വിദ്യാഭ്യാസരംഗത്തെ മികവില്‍ യു.എ.ഇ. മുന്നില്‍

ഗള്‍ഫ് രാജ്യങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റ പാതയിലെന്ന് പഠന റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുരോഗതി നേടിയ രാജ്യം യു.എ.ഇ. ആണെന്നും ആല്‍പെന്‍ ക്യാപ്പിറ്റല്‍ നേതൃത്വം നല്‍കിയ സര്‍വേഫലം വ്യക്തമാക്കുന്നു.
വിദ്യാര്‍ഥികളുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് സൗദി ഏറെ മുന്നിലാണ്. മേഖലയില മൊത്തം വിദ്യാര്‍ഥികളില്‍ 75 ശതമാനവും പഠിക്കുന്നത് സൗദിയിലാണ്. യു.എ.ഇ, സൗദി എന്നിവയ്ക്കു പിറകെ, ഖത്തറും ഒമാനും വിദ്യാഭ്യാസരംഗത്ത് മുന്നേറ്റത്തിന്റെ പാതയിലാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ബഹറൈനും കുവൈത്തും സാവധാനമുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
ജനസംഖ്യാ വര്‍ധന, വിദേശികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടണമെന്ന അവബോധം, ഉയര്‍ന്ന തോതിലുള്ള നിക്ഷേപം തുടങ്ങിയവയാണ് വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യവസായ പുരോഗതി ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും മറ്റൊരു പ്രധാന കാരണമാണ്.
2020 ആകുമ്പോഴേക്കും ഗള്‍ഫിലെ വിദ്യാര്‍ഥികളുടെ എണ്ണം 13.7 ദശലക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കും. 2,000-ല്‍ യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് 39 ശതമാനം മാത്രമായിരുന്നെങ്കില്‍ 2012ല്‍ അത് 69 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫിലെ ഭരണകൂടങ്ങള്‍ വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരത്തിനും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധയൂന്നുന്നുണ്ട്. ഇതിനനുസരിച്ച് മേഖലയിലെ നിക്ഷേപവും ഉയരും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫില്‍ 150 ബില്യന്‍ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കാവുന്നതാണ്. ഇതുവഴി സ്വകാര്യ സംരംഭകര്‍ക്ക് പുതിയ അവസരമാണ് ഗള്‍ഫിലെ വിദ്യാഭ്യാസ വിപണി നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗുണനിലവാരും ഉയര്‍ത്താനും മികച്ച സൗകര്യം ലഭ്യമാക്കാനും ശ്രമങ്ങള്‍ നടക്കുന്ന വിദ്യാഭ്യാസ മേഖല മികച്ച നിക്ഷേപസാധ്യതയാണ് മുന്നോട്ട് വെക്കുന്നതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ആല്‍പെന്‍ ക്യാപ്പിറ്റലിന്റെ എം.ഡി. സമീന അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha