ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

ഭാരത് ലാജ്‌ന മള്‍ട്ടിസ്‌റ്റേറ്റ് (ബിഎല്‍എം) കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 103 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ഇതിനു പുറമെ പണമിടപാടുകള്‍ നടന്ന 320 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തുകയും ചെയ്തു. ഇന്നലെ എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍, ചെന്നൈ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളില്‍ ഇ.ഡി കൊച്ചി സോണല്‍ ഓഫിസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് നടപടി. പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച നിക്ഷേപ തുകയും ബാങ്ക് വായ്പകളും സൊസൈറ്റി ചെയര്‍മാനും സിഎംഡിയുമായ ആര്‍.പ്രേംകുമാറും കുടുംബാംഗങ്ങളും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും സ്വത്തുക്കള്‍ വാങ്ങാന്‍ വകമാറ്റിയതായും ഇ.ഡി വ്യക്തമാക്കി.
103 കോടി രൂപയുടെ മരവിപ്പിക്കലില്‍ ഇതില്‍ 80 കോടി രൂപയുടെ കമ്പനി ഷെയറുകള്‍, 9.6 കോടി രൂപ വിലമതിക്കുന്ന 7.4 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, പോര്‍ഷ, റോള്‍സ് റോയ്‌സ്, ടൊയോട്ട വെല്‍ഫയര്‍, മഹീന്ദ്ര ഇവി 9ഇ, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ 7 കോടി രൂപ വിലമതിക്കുന്ന 8 ആഡംബര വാഹനങ്ങള്‍, 5 കോടി രൂപയുടെ സ്വത്തുക്കള്‍, 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളെയും ഇടപാടുകളുടെ പൂര്‍ണ വിവരങ്ങളും കണ്ടെത്താനുള്ള തുടര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി അറിയിച്ചു.
സംസ്ഥാന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പിഎംഎല്‍എ പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക എഫ്‌ഐആര്‍ പ്രകാരം തട്ടിപ്പുതുക 80 കോടി രൂപയാണെന്ന് കണക്കാക്കിയിരുന്നെങ്കിലും വിശദമായ പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി നൂറുകണക്കിന് കോടികളിലേക്ക് എത്തുന്നതായി കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. പണം വകമാറ്റാനും സ്രോതസ് മറച്ചുവെക്കാനുമായി പ്രേംകുമാറും കൂട്ടാളികളും ചേര്‍ന്ന് 320ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി പറഞ്ഞു. കൂടാതെ, സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഈടുവെച്ച് എടുത്ത വായ്പ തുക പ്രേംകുമാറിന്റെയും കുടുംബത്തിന്റെയും വ്യക്തിഗത സ്വത്തുക്കള്‍ വാങ്ങാനാണ് ഉപയോഗിച്ചതെന്ന് ഇ.ഡി പറയുന്നു. സൊസൈറ്റിയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ പ്രേംകുമാര്‍ നേരിട്ട് ഇടപെട്ട് ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha

























