പിണറായിയുടെ പുതിയ മുഖം... മോഡിയെ ഏറ്റവുമധികം വിമര്‍ശിച്ച പിണറായിയ്ക്ക് മനം മാറ്റം; മോദിയെ കാണാന്‍ ഡല്‍ഹിയിലേക്ക്
പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നതോടെ പഴയ പിണക്കങ്ങളെല്ലാം മാറ്റിവയ്ക്കാന്‍ തീരുമാനം. എല്ലാവരേയും വിശ്വാസ്യത്തിലെടുത്ത് മിക്ച്ച ഭരണം കാഴ്ചവയ്ക്കാനിരിക്കുകയാണ് പിണറായി. ഉടന്‍ മുഖ്യമന്ത്രിയായി ചുമതലേല്‍ക്കുന്ന പിണറായി വിജയന് ഈ ആഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിപിഐ(എം). പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ മോദിയെ കാണാനാണ് പദ്ധതി.
ശനിയാഴ്ചയാണ് പിണറായി വിജയന് ഡല്‍ഹിയിലെത്തുക. അന്നുതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാന്‍ കേരളാ ഹൗസ് അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അധികാരമേറ്റാല്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിക്കുന്ന കീഴ്വഴക്കമുണ്ട്. സാധാരണഗതിയില്‍ പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍ തന്നെയാണ് ഈ കൂടിക്കാഴ്ചകള്‍ നടക്കാറുള്ളത്. ഇതാണ് പിണറായിയും ചെയ്യുന്നത്. അതിനിടെ മോദിയെ വേഗത്തില്‍ കാണാന്‍ പോകുന്നതിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്.
മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പിണറായി തന്നെയാണ് ഈ വിഷയം ചര്‍ച്ചയാക്കിയത്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ മോദിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ചയെ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
തെരഞ്ഞെടുപ്പില്‍ ബിജെപി, സിപിഐ(എം) ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാകും ആരോപണങ്ങള്‍ സജീവമാക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വി എസ്. അച്യുതാനന്ദനെ ടെലിഫോണില്‍ അഭിനന്ദനം അറിയിച്ചിരുന്നു. വി എസ്. മുഖ്യമന്ത്രിയാവുമെന്ന ധാരണയിലായിരുന്നു അത്.
സംസ്ഥാനത്തെ സിപിഐ(എം). ബിജെപി. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലാണ് പുതിയ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച നടക്കാന്‍പോകുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ പലയിടത്തും സംഘര്‍ഷം നടന്നു. രാജ്യം ഭരിക്കുന്നത് ബിജെപി.യാണെന്ന് ഓര്‍ക്കണമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദിന്റെ ഭീഷണിയും, തുടര്‍ന്ന് ഞായറാഴ്ച സിപിഐ(എം). ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ പ്രതിഷേധമാര്‍ച്ചും ചര്‍ച്ചയായി. അതിനിടെയാണ് മോദിയെ പിണറായി കാണുന്നത്.
ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ഉരസല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ തമ്മിലുള്ള ബന്ധത്തെയും പദ്ധതികളുടെ നടത്തിപ്പിനെയും കേന്ദ്രസഹായത്തെയും ബാധിക്കില്ലെന്ന് ഉറപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്. അത് സംസ്ഥാനത്തിന് ദോഷം ചെയ്യുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha