അന്ന് എനിക്ക് അവരോട് യാചിക്കേണ്ടി വന്നു; ഓപ്പണിങ് സ്ഥാനത്തേക്കുള്ള തന്റെ വരവ് അത്ര അനായാസമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി സച്ചിന്‍

ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ഉൾപ്പെടെയുള്ള ഒരുപിടി റെക്കോർഡുകൾ സച്ചിൻ ഉൾപ്പെട്ട കൂട്ടുകെട്ടുകളിൽ പെടുന്നതാണ്. ആദ്യം സൗരവ് ഗാംഗുലി – സച്ചിൻ തെൻഡുൽക്കർ, പിന്നീട് വീരേന്ദർ സേവാഗ് – സച്ചിൻ തെന്‍ഡുൽക്കർ..എന്നിങ്ങനെ തുടങ്ങി കൂട്ടുകെട്ടുകൾ. എന്നാൽ ഓപ്പണിങ് സ്ഥാനത്തേക്കുള്ള തന്റെ വരവ് അത്ര അനായാസമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ.
ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ വേണ്ടി ടീം മാനേജ്‌മെന്റിന് മുന്നില്‍ യാചിക്കേണ്ടിവന്ന സംഭവമാണ് സച്ചിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1994-ല്‍ ഓക്ക്‌ലാന്‍ഡില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഏകദിനത്തിന് മുമ്പായിരുന്നു ഈ സംഭവം. ഓപ്പണറായി ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ടീം മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു സച്ചിന്‍.
'നേരത്തെ ഇറങ്ങി എതിര് ടീമിന്റെ ബൗളര്‍മാരെ നേരിടാം എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ മധ്യനിര ബാറ്റ്‌സ്മാനായ എനിക്ക് ഓപ്പണറാകാനുള്ള അവസരത്തിനായി യാചിക്കേണ്ടിവന്നു. ഞാന്‍ പരാജയമാകുകയാണെങ്കില്‍ ഇനി ഒരിക്കലും നിങ്ങള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി വരില്ലെന്നും ഞാന്‍ അന്ന് പറഞ്ഞു.' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സച്ചിന്‍ പറയുന്നു.
അങ്ങനെ 1994-ല്‍ സച്ചിന്‍ ആദ്യമായി ഓപ്പണറായി ബാറ്റിങ്ങിന് ഇറങ്ങി 49 പന്തില്‍ 82 റണ്‍സ് നേടി. ഇതോടെ അവസരത്തിനായി പിന്നീട് ആരുടേയും മുന്നില്‍ യാചിക്കേണ്ടി വന്നില്ലെന്നും പിന്നീട് തന്നെ ഓപ്പണറാക്കാന്‍ വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നെന്നും സച്ചിന്‍ പറയുന്നു.
https://www.facebook.com/Malayalivartha