യു.എ.ഇ. സുഖിയ: രണ്ട് ദിവസംകൊണ്ട് സമാഹരിച്ചത് 10 കോടി ദിര്‍ഹം

യു.എ.ഇ. സുഖിയയ്ക്ക് ആദ്യദിനങ്ങളില്‍ സംഭാവനകളുടെ പ്രവാഹം. റംസാന് മുന്നോടിയായി ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന ശുദ്ധജല സഹായപദ്ധതിക്ക് രണ്ടുദിവസം കൊണ്ട് 10 കോടിയോളം ദിര്‍ഹം സംഭാവന ലഭിച്ചു.
ശനിയാഴ്ച 3.35 കോടി ദിര്‍ഹവും ഞായറാഴ്ച 6.02 കോടിയും സമാഹരിക്കാനായതായി അധികൃതര്‍ അറിയിച്ചു. ഈ തുക 20 ലക്ഷത്തില്‍പരം ആളുകള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ ഉപയുക്തമാകും.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നേതൃത്വത്തില്‍ വികസ്വരരാജ്യങ്ങളില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയാണ് യു.എ.ഇ. സുഖിയ. മൊത്തം 50 ലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഗവണ്‍മെന്റ് സ്ഥാപനങ്ങളും വന്‍കിട കമ്പനികളും അടക്കമുള്ളവ വന്‍തോതിലുള്ള സംഭാവനകളാണ് പദ്ധതിക്കായി നല്‍കുന്നത്. ആദ്യദിനത്തില്‍ ദേവ, ദുബായ് കസ്റ്റംസ്, ജബല്‍ അലി ഫ്രീസോണ്‍ തുടങ്ങിയവ സംഭാവന നല്‍കി. തുടര്‍ന്ന് ഞായറാഴ്ച ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, നഖീല്‍, യൂനിയന്‍ കോപ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍ വാസല്‍ പ്രോപ്പര്‍ട്ടീസ് തുടങ്ങിയവ സംഭാവനകള്‍ നല്‍കി. കൂടാതെ, ആലിയ ബിന്‍ത് ഖലീഫ അല്‍ മക്തൂം 10 ലക്ഷം ദിര്‍ഹം നല്‍കി.
ദുബായ് കെയര്‍സ്, റെഡ് ക്രെസന്റ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കിണര്‍ കുഴിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ആഫ്രിക്കന്‍ രാജ്യങ്ങളായ ടോഗോ, നൈജര്‍, ഘാന, സോമാലിയ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കിണറുകള്‍ കുഴിക്കുന്നത്. മോട്ടോര്‍പമ്പുകളും ജലവിതരണത്തിനും ശുദ്ധീകരണത്തിനുമുള്ള മറ്റുപകരണങ്ങളും വിതരണം ചെയ്യും. ആവശ്യമെങ്കില്‍ ജലസംഭരണികളും നിര്‍മിക്കും.
https://www.facebook.com/Malayalivartha