പ്രഥമ വനിതാ അണ്ടര്‍ 19 ലോകകീരിടം സ്വന്തമാക്കി ഇന്ത്യ

പ്രഥമ വനിതാ അണ്ടര്‍ 19 ലോകകീരിടം ഇന്ത്യ സ്വന്തമാക്കി. സിനീയര്‍ ടീമിലെ സ്ഥിരാംഗം ഷഫാലി വര്‍മ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കായി ആദ്യ കിരീടം സമ്മാനിച്ച് കൗമാരപ്പട, ആധികാരികമായാണ് കിരീടത്തിലേക്ക് എത്തിയത്. ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിനൊതുക്കിയ ഇന്ത്യ, ആറ് ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി കിരീടം നേടി.
പത്താം ഓവറില്‍ 39/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനായി നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സ് നേടിയ റയാന മക്‌ഡോണാള്‍ഡ് -ഗെ ആണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്‌കോറര്‍.രണ്ട് വിക്കറ്റുകള്‍ വീതം നേടിയ പര്‍ഷവി ചോപ്ര, ടിറ്റ സധു, അര്‍ച്ചന ദേവി എന്നിവരാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്.
ഷഫാലി, സോനം യാദവ്, മന്നത് കശ്യപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഷഫാലി(15), ശ്വേത സെഹ്‌റാവത്ത്(5) എന്നിവരെ വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരി(24), ഗോംഗാഡി തൃഷ(24) എന്നിവര്‍ ചേര്‍ന്ന് വിജയം വേഗത്തിലാക്കി.
ഹന്നാ ബേക്കറുടെ പന്തില്‍ സിംഗിള്‍ നേടി വിജയം കുറിച്ച ശ്വേത തിവാരിയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ കിരീടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തീര്‍ത്തത്.
"
https://www.facebook.com/Malayalivartha