അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സ യിലിരിക്കുന്ന സനല്‍ ഓടിച്ച കാറില്‍...
തൃശൂര്‍ അന്തിക്കാട്ടെ ബിജെപി പ്രവര്ത്തകന് നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ ഓടിച്ച കാറിലാണ്. കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിനു ശസ്ത്രക്രിയ കഴിഞ്ഞ സനലിനു നേരാവണ്ണം നടക്കാന്‍ കഴിയില്ല. അതിനാല്‍ വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. കൊലയാളി സംഘത്തിലൊരാള്‍ ശാരീരിക അവശതയുള്ള ഒരാളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കാരണം വടി കുത്തിപ്പിടിച്ചാണ് ഒരാള്‍ നടന്നിരുന്നത്. അത് സനലായിരുന്നു.
ചേര്‍പ്പിലെ വാടക വീട്ടിലാണു സനല്‍ ഉള്‍പ്പെടെ നാലു പേര് താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് പ്രതികള്‍ക്ക് അറിയാമായിരുന്നു. രാവിലെ നല്ലവണ്ണം മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തു. നേരെ പോയത് അന്തിക്കാട് സ്റ്റേഷന് പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.
അക്രമി സംഘം അന്തിക്കാട് സ്റ്റേഷന് പരിസരത്തുവച്ച് നിധിലിനെ കണ്ടെങ്കിലും കൂടെ മൂന്നോ നാലോ പേര് ഉണ്ടായിരുന്നു. തന്മൂലം പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും അന്തിക്കാട് ഭാഗത്തേക്ക് തിരിച്ചു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണു നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്ന് മനസിലായതോടെ അതേ വേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തി.
കാറില്‍ നിന്നിറങ്ങി സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സനലിന്റെ വിരലിനു സ്വന്തം സംഘാംഗങ്ങളുടെ തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തിന്റെ ശ്രമം പാളി. കാര്‍ സ്റ്റാര്‍ട്ടായില്ല, ഉടനെ അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടി. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. സനലിനെ വഴിമധ്യേ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അപകടത്തിലാണ് വിരല്‍ അറ്റു തൂങ്ങിയതെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊലയാളി സംഘത്തെ പൊലീസ് തിരയുമ്പോള്‍ പ്രതി ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.
നാട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്ന വിവരം അനുസരിച്ച് കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി പോലീസ് മനസ്സിലാക്കിയിരുന്നു.
ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. നാട്ടുകാര്‍ പറഞ്ഞ ആള് സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു. വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു.
തൃശൂരിലെ പൊലീസ് സംഘം അന്വേഷണത്തിനൊടുവില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. 'നീ സനല്‍ അല്ലേടാ' എന്ന പൊലീസിന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം പതറി. പിന്നെ, ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha