ഇങ്ങനേയും കളിക്കാം... ഐപിഎല്‍ ഈ സീസണിലെ ആദ്യ സെഞ്ചറി കുറിച്ച് വിരാട് കോലി നടത്തിയ പടയോട്ടം വിഫലം; കോലിയുടെ സെഞ്ചറിക്ക് ഫോമിലേക്കു മടങ്ങിയെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ സെഞ്ചറിയിലൂടെ മറുപടി; സഞ്ജുവിനും ഫിഫ്റ്റി; രാജസ്ഥാന് അനായാസ വിജയം

വിരാട് കോലി കസറിയെങ്കിലും മലയാളി താരം സഞ്ജു സാംസന്റെ ക്യാപ്റ്റന്‍ മികവില്‍ രാജസ്ഥാന് മിന്നും വിജയം. ഐപിഎല്‍ ഈ സീസണിലെ ആദ്യ സെഞ്ചറി കുറിച്ച് വിരാട് കോലി നടത്തിയ പടയോട്ടം വിഫലം. കോലിയുടെ സെഞ്ചറിക്ക് ഫോമിലേക്കു മടങ്ങിയെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ സെഞ്ചറിയിലൂടെ മറുപടി നല്‍കിയ രാജസ്ഥാന്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചറി കൂടി ചേര്‍ന്നതോടെ അനായാസം വിജയത്തിലെത്തി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍, 5 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഓപ്പണര്‍ ജോസ് ബട്ലര്‍ 58 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയാണ് ബട്‌ലര്‍ സെഞ്ചറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചറിയും (42 പന്തില്‍ 69) രാജസ്ഥാന്‍ വിജയത്തിനു തിളക്കമേറ്റി.
ഓരോ സിക്‌സിനും 6 വീടുകള്‍ക്ക് സോളാര്‍ എനര്‍ജി; വൈറലായി രാജസ്ഥാന്റെ പിങ്ക് പ്രോമിസ്, ഒപ്പം ട്രോളും
ഇതിനിടെ, ഐപിഎലില്‍ 4000 റണ്‍സ് പിന്നിടുന്ന 16ാമത്തെ താരമായും സഞ്ജു മാറി. 4000 റണ്‍സ് പിന്നിടുമ്പോള്‍ സഞ്ജുവിനേക്കാള്‍ (137.23) മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ളത് എ.ബി. ഡിവില്ലിയേഴ്‌സ് (151.68), ക്രിസ് ഗെയ്ല്‍ (148.96) ഡേവിഡ് വാര്‍ണര്‍ (140) എന്നിവര്‍ക്കു മാത്രം. സീസണിലെ നാലാം ജയം കുറിച്ച രാജസ്ഥാന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണില്‍ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ബാംഗ്ലൂര്‍ രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പേ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായതിന്റെ ഞെട്ടലില്‍നിന്ന് രാജസ്ഥാനെ കരകയറ്റിയ ജോസ് ബട്ലര്‍ സഞ്ജു സാംസണ്‍ സഖ്യം, സെഞ്ചറി കൂട്ടുകെട്ടുമായി രാജസ്ഥാന്‍ വിജയത്തിന് അടിത്തറയിട്ടു. 86 പന്തില്‍നിന്ന് ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 148 റണ്‍സ്! ഐപിഎലില്‍ സഞ്ജു ബട്‌ലര്‍ സഖ്യത്തിന്റെ മൂന്നാം സെഞ്ചറി കൂട്ടുകെട്ടാണിത്. മുഹമ്മദ് സിറാജിനു വിക്കറ്റ് സമ്മാനിച്ച് സഞ്ജുവും, പിന്നാലെ കാര്യമായ സംഭാവനകള്‍ കൂടാതെ റിയാന്‍ പരാഗ് (നാലു പന്തില്‍ നാല്), ധ്രുവ് ജുറല്‍ (മൂന്നു പന്തില്‍ രണ്ട്) എന്നിവരും പുറത്തായെങ്കിലും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് ബട്ലര്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
ബാംഗ്ലൂരിനായി റീസ് ടോപ്‌ലി നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യഷ് ദയാല്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. മയാങ്ക് ദാഗര്‍ രണ്ട് ഓവറില്‍ 34 റണ്‍സും ഹിമാന്‍ഷു ഷര്‍മ രണ്ട് ഓവറില്‍ 29 റണ്‍സും വഴങ്ങി.
നേരത്തേ, സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ തന്റെ ആദ്യ ഐപിഎല്‍ അര്‍ധസെഞ്ചറിക്ക് ഈ സീസണിലെ ആദ്യ ഐപിഎല്‍ സെഞ്ചറിയുടെ തിളക്കം നല്‍കിയ വിരാട് കോലിയുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീര്‍ത്ത് കോലി മിന്നിത്തിളങ്ങിയതോടെയാണ് രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ അവര്‍ 184 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി, നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്.
67 പന്തില്‍നിന്നും സെഞ്ചറിയിലെത്തിയ കോലി, ഈ സീസണിലെ ആദ്യ സെഞ്ചറി തന്റെ പേരിലാക്കി. മത്സരത്തിലാകെ 72 പന്തുകള്‍ നേരിട്ട താരം, 12 ഫോറും നാലു സിക്‌സും സഹിതം 113 റണ്‍സുമായി പുറത്താകാതെ നിന്നു. ഡുപ്ലേസി 33 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 84 പന്തില്‍ 125 റണ്‍സ്!
അതേസമയം, ഓപ്പണര്‍മാര്‍ക്കു പുറമേ ക്രീസിലെത്തിയവര്‍ക്ക് കാര്യമായി തിളങ്ങാനാകാതെ പോയത് ആര്‍സിബിക്ക് തിരിച്ചടിയായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (മൂന്നു പന്തില്‍ ഒന്ന്), അരങ്ങേറ്റ താരം സൗരവ് ചൗഹാന്‍ (ആറു പന്തില്‍ ഒന്‍പത്) എന്നിവരെല്ലാം നിരാശപ്പെടുത്തി. രാജസ്ഥാനായി യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്റെ പ്രകടനവും ശ്രദ്ധേയമായി. നാന്ദ്രെ ബര്‍ഗര്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha