നിമിഷങ്ങള്‍ക്കുള്ളില്‍ നെഞ്ചോളം എത്തിയ, വെള്ളത്തിലൂടെ നീന്താന്‍ ശ്രമിച്ച് കൈകുഴഞ്ഞപ്പോള്‍ ജനല്‍കമ്പിയില്‍ തൂങ്ങി, മരണത്തെ മുന്നില്‍ കണ്ട്, ചെലവഴിച്ച 24 മണിക്കൂറുകളെക്കുറിച്ച് ചാലക്കുടിക്കാരന്‍ റാഫേല്‍ പറയുന്നു
മരണത്തിനും ജീവിതത്തിനുമിടയില്‍ ജീവിച്ചവരാണ് പ്രളയത്തെ അതിജീവിച്ചവരില്‍ പലരും. പലരുടെയും അനുഭവങ്ങള്‍ കണ്ണ് നനയിക്കുന്നതും ചിലത് ഞെട്ടിപ്പിക്കുന്നതുമാണ്. ചാലക്കുടിക്കാരനായ റാഫേലിന്റെ അനുഭവം കേട്ട് നോക്കൂ.
രാവിലെ ആറിന് ചാലക്കുടി പുഴയില്‍ നിന്ന് വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി. ഭാര്യയെയും രണ്ടുകുട്ടികളെയും അയല്‍ക്കാരായ ശശിയും സിജോയും എട്ടുമണിയോടെ തോണിയില്‍ കയറ്റി. റേഷന്‍ കാര്‍ഡും വീടിന്റെ ആധാരവും കവറിലാക്കി അടുത്ത തോണിയില്‍ കയറാമെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി. നിമിഷനേരത്തിനുള്ളില്‍ വെള്ളം നെഞ്ചോളമെത്തി. അല്പം നീന്തി. അയല്‍വാസി ജോയിച്ചന്റെ വീടിനടുത്തെത്തിയതോടെ ഒഴുക്ക് ശക്തമായി.
കൈകാല്‍ കുഴഞ്ഞു തുടങ്ങി. അതോടെ ജനല്‍ക്കമ്പിയില്‍ പിടിച്ചു കയറി. രേഖകളും ഫോണും ജനലിന് മുകളില്‍ സണ്‍ഷേഡിന്റെ അടിയില്‍ എയര്‍ഹോളില്‍ വച്ചു. ഒരു കൈകൊണ്ട് ഫോണെടുത്ത് അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു രക്ഷ യാചിച്ചു. ഇടക്കിടയ്ക്ക് വിളിച്ചുകൂവി.
ഹെലികോപ്ടര്‍ മുകളിലൂടെ നീങ്ങുമ്പോള്‍ കൈവീശിക്കാണിച്ചു. തൊട്ടടുത്തു കൂടി പാമ്പുകളും ഇഴജന്തുക്കളും ഇഴഞ്ഞുനീങ്ങി. ഭീകരമായ മണിക്കൂറുകള്‍. നാവികസേനയുടെ ബോട്ട് രണ്ടുപ്രാവശ്യം ഈ ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും ശക്തമായ ഒഴുക്കുമൂലം മടങ്ങി.
അടുത്ത ദിവസം രാവിലെയാണ് റാഫേല്‍ ബന്ധുവീട്ടിലെത്തിയില്ലെന്ന് അയല്‍വാസി ശശി അറിയുന്നത്. ചാലക്കുടിപ്പുഴയില്‍ ഏതു വര്‍ഷകാലത്തും തോണിയില്പ്പോയി പരിചയമുണ്ട് ശശിക്ക്. രണ്ടും കല്‍പ്പിച്ച് സുഹൃത്ത് സിജോയെയും കൂട്ടി തോണിയിറക്കി. ജോയിച്ചന്റെ വീട് ലക്ഷ്യം വച്ച് തുഴഞ്ഞു. അടുത്തെത്തി തട്ടിവിളിച്ചപ്പോള്‍ റാഫേല്‍ ഉണര്‍ന്നു. അപ്പോഴേക്കും ജനല്‍കമ്പിയില്‍ പിടിച്ചുകൊണ്ട് റാഫേല്‍ ഒരേ നിലയില്‍ നിന്നിട്ട് ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞിരുന്നു.
ശശിയും സിജോയും തിരച്ചിലിനിറങ്ങി ഏകദേശം പത്തു മിനിട്ടിനുള്ളില്‍ റാഫേലിനെ ബന്ധുവീട്ടിലെത്തിച്ചു.. റാഫേലിനെ കണ്ടപ്പോള്‍ ഭാര്യയും മക്കളും കെട്ടിപ്പിടിച്ച്, സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. കുത്തിയൊലിച്ചുള്ള ഒഴുക്കില്‍ സേനാംഗങ്ങള്‍ വരെ മാറി നിന്നപ്പോള്‍ സ്വന്തം ജീവന് മറന്നാണ് ഒരു ചെറുവഞ്ചിയില്‍ റാഫേലിന്റെ രക്ഷയ്ക്ക് അയല്‍വാസികളായ ശശിയും സിജോയുമെത്തിയത്.
https://www.facebook.com/Malayalivartha