സര്‍ക്കാര്‍ സ്‌കൂള്‍, മലയാളം മീഡിയം...പിന്നെ പാരിസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് പ്രവേശനം! ഇതൊന്നും അസാദ്ധ്യമല്ലെന്ന് തേജസ്വിനി!

സര്‍ക്കാര്‍ സ്‌കൂളിലെ മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ രണ്ടാം തരം പൗരന്മാരാണെന്ന ഒരു ചിന്ത നമ്മുടെ സമൂഹത്തില്‍ പൊതുവേ പടര്‍ന്നിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അത്തരം ചിന്താഗതി വച്ചു പുലര്‍ത്തുന്നവര്‍ക്കു മുമ്പില്‍ നെഞ്ചും വിരിച്ച് നിന്ന് തേജസ്വനി പറയും, അതൊക്കെ വെറും തോന്നലാണെന്ന്! കാരണം സര്‍ക്കാര്‍ സ്‌കൂളിലെ മലയാളം മീഡിയത്തില്‍ മാത്രം പഠിച്ച് പാരിസ് സര്‍വകലാശാലയിലെ പി.എച്ച്.ഡി. പ്രവേശനത്തിലെത്തിയ കഥയാണ് തേജസ്വിനിക്ക് പറയാനുള്ളത്.
ചിറയിന്‍കീഴ് സ്വദേശിനിയായ തേജസ്വിനി തിരുവനന്തപുരം ഐസറില്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഫെലോഷിപ്പോടെയാണ് പി.എച്ച്.ഡി. നേട്ടം സ്വന്തമാക്കിയത്. നേട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ അനുമോദനവുമായെത്തി.
നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളിലെ മലയാളം മീഡിയത്തിലായിരുന്നു തേജസ്വിനിയുടെ പഠനം. പത്താം ക്ലാസ് വരെ ചിറയന്‍കീഴിലും പ്ലസ് ടുവിന് ആറ്റിങ്ങലിലെ സര്‍ക്കാര്‍ സ്‌കൂളിലും പഠിച്ചു. മികച്ച മാര്‍ക്ക് കരസ്ഥമാക്കി തിരുവനന്തപുരം ഐസറില്‍ നിന്ന് ബി.എസ്.എം.എസ്. കോഴ്‌സും പാസായി.
മൂന്ന് ഘട്ടങ്ങളായുള്ള അഭിമുഖം വിജയകരമായി പൂര്‍ത്തിയാക്കിയാണ് തേജസ്വിനി ലോകോത്തര സര്‍വകലാശാലകളിലൊന്നായ പാരിസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നേടിയത്. ഇപ്പോള്‍ വിദേശരാജ്യത്തേയ്ക്ക് പോയി പഠനം നടത്തുന്നതിന്റെ തയാറെടുപ്പിലാണ് തേജസ്വിനി.
https://www.facebook.com/Malayalivartha























