ലോക് ഡൗണ്‍: വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന ശ്രീകുമാരന്‍ തമ്പിയെ പൊലീസ് സന്ദര്‍ശിച്ചു

കോവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷന്‍ പരിധിയിലെ വീടുകളില്‍ ഒറ്റയ്ക്കു കഴിയുന്നവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി, ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് പേയാട് പള്ളിമുക്കിലെ കരിംപാലോത്തു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കവി ശ്രീകുമാരന്‍ തമ്പിയെ മലയിന്‍കീഴ് ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചു. മാര്‍ച്ച് 28-ന് ചെന്നൈയിലെ വീട്ടില്‍ പോകാന്‍ തയാറെടുക്കുമ്പോഴാണു ലോക് ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. ഇതോടെ തനിച്ചാണെങ്കിലും തലസ്ഥാനത്തെ വീട്ടില്‍ തങ്ങാന്‍ ശ്രീകുമാരന്‍ തമ്പി തീരുമാനിക്കുകയായിരുന്നു.
സിഐ ബി.അനില്‍ കുമാര്‍, എസ്‌ഐ ഷൈജു, എഎസ്‌ഐ ജ്യോതിഷ്, ജനമൈത്രി പൊലീസ് ഓഫിസര്‍ ഹരീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കവിയുടെ വീട്ടില്‍ എത്തിയത്. മാസ്‌കും സാനിറ്റൈസറും അദ്ദേഹത്തിന് സമ്മാനിച്ചു. തന്നെ കാണാന്‍ എത്തിയ പൊലീസ് സഹോദരങ്ങള്‍ക്ക് കവി നന്ദി രേഖപ്പെടുത്തി.
നാടിന്റെ നന്മയ്ക്കായി പൊലീസ് ഏറെ പ്രയാസം അനുഭവിക്കുന്ന ഈ സമയത്ത് അവര്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ തങ്ങളുടെ സേവനം എപ്പോഴും ലഭിക്കുമെന്ന ഉറപ്പും അവര്‍ കവിക്കു നല്‍കി.
പരസ്പരം സ്‌നേഹിക്കാനും സംരക്ഷിക്കാനും ഉള്ള അവസരമായി ഈ കാലഘട്ടം ഉപയോഗിക്കണം. ഭയപ്പെടാതെ ജാഗ്രതയോടെ മുന്നേറിയാല്‍ കോവിഡിനെ അതിജീവിക്കും എന്നതില്‍ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മനസ്സില്‍ നന്മ നിറയ്ക്കാനുള്ള കാലമായി ലോക് ഡൗണിനെ മാറ്റണമെന്ന് പറഞ്ഞ കവി പഴയ കാലത്തെ അപേക്ഷിച്ച് പൊലീസ് ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് വന്നിട്ടുണ്ട്. പൊതു ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനുള്ള കാഴ്ചപ്പാട് അവര്‍ക്ക് ഉണ്ടായെന്നും കവി പറഞ്ഞു.
https://www.facebook.com/Malayalivartha