മകൾ സാറയ്ക്ക് ഒരു പങ്കാളിയെ തേടി സച്ചിൻ; പ്രണയജീവിതത്തെക്കുറിച്ച് സൂചന നൽകി ക്രിക്കറ്റ് ഇതിഹാസം!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറുടെ പ്രണയജീവിതത്തെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാറയുടെ 29-ാം ജന്മദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ആശംസകൾ അറിയിക്കുന്ന വീഡിയോയിലാണ് അച്ഛൻ സച്ചിന്റെ രസകരമായ പരാമർശം. സാറയ്ക്ക് ആശംസകൾ നേർന്ന സച്ചിൻ, ജീവിതത്തിൽ രസകരമായ ഒരാളെ കണ്ടെത്താൻ കഴിയട്ടെയെന്നാണ് പറഞ്ഞത്. അതിൽ കൂടുതൽ ഒന്നും പറയേണ്ടെന്ന് തമാശരൂപേണ കൂട്ടിച്ചേർക്കുകയും ചെയ്തു. മകൾക്ക് അനുയോജ്യമായൊരു ജീവിതപങ്കാളിയെ ലഭിക്കണമെന്ന ആഗ്രഹമാണ് സച്ചിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
വീഡിയോയിൽ സാറയുടെ അമ്മ അഞ്ജലി ടെൻഡുൽക്കറും സഹോദരൻ അർജുൻ ടെൻഡുൽക്കറും ആശംസകളുമായി എത്തുന്നുണ്ട്. അഞ്ജലി മകളുടെ സന്തോഷത്തിനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ആശംസിച്ചപ്പോൾ അർജുന്റെ ആശംസ വളരെ ചുരുക്കമായിരുന്നു. അതേസമയം അർജുന്റെ ഭാര്യ സാനിയ ചന്ദോക്കും സാറയ്ക്ക് നല്ലൊരു പങ്കാളിയെ ലഭിക്കട്ടെയെന്ന് ആശംസിച്ചു. കുടുംബത്തിന് അടുത്തുതന്നെ താമസിക്കുന്ന ഒരാളാകട്ടെ എന്നായിരുന്നു സാനിയയുടെ രസകരമായ ആഗ്രഹം. സാറയുടെ സഹോദരന്റെ വിവാഹശേഷം കുടുംബത്തിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ ആരാധകർക്കിടയിൽ കൂടുതൽ കൗതുകമുണ്ടാക്കിയിരിക്കുകയാണ്. എന്നാൽ സാറയുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. കുടുംബത്തിന്റെ സ്നേഹവും തമാശയും നിറഞ്ഞ ഈ ജന്മദിന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha























