വാളകം മേക്കടമ്പില്‍ ഉണ്ടായ അപകടത്തില്‍ കടന്നുപോയ ഉറ്റകൂട്ടുകാരെ ഓര്‍ത്ത് ഉള്ളു പൊള്ളി നാട്
എറണാകുളത്തിനടുത്ത് വാളകം മേക്കടമ്പില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ഉറ്റ സുഹൃത്തുക്കള്‍ക്കു വാളകം ഗ്രാമം നിറകണ്ണുകളോടെ വിട ചൊല്ലി. സിനിമാ മോഹത്തിനു വിട നല്കി യുവനടന് ബേസില്‍ ജോര്‍ജും വിവാഹ ഒരുക്കങ്ങള്‍ ബാക്കിയാക്കി അശ്വിനും ആഗ്രഹിച്ചു കിട്ടിയ ആണ് കുഞ്ഞിനെ സ്നേഹിച്ചു കൊതി തീരാതെ നിധിനും നാടിന്റെ കണ്ണീരോര്‍മയായി മറഞ്ഞു.
മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പൊതുദര്‍ശനത്തിനു കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മൂവരെയും അവസാനമായൊരു നോക്കു കാണാന്‍ ഒട്ടേറെ പേര് ഇവരുടെ വീടുകളിലെത്തിയിരുന്നു.
ബേസില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ' പൂവള്ളിയും കുഞ്ഞാടും ' കഴിഞ്ഞ ഓഗസ്റ്റിലാണ് ഇറങ്ങിയത്. ഈ ചിത്രത്തിന്റെ സംവിധായകന് ഫാറൂഖ് മുഹമ്മദലിയുടെ അടുത്ത സിനിമയായ 'തൃപ്പന്നൂരിലെ കള്ളന്മാരി'ലും ബേസിലിനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. 'പൂവള്ളിയും കുഞ്ഞാടും' തുടങ്ങും മുന്‍പ് അപകടത്തില്‍ ബേസിലിന്റെ കാലൊടിഞ്ഞിരുന്നു. സ്റ്റീല്‍ ഇട്ട കാലുമായാണു ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ചിരുന്ന അശ്വിന് ജോയിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സഹപാഠികളായ മൂന്നു പേരും അശ്വിന് ജോയിയുടെ വീട്ടില്‍ ഒരുമിച്ചത്. രാത്രിയില്‍ ബേസിലിനെ മേക്കടമ്പിലുള്ള വീട്ടില്‍ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. നിധിന്റെ ബന്ധുക്കളായ ലതീഷിനെയും സാഗറിനെയും ഇടയ്ക്കുവച്ചു കാറില്‍ കയറ്റുകയായിരുന്നു.
മേക്കടമ്പ് പള്ളിത്താഴത്തെത്തിയപ്പോള് നിധിന് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. റോഡരികിലുള്ള കടയിലേക്കും വീടിലേക്കും ഇടിച്ചുകയറിയ കാര്‍ പൂര്‍ണമായി തകര്‍ന്നു. അശ്വിനും നിധിനും ബേസിലും അപ്പോള്‍ തന്നെ മരിച്ചു. സാഗറിനും ലതീഷിനും കാര്‍ ഇടിച്ചു കയറിയ വീട്ടിലുണ്ടായിരുന്ന 3 അതിഥിത്തൊഴിലാളികള്‍ക്കും പരുക്കേറ്റു. ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്നേഹ ഡെക്കറേഷന് എന്ന സ്ഥാപനം നടത്തുകയായിരുന്നു നിധിന്. എംബിഎ പഠനത്തിനു ശേഷം പിതാവ് ജോയിയെ ബിസിനസ്സില്‍ സഹായിക്കുകയായിരുന്നു അശ്വിന്. അശ്വിന്റെ വീടിനു തൊട്ടടുത്തു തന്നെയാണ് നിധിന്റെ വീട്. നിധിന്റെ ഇളയ കുഞ്ഞിന് ഒരു വയസ്സാകുന്നതേയുള്ളു. കുഞ്ഞിനെ സ്നേഹിച്ചു കൊതിതീരും മുന്‍പേയാണ് നിധിനെ വിധി തട്ടിയെടുത്തത്. സ്വാതിയാണ് നിധിന്റെ ഭാര്യ. ആദിത്ത്, അതിഥി എന്നിവരാണ് മക്കള്‍. ലിസിയാണ് അശ്വിന്റെ മാതാവ്. സഹോദരി അഞ്ജു.
https://www.facebook.com/Malayalivartha