായ ദുഃഖ വെള്ളിയാഴ്ചയിലെ കേരള തനിമയിലുള്ള ആചരണത്തിനു ശേഷം, നാട്ടിലെ ദേവാലയങ്ങളില്‍ നിന്ന് സ്വഭവനങ്ങളിലേക്ക് തിരിച്ചു പോകുന്ന അതേ അനുഭവമായിരുന്നെന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
വാര്‍ത്ത അയച്ചത്: പോള്‍ സെബാസ്റ്റ്യന്‍, ഷിജി തോമസ്
https://www.facebook.com/Malayalivartha