ഇന്‍ഡോനേഷ്യന്‍ പോലീസ് സേനയില്‍ ചേരണോ ? കന്യകാത്വ പരിശോധന നിര്‍ബന്ധം

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരെ, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എഴുത്തു പരീക്ഷയും കായിക ക്ഷമതയുമൊക്കെ പരീക്ഷിച്ചതിനു ശേഷമാണ് നിയമിക്കുന്നത്. എന്നാല്‍ ഇന്തോനേഷ്യയിലുള്ള വനിതാ പോലീസുകാര്‍ക്കുണ്ടായിരിക്കേണ്ട ഒരു യോഗ്യത കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും! മറ്റൊന്നുമല്ല കന്യകയാണെങ്കില്‍ മാത്രമേ ഇവിടെ പോലീസില്‍ നിയമിക്കുകയുള്ളു.
കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടു തോന്നുമെങ്കിലും സംഗതി സത്യമാണ്, കന്യകാത്വ പരിശോധനയ്ക്കു ശേഷമാണ് ഇവിടെ ഓരോ യുവതികളും പോലീസ് ഉദ്യോഗത്തിലേക്കു പ്രവേശിക്കുന്നത്. യുവതികള്‍ കന്യകയാണോ എന്നു പരിശോധിക്കാന്‍ ഒരു വനിതാ ഇന്‍സ്ട്രക്ടറെയും നിയോഗിക്കും. ഇരുപതോളം പേര്‍ അടങ്ങുന്ന ഉദ്യോഗാര്‍ഥികളെ മുറിയിലേക്ക് എത്തിച്ച് ഓരോരുത്തരെ ആയി അടിവസ്ത്രങ്ങളൂരി പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ചെയ്യുന്നത്.
തീര്‍ന്നില്ല കന്യകയായാല്‍ മാത്രം പോരാ, കാഴ്ച്ചയില്‍ സുന്ദരികളും ആയാല്‍ മാത്രമേ ജോലി കിട്ടൂ. നല്ല പെണ്‍കുട്ടികള്‍ മാത്രം പോലീസ് ഓഫീസര്‍മാരായാല്‍ മതിയെന്ന വാദമാണ് ഇതിനു പോലീസ് അധികൃതര്‍ തന്നെ നിരത്തുന്നത്. ചട്ടമായോ നിയമമായോ ഇതേക്കുറിച്ച് എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇന്തോനേഷ്യന്‍ പോലീസ് റിക്രൂട്ട്‌മെന്റില്‍ ഒഴിവാക്കാനാവാത്ത ചടങ്ങാണിത്.
ഇനി ഈ പരിശോധനയോട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് ഏറ്റവും ഞെട്ടിക്കുന്നത്. സ്ത്രീകളായ ഞങ്ങള്‍ക്കുതന്നെ ഞങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്നും അതുകൊണ്ടു മറ്റുള്ളവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്നും തെളിയിക്കുന്നതാണ് ഈ പരിശോധനയെന്നാണ് ഇരുപത്തിയേഴുകാരിയായ അനീഷ എന്ന പോലീസ് ഉദ്യോഗസ്ഥ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പറഞ്ഞത്.
എന്തായാലും ഇന്തോനേഷ്യന്‍ പോലീസിന്റെ അപരിഷ്കൃതമായ ഈ ചട്ടങ്ങള്‍ വന്‍വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് ഇതെന്നും തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ചട്ടം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തന്നെ മുന്‍കയ്യെടുക്കണം എന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ഇതുവരെയും മാറ്റമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha


























