സവാരിയുടെ പണം വാങ്ങാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ ഡ്രൈവര്‍ക്ക് പാക്ക് താരങ്ങള്‍ക്ക് ഒപ്പം അത്താഴത്തിന് അവസരം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നകയാണല്ലോ. അപ്പോഴാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ അഞ്ചു താരങ്ങളും ബ്രിസ്‌ബെയ്‌നിലെ ഒരു ഇന്ത്യന്‍ ടാക്‌സി ഡ്രൈവറും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പുറത്തുവരുന്നത്. അതെക്കുറിച്ച് എല്ലാവരേയും അറിയിച്ചത് എബിസി റേഡിയോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആലിസണ്‍ മിച്ചലാണ്.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനായി ബ്രിസ്‌ബെയ്‌നിലെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്നത് നഗരത്തിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു. ഇതിനിടെ ടീമംഗങ്ങളായ യാസിര്‍ ഷാ, മുഹമ്മദ് ഇമ്രാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, മൂസ ഖാന്‍ എന്നിവര്‍ക്ക് നഗരത്തിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകണമെന്ന് മോഹം. ഹോട്ടല്‍ അധികൃതര്‍ ഇവര്‍ക്കായി ടാക്‌സി വിളിച്ചു നല്‍കി. വിളിച്ചുവരുത്തിയ ടാക്‌സിയുടെ ഡ്രൈവര്‍ ഇന്ത്യാക്കാരനായിരുന്നു.
പാക് താര സംഘത്തെ ഇന്ത്യന്‍ റസ്റ്ററന്റില്‍ എത്തിച്ച ഇന്ത്യക്കാരനായ ഡ്രൈവര്‍, അവരില്‍നിന്ന് പണം വാങ്ങാന്‍ വിസമ്മതിച്ചു. പാക്ക് ക്രിക്കറ്റ് താരങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു ഇത്. പണം വാങ്ങാന്‍ വിസമ്മതിച്ച ടാക്‌സി ഡ്രൈവറെ ഉടന്‍ തന്നെ പാക്ക് സംഘം അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചു. പാക്ക് താരങ്ങളുടെ സ്‌നേഹത്തോടെയുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. അത്താഴത്തിനിടെ താരങ്ങള്‍ക്കൊപ്പം ഫോട്ടോയുമെടുത്താണ് ഡ്രൈവര്‍ മടങ്ങിയത്.
സംഭവം പുറത്തെത്തിച്ച ആലിസണ്‍ മിച്ചലിനോട് ഇക്കാര്യം പങ്കുവച്ചത് അതേ ഡ്രൈവര്‍ തന്നെയാണ്. സ്റ്റേഡിയത്തിലേക്കു പോകാന്‍ ഇതേ ഡ്രൈവറുടെ കാറില്‍ കയറിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം ആലിസണെ അറിയിച്ചത്. അവര്‍ ക്രിക്കറ്റ് കമന്ററിക്കിടെ ഇക്കാര്യം ആരാധകരിലുമെത്തിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും ഇന്ത്യന്‍ ടാക്‌സി ഡ്രൈവറും തമ്മിലുള്ള ഈ സൗഹൃദകഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഒട്ടേറെ ഇന്ത്യ-പാക്ക് ആരാധകര്‍ ആലിസണ്‍ ഇക്കാര്യം പങ്കുവയ്ക്കന്ന വിഡിയോ ട്വിറ്ററിലുള്‍പ്പെടെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha