വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...

മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഇത്തവണ പതിവിലും നേരത്തെ ശൈത്യകാലം എത്തുന്നതിന്റെ സൂചന നൽകി പുൽമേടുകളിലും തേയിലച്ചെടികളിലും വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തണുപ്പ് അതിവേഗം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മൂന്നാർ ടൗണിലും സമീപപ്രദേശമായ നല്ലതണ്ണിയിലും താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ എട്ട് ഡിഗ്രിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ചെണ്ടുവര, ലക്ഷ്മി തുടങ്ങിയ ഉയർന്ന തോട്ടം മേഖലകളിൽ പുലർച്ചെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും താഴെ എത്തിയിട്ടുണ്ടായിരുന്നു. പകൽസമയത്ത് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് അനുഭവപ്പെടുന്നതെങ്കിലും വൈകുന്നേരത്തോടെ ശക്തമായ കോടമഞ്ഞും കുളിർകാറ്റും മലനിരകളെ മൂടുന്നു.
വരും ദിവസങ്ങളിലും പുലർകാലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടരാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനമില്ലാതെ ഇതേ രീതിയിൽ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നാറിലെ താപനില പൂജ്യത്തിന് താഴേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകളുള്ളത്.
"
https://www.facebook.com/Malayalivartha
























