വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്നം കണ്ടു, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ മോതിരമില്ല!
സ്വപ്നത്തില്‍ കാണുന്നത് ജീവിതത്തില്‍ സംഭവിച്ചാലോ? അത്തരമൊരു അനുഭവമാണ് സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന് സംഭവിച്ചത്.
സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരവുമായി ബന്ധപ്പെട്ട് ജെന്ന ഒരു സ്വപ്നം കണ്ടു.
സ്വപ്നത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കാഴ്ചയില്‍ കവര്‍ച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുക്കലെത്തി. വിവാഹമോതിരം സുരക്ഷിതമാക്കാനായി അത് വിഴുങ്ങാന്‍ ജെന്നയോട് ബോബി ആവശ്യപ്പെടുന്നു. ഉടന്‍ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചതായാണ് സ്വപ്നം.
ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് തോന്നലുണ്ടായെങ്കിലും സ്വപ്നം മാത്രമാണെന്നോര്‍ത്ത് ഉറക്കം തുടര്‍ന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്നത്തിന്റെ സ്വാധീനത്തില്‍ താന്‍ മോതിരം വിഴുങ്ങിയെന്ന് ജെന്ന മനസിലാക്കുന്നത്. വൈകാതെ ആശുപത്രിയിലെത്തിച്ച് മോതിരം പുറത്തെടുത്തു.
ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന ശീലമുള്ളയാളായിരുന്നു ജെന്ന. അതുകൊണ്ടു തന്നെയായിരിക്കാം സ്വപ്നത്തില്‍ വച്ച് എളുപ്പം സ്വാധീനിക്കപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha