പിണറായിയുടെ പൂഴിക്കടകന്‍ ജി.സുധാകരന്‍ ഇഞ്ചയ്ക്കിട്ടു. മരുമോന്‍ മന്ത്രിയുടെ ഉടായിപ്പുകള്‍ പച്ചയ്ക്ക് കത്തിച്ചു.

കേരള രാഷ്ട്രീയത്തില്‍ നിന്നും പിണറായി ,സജിചെറിയാന്‍ കൂട്ടുകെട്ട് പടിക്ക് പുറത്താക്കിയ ജി.സുധാകരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിന്റെ ഇന്നത്തെ ലഹരി മാഫിയയുടെ കണ്ണികളില്‍ പ്രധാനികള്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണെന്ന വെടി പൊട്ടിച്ചതിന് പിന്നാലെ അദ്ദേഹം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളുടെയും ദുരവസ്ഥ തുറന്ന് കാട്ടി കൊണ്ടാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജിന്റെ ഉത്ഘാടനത്തില്‍ നിന്ന് കെ.സി .വേണുഗോപാലിനെയും ജി.സുധാകരനേയും ഒഴിവാക്കിയതിനെതിരെയും അദ്ദേഹം ഫെയ്‌സ് ബുക്കിലൂടെ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. പാളയത്തില്‍ പട പിണറായി വിജയന് തലവേദനയാകുമ്പോള്‍ പഴ വെട്ടി നിരത്തലിന് ഇനിയൊരു ബാല്യമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.
പിണറായി സര്‍ക്കാരിന്റെ ശ്രമഫലമായാണ് വണ്ടാനം മെഡിക്കല്‍ കോളെജിന് ബഹുനനില മന്ദിരവും ആശുപത്രി ഉപകരണങ്ങളും എത്തിക്കാനായതെന്ന വാദത്തെ അദ്ദേഹം പൊളിച്ചടുക്കി. കെ.സി.വേണുഗോപാലാണ് ആശുപത്രിയ്ക്കായി മന്ദിരത്തിന് കേന്ദ്രഫണ്ട് അനുവദിച്ചതെന്നും, മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും അനുവദിക്കുകയും നിര്‍മ്മാണ ഘട്ടങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും അവരെ രണ്ട് പേരെയും ഒഴിവാക്കിയ സിപിഎം നടപടിയെ ജി.സുധാകരന്‍ തുറന്നാക്ഷേപിച്ചിരുന്നു അതു പോലെ പാര്‍ട്ടിയുടെ ഉന്നത് ഭാരവാഹികള്‍ പ്രതികളായ ലഹരി കടത്ത് , അശ്ലീല വീഡിയോ ചിത്രീകരണം എന്നീ കേസുകളില്‍ പാര്‍ട്ടി ഒത്തുതീര്‍പ്പിന് ശ്രമിക്കുമ്പോള്‍ സുധാകരന്‍ ഇത്തരക്കാരെ പാര്‍ട്ടി വിഷവിത്തുകളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
ആരോഗ്യമേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമാ്ണ് മുന്‍മന്ത്രി ജി. സുധാകരന്‍ നടത്തിയിരിക്കുന്നത്.. ലഹരിക്കെതിരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ലഹരിക്കു വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നതായും അദ്ദേഹം പറഞ്ഞു. ലഹരിസംഘങ്ങള്‍ ചെറുപ്പക്കാരെ ഉപയോഗിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്.വിഷ ഭക്ഷണം വിതരണം ചെയ്യാന്‍ അനുവാദം നല്കുന്ന ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണ്.
മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സ്ഥലം മാറ്റിയവര്‍ക്കു പകരം ഡോക്ടര്‍മാരെ നിയമിച്ചില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് വികസനം എവിടെയും എത്തിയില്ല. ഇവിടെ വീട് വയ്ക്കുന്നതിന് എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ. മുകളില്‍ കുറെ ഉദ്യോഗസ്ഥര്‍ ഇരുന്ന് പ്ലാന്‍ ഇടുന്നതല്ല ആസൂത്രണം. റേഷന്‍ വിതരണം ചെയ്യുന്നതോ, ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ചു നല്‍കുന്നതോ അല്ല ആസൂത്രണം. അതൊക്കെ ഏത് സര്‍ക്കാരിനും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ആലപ്പുഴയില്‍ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും. കനാലുകള്‍ ആധുനികവല്‍ക്കരിച്ചില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ കടുത്ത അഴിമതിയാണ്. നഗരസഭയില്‍ പൈപ്പ് പൊട്ടുന്നതിനും പഴകിയ ആഹാരത്തിനുമെല്ലാം കാരണം അഴിമതിയാണ്. ചില പ്രാദേശിക ജനപ്രതിനിധികളും അഴിമതിക്കു കൂട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച 'ആരോഗ്യ പ്രശ്‌നങ്ങള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. പൈതുമരാമത്തിന്റെ റോഡുകളെല്ലം പൊട്ടി പൊളിയുന്നു. പാലത്തിന്റെ ബീമിന് പോലും തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് വാര്‍ക്കുന്നത്. അങ്ങനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലാണ് ജി.സുധാകരന്‍ വിമര്‍ശിച്ചത്. ആലപ്പുഴയില്‍ സിപിഎമ്മില്‍ നിന്ന് അണികളുടെയല്ല നേതാക്കളുടെ കൊഴിഞ്ഞു പോക്കും രാജിയും വ്യപകമായ പശ്ചാതലത്തില്‍ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.
പി.കെ. ചന്ദ്രാനന്ദന്‍ എന്ന സിപിഎം മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ജോലി ചെയ്തു കഴിയുമ്പോള്‍ അര്‍ധരാത്രിയാകും അപ്പോള്‍ വണ്ടികളൊക്കെ പോയിട്ടുണ്ടാവും. തെക്ക് ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ചരക്കുലോറി കൈകാണിച്ച് നിര്‍ത്തി അതില്‍ കയറി അമ്പലപ്പുഴയിലിറങ്ങും. അവിടെനിന്ന് വീട്ടിലേക്ക് നടക്കും. ത്യാഗിയായ ആ കമ്യൂണിസ്റ്റുകാരന്റെ വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ അറിവ്. പുന്നപ്ര- വയലാര്‍ സമരത്തില്‍ നേരിട്ടു പങ്കെടുത്ത അപൂര്‍വം സിപിഎം നേതാക്കളിലൊരാളായിരുന്നു ചന്ദ്രാനന്ദന്‍. മറ്റു പ്രമുഖരെല്ലാം പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ പക്ഷത്തായിരുന്നു.
ഇതൊക്കെയാണെങ്കിലും വളരെ ശ്രമകരമായാണ് അദ്ദേഹം ആലപ്പുഴയില്‍ പിടിച്ചുനിന്നതെന്നാണ് ചരിത്രം. ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം ഒക്കെ ആയെങ്കിലും കേരളം ഭരിക്കുന്ന ഉന്നത പദവികളിലേക്കൊന്നും അദ്ദേഹം എത്തിപ്പെട്ടില്ല. അദ്ദേഹം വളര്‍ന്നുപോകാത്തതിനു പിന്നിലും ആലപ്പുഴയിലെ വിഭാഗീയതയുടെ സ്പര്‍ശമേറ്റ രാഷ്ട്രീയമുണ്ടായിരുന്നു. ഇല്ലാതാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാത്ത വ്യക്തിത്വമായതിനാല്‍ ചന്ദ്രാനന്ദന്‍ തുടര്‍ന്നു. എന്നാല്‍ മറ്റു പലരുടേയും കഥ അങ്ങനെയായില്ല.
ആ ശ്രേണിയിലേയ്ക്ക് കടന്നുവന്നവരായിരുന്നു സിബിസി വാര്യര്‍, വി.എസ്.അച്യുതാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ, സുശീലാഗോപാലന്‍, റ്റി.ജെ.ആഞ്ചലോസ്, ഇപ്പോഴിതാ കെ.സുധാകരനും . സുശീല ഗോപാലന്‍, കെ.ആര്‍.ഗൗരിയമ്മ എന്നിവരുടെ മുഖ്യമന്ത്രി സ്ഥാനം തട്ടിതെറിപ്പച്ചത് ആലപ്പുഴ സിപിഎം ഘടകങ്ങളായിരുന്നു. വി.എസ്.അച്യൂതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് നടത്തിയ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് നിന്ന് വി.എസ്.തോറ്റത് ആലപ്പുഴയുടെ വിഭാഗീയതയുടെ വലിയ ആക്രമണമായിരുന്നു. പിന്നീടൊരിക്കലും വി.എസ് ആലപ്പുഴയില്‍ നിന്ന് മത്സരിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ലെന്നെത് മറ്റൊരു വസ്തുത.
സുധാകരനെ വെട്ടിയൊതുക്കിയാല്‍ ആലപ്പുഴയിലെ വിഭാഗീയത തീരുമെന്നായിരുന്നു സിപിഎം ഔദ്യോഗിക നേതൃത്വം നേരത്തെ വിശ്വസിച്ചത്. അങ്ങനെ സുധാകരനെ വെട്ടി മൂലയ്ക്കിരുത്തി. അതിനി നേതൃത്വം നല്കിയതാവട്ടെ തോമസ് ഐസകും, സജി ചെറിയാനുമാണ്. അതിന് ശേഷം എല്ലാം മന്ത്രി സജി ചെറിയാന് കൈമാറി. ഒരു കാലത്ത് സിപിഎം വിഭാഗിയതയുടെ കേന്ദ്ര ബിന്ദുവായിരുന്നു ആലപ്പുഴ. വി എസ് അച്യുതാനന്ദന്റെ തട്ടകത്തില്‍ സുധാകരനെ മുന്നില്‍ നിര്‍ത്തി പോരാട്ടം നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ എല്ലാം അവസാനിപ്പിച്ചു. ജി. സുധാകരന്റെ കൈയിലായി ആലപ്പുഴയിലെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും. ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി സുധാകരന്‍. എന്നാല്‍ സുധാകരനെ വീട്ടിലേക്ക് മടക്കി അയച്ചപ്പോള്‍ വീണ്ടും കലാപം. ആര്‍ക്കും നിയന്ത്രണമില്ലാത്ത അവസ്ഥ. ആലപ്പുഴ സിപിഎമ്മില്‍ അണികളും കൊഴിയുന്നു. എല്ലാത്തിനും കാരണം മാഫിയാ ഇടപെടലാണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി എത്തിയിട്ടില്ല..
ചിലര്‍ രാഷ്ട്രീയത്തില്‍ വേണ്ടെന്ന് രാഷ്ട്രീയ ക്രിമിനല്‍ മാഫിയ സദസ്സുകളിലിരുന്ന് തീരുമാനിക്കുകയാണ്. ഇതില്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവരുണ്ട്. അവരെല്ലാം ഒന്നാണ്. അവര്‍ക്ക് രാത്രിയില്‍ പാര്‍ട്ടിയില്ല. കക്ഷി വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെടുന്നു. കുറ്റവാളികളെ രക്ഷിക്കാനും സല്‍പ്രവര്‍ത്തകരെ അപമാനിക്കാനുമാണ് ശ്രമം. സഖാവ് കൃഷ്ണപിള്ളയുടെ പ്രതിമക്ക് നേരെ പരാക്രമം കാട്ടിയ സാമൂഹ്യവിരുദ്ധന്മാരുള്ളിടമാണ് ആലപ്പുഴ. ആര്‍ക്കുംകൊട്ടാവുന്ന ചെണ്ടയല്ല താനെന്നും ഏത് ജോലി ഏല്‍പ്പിച്ചാലും ഭംഗിയായിചെയ്യുമെന്ന് പിണറായിക്കറിയാമെന്നും സുധാകരന്‍ മുമ്പ് പറഞ്ഞിരുന്നു. പക്ഷേ ഈ പ്രസ്താവനയുടെ പേരില്‍ പിണറായിയും സുധാകരനെ കൈവിട്ടു. അങ്ങനെ ആലപ്പുഴയിലെ പാര്‍ട്ടി മാഫിയയുടെ കൈകളിലുമായി.
കൊടികുത്തിയ വിഭാഗീയതയുടെ കാലത്തിനു ശേഷം ആലപ്പുഴ ജില്ലയിലെ സിപിഎം നേതൃത്വത്തിനു മുന്നില്‍ വീണ്ടും പരീക്ഷണവും പ്രതിസന്ധിയും ആയി മാറുകയാണ് ലഹരിക്കേസ്. ലഹരിക്കടത്തില്‍ സംശയനിഴലിലായ നേതാവിനെ സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാനുള്ള തീരുമാനം പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ കുട്ടനാട്ടില്‍ അടിത്തറ ഇളകുന്നതാണു പാര്‍ട്ടി നേരിടുന്ന, കൂടുതല്‍ ഗുരുതരമായ പ്രശ്നം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണവും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം സുധാകരന്‍ പറഞ്ഞ മാഫിയയുടെ ഇടപെടല്‍ ഫലമാണ്. വെട്ടിനിരത്തലിന് പേരു കേട്ട രാഷ്ട്രീയമാണ് ആലപ്പുഴയിലെ സിപിഎമ്മിന്റേത്. ഈ പ്രശ്ന പരിഹാരത്തിനും അത്തരമൊരു വെട്ടിനിരത്തല്‍ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഏരിയ കമ്മിറ്റി അംഗമായ നഗരസഭാ കൗണ്‍സിലര്‍ എ.ഷാനവാസിന്റെ ലോറിയില്‍ ലഹരി കടത്തിയ സംഭവത്തില്‍ കൂടുതല്‍ കര്‍ശന നടപടി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇതിനിടെ, നേതൃത്വത്തിന് ഈ വിഷയത്തിലുള്ള ഭിന്നത പരസ്യമായി. ലഹരി ഉത്പന്നങ്ങള്‍ കടത്താനാവശ്യമായ പണം എവിടുന്ന് കിട്ടിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവര്‍ മറുപടി നല്‍കിയിട്ടില്ല. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനുപിന്നില്‍ വന്‍ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള സംശയവും പൊലീസിനും പാര്‍ട്ടിക്കുമുണ്ട്.
ലഹരിക്കടത്തില്‍ ഷാനവാസിനു പങ്കുള്ളതായി പാര്‍ട്ടിക്കു തെളിവു ലഭിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതും ഏറെ വിവാദമായിരുന്നു. . സജി ചെറിയാന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലഹരി കടത്ത് പ്രതികളെ പാര്‍ട്ടി സംര്കഷിക്കുന്നതെന്ന വാദം ശരിവെയ്ക്കുന്നതാണീ പ്രസ്താവനയെന്ന് വിലയിരുത്തപ്പെട്ടിരുന്നു.കുട്ടനാട്ടില്‍ അംഗങ്ങളും പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ മുന്നൂറോളം പേരാണു പാര്‍ട്ടി വിടുമെന്നു പ്രഖ്യാപിച്ചത്. നേതൃത്വത്തിന്റെ തണലില്‍ ഒരു കൂട്ടര്‍ വഴിതെറ്റുന്നെന്നും ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നെന്നുമുള്ള വികാരമാണ് കുട്ടനാട്ടില്‍ പടരുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഇത്ര വലിയ കൊഴിഞ്ഞുപോക്ക് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. നേതൃത്വം ആദ്യം ഇത് കാര്യമായെടുത്തില്ല. ഇപ്പോള്‍ കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികള്‍ക്കു കീഴില്‍ പല ലോക്കല്‍ കമ്മിറ്റികളിലായി പ്രതിഷേധം വളര്‍ന്നു കഴിഞ്ഞു. കടുത്ത വിഭാഗീയതയുടെ കാലത്തു വി എസ് പക്ഷത്തിനായിരുന്നു കുട്ടനാട്ടില്‍ മേല്‍ക്കൈ. പിന്നീടു പലരും പിണറായി പക്ഷത്തേക്കു മാറി. അതിന് കാരണം സുധാകരന്റെ ഇടപെടലായിരുന്നു.
അന്നു വി എസ് പക്ഷത്ത് ഉറച്ചു നിന്നവരാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. പഞ്ചായത്ത് അംഗങ്ങളുടെ രാജി ഉള്‍പ്പെടെയുള്ള കടുത്ത നീക്കത്തിനും ആലോചനയുണ്ട്. ഇതൊന്നും പറഞ്ഞു തീര്‍ക്കാന്‍ സുധാകരനെ പോലൊരു നേതാവ് സജീവവുമല്ല. സജി ചെറിയാനെ മന്ത്രിയായിട്ടും ആരും ആംഗീകരിക്കുന്നതുമില്ല. ഏരിയ കമ്മിറ്റിയംഗം പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പ്രശ്നവും ഇപ്പോള്‍ പാര്‍ട്ടി കമ്മിഷന്‍ അന്വേഷിക്കുകയാണ്.
സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെയോ പ്രവര്‍ത്തരുടെയോ ഒരു കാര്യത്തിലും അഭിപ്രായം പറയാറില്ലായിരുന്നു. ആലപ്പുഴയില്‍ പിണറായി പക്ഷക്കാര്‍ സജിചെറിയാനെ ഉയര്‍ത്തി കൊണ്ടുവന്നു എന്നു മാത്രമല്ല. സുധാകരനെ പരമാവധി താഴ്ത്തി കെട്ടാനും ശ്രമിച്ചു.
കേരളത്തില്‍ കപടതയുടെ കറപുരളാത്ത അപൂര്‍വ്വം സിപിഎം നേതാക്കളില്‍ ഒരാളായ സുധാകരനെതിരെ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് വെട്ടിച്ചെന്ന ആരോപണം കൊണ്ട് വന്ന് പാര്‍ട്ടി സ്വയം നാണം കെടുകയായിരുന്നു. സുധാകരനെ ഇഞ്ചിഇഞ്ചായി വേദനിപ്പിച്ച് പുറത്തേയ്ക്കുള്ള വഴി കാട്ടി കൊടുത്തപ്പോള്‍ അസ്വസ്ഥരായിരുന്ന പ്രവര്‍ത്തകരാണ് ഇന്ന് സജി ചെറിയാന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും തോന്ന്യാസത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ആലപ്പുഴയില്‍ സിപിഎം ന് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ച് പോവുകയാണ്. ധീരരക്ത സാക്ഷികള്‍ അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാപ്പ് കൊടുക്കില്ല. ആലപ്പുഴയിലാണ് എന്നും സിപിഎം വിഭാഗീയതയുടെ ഉത്ഭവമെന്നതിനാല്‍ പുകഞ്ഞ് കൊണ്ടിരുക്കുന്ന തീ ആലപ്പുഴയില്‍ നിന്നും സംസ്ഥാനമാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പഴ വെട്ടിനിരത്തലിന്റെ ഭാഷ്യത്തിന് ഇനി പിണറായി വിജയനും മരുമോന്‍ മന്ത്രിക്കും പുതിയ ആയുധങ്ങള്‍ തേടേണ്ടി വരും.
https://www.facebook.com/Malayalivartha