അടുത്ത 120 വര്‍ഷം മനുഷ്യര്‍ക്കു മുമ്പില്‍ മഹാവിസ്മയമായി നിലകൊള്ളും ചൈനയിലെ ഈ കടല്‍പ്പാലം!

മക്കാവു ദ്വീപിനും ഹോങ്കോംഗിനും ഇടയിലുള്ള സമയദൂരത്തെ വെട്ടിച്ചുരുക്കിയ എന്‍ജിനിയറിംഗിന്റെ മഹാദ്ഭുതം ലോകത്തിന് സമര്‍പ്പിച്ചു. കടലിലൂടെ 55 കിലോമീറ്റര്‍ നീളം നീണ്ടുകിടക്കുന്ന ഈ വമ്പന്‍ പാലം സമയത്തെ വെട്ടി ചരിത്രത്തിലൂടെ യാത്ര ആരംഭിച്ചിരിക്കുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗാണ് കാലത്തിന് സാക്ഷി ആകാനുള്ള പാലത്തിന്റെ യാത്രയ്ക്കു പച്ചക്കൊടി കാട്ടിയത്. ചൊവ്വാഴ്ച രാവിലെ സുഹായ്‌യില്‍ നടന്ന ചടങ്ങില്‍ ഷീ ജിന്‍പിംഗ് പാലം ലോകത്തിന് സമര്‍പ്പിച്ചു. 2009 ഡിസംബറിലാണ് പാലം പണിത് തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാലാണ് പാലത്തിന്റെ നിര്‍മാണം നീണ്ടുപോയത്. പാലം പണിക്കിടെ 18 തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പാലത്തിലൂടെ നിയന്ത്രിതമായി ബസ് സര്‍വീസുകള്‍ ആരംഭിക്കും. ഭൂകമ്പത്തെയും ചുഴലിക്കൊടുങ്കാറ്റിനെയും പാലം അതിജീവിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
ആറുവരി പാതയില്‍ മൂന്ന് തൂക്കുപാലങ്ങളും മൂന്ന് മനുഷ്യ നിര്‍മിത ദ്വീപുകളും തുരങ്കവുമുണ്ട്. ആകെ നിര്‍മാണചെലവ് ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയാണ്. പാലം തുറന്നുകൊടുക്കുന്നതോടെ ഹോങ്കോംഗ്- മക്കാവു യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് മുപ്പത് മിനിറ്റായി കുറയും. പാലത്തിനിടയില്‍ രണ്ട് കൃത്രിമ ദ്വീപുകളുണ്ട്.

ഈ ദ്വീപുകളെ ബന്ധിപ്പിച്ച് കടലിനടിയില്‍ തുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായിട്ടാണ് തുരങ്കം ഉള്‍പ്പെടുത്തിയത്.

കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റര്‍ തുരങ്കത്തിനും പാലത്തിന്റെ 22.9 കിലോമീറ്റര്‍ ഭാഗവും നിര്‍മിക്കാനായി മാത്രം നാല് ലക്ഷം ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചത്. അതായത് 60 ഈഫില്‍ ടവറുകള്‍ നിര്‍മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍.
120 വര്‍ഷത്തെ ആയുസാണ് പാലത്തിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.പാലത്തിലൂടെ യാത്ര ചെയ്യണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം. എല്ലാ വാഹനങ്ങളേയും ടോള്‍ നല്‍കിമാത്രമേ കടത്തിവിടൂ. സ്വകാര്യ ബസുകള്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഒരു ദിവസം പാലത്തിലൂടെ 9,200 വാഹനങ്ങള്‍ കടന്നുപോകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha



























