36 വര്‍ഷംമുമ്പ് ഇന്ത്യയിലേക്ക് മടങ്ങിയ മാതാവിനെത്തേടി ദുബായ് യുവതി നടത്തിയ അന്വേഷണത്തിന് ശുഭ പര്യവസാനം
ഒരു സന്തോഷകരമായ വാര്‍ത്തയാണ് ഇന്ന് പ്രവാസി മലയാളിയില്‍. 36 വര്‍ഷംമുമ്പ് ഇന്ത്യയിലേക്ക് മടങ്ങിയ മാതാവിനെത്തേടി ദുബായ് യുവതി നടത്തിയ അന്വേഷണവും അതിന്റെ ശുഭ പര്യവസാനവുമാണ് വാര്‍ത്ത. മറിയം അബ്ദുള്‍ റഹ്മാന് അല്‍ ഷെഹിയാണ് മാതാവിനെ തേടി നടന്ന ആ യുവതി, തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷത്തിലാണ് ആള് ഇപ്പോള്‍ ഉള്ളത്. 1980-കളില്‍ വിവാഹമോചനം നേടിയവരാണ് മറിയത്തിന്റെ മാതാപിതാക്കള്‍. അന്ന് മാതാവ് സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ തന്റെ സഹോദരിയെക്കൂടി ഗര്‍ഭം ധരിച്ചിരുന്നുവെന്ന സത്യം മറിയം അറിയുന്നത് മൂന്നരപ്പതിറ്റാണ്ടിനുശേഷമായിരുന്നു.
പിതാവിന്റെയും മാതാവിന്റെയും വേര്‍പിരിയലിനുശേഷം യു.എ.ഇ.യിലെ റാസല്‍ഖൈമയിലായിരുന്നു മറിയത്തിന്റെ കുട്ടിക്കാലം മുഴുവനും. പിതാവിനോടൊപ്പം മാതാവിന്റെ തണലറിയാതെ മറിയം വളര്‍ന്നു. ഓര്‍മവെച്ചനാള്‍മുതല്‍ മാതാവിനെ അന്വേഷിച്ചിരുന്നു. അസുഖം ബാധിച്ച് പിതാവ് മരിച്ചതോടെ മറിയം തനിച്ചായി. പിന്നീട് എങ്ങനെയെങ്കിലും അമ്മയെ കണ്ടെത്തുമെന്ന് മറിയം ഉറപ്പിച്ചു. വേദന നിറഞ്ഞ ആ അന്വേഷണത്തെ മറിയം വിശേഷിപ്പിക്കുന്നത് 'പ്രതീക്ഷായാത്ര' എന്നാണ്.
മാതാവിനെ കണ്ടെത്താന്‍ മറിയം തിരഞ്ഞെടുത്തത് ഇന്ത്യന്പത്രങ്ങളും സാമൂഹികമാധ്യമങ്ങളുമായിരുന്നു. ഇന്ത്യന്പത്രങ്ങളില് നല്കിയ വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മറിയത്തിന്റെ മാതാവിന്റെ മുഖച്ഛായയുള്ള ധാരാളംപേര്‍ മറിയത്തിനരികിലെത്തി. അതിലെ ഒരു മുഖം മറിയത്തിന്റെ സ്വന്തം അമ്മയുടേതായിരുന്നു. പാസ്പോര്‍ട്ടിലെ വിശദാംശങ്ങളും മറ്റും വിലയിരുത്തി ഇതെന്റെ അമ്മതന്നെയെന്ന് ഉറപ്പിക്കാന്‍ മറിയത്തിനായി. മാതാവിനൊപ്പം മറ്റൊരാള്കൂടിയുണ്ടായിരുന്നു. സ്വന്തം സഹോദരി; മധുരത്തോടൊപ്പം അതിമധുരവും.
https://www.facebook.com/Malayalivartha