ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം
മലയാളിയായ സഞ്ജു സാംസന്റെ മികച്ച ഫോം കണ്ടാണ് ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം ഒരു മത്സരത്തിലും സഞ്ജുവിനോ രാജസ്ഥാന്‍ റോയല്‍സിനോ മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചടിയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കിങ്‌സിനോടും തോറ്റ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനം തുടരുന്നു.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് രാജസ്ഥാനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 144 റണ്‍സ്. ഏഴു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജത്തിലെത്തി. ഈ സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പൊരുതി നേടിയ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ സാം കറനാണ് പഞ്ചാബിന്റെ വിജയശില്‍പി. സാം കറന്‍ 41 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 63 റണ്‍സുമായി പുറത്താകാതെ നിന്നു. കറനു പുറമേ ജിതേഷ് ശര്‍മ (20 പന്തില്‍ രണ്ടു സിക്‌സുകള്‍ സഹിതം 22), റൈലി റൂസോ (13 പന്തില്‍ അഞ്ച് ഫോറുകളോടെ 22) എന്നിവരുടെ ഇന്നിങ്‌സുകളും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. അശുതോഷ് ശര്‍മ 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സുമായി സാം കറനൊപ്പം പുറത്താകാതെ നിന്നു.
ജോണി ബെയര്‍സ്റ്റോ (22 പന്തില്‍ ഒരു ഫോര്‍ സഹിതം 14), പ്രഭ്‌സിമ്രാന്‍ സിങ് (നാലു പന്തില്‍ ആറ്), ശശാങ്ക് സിങ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. രാജസ്ഥാനായി ആവേശ് ഖാന്‍ 3.5 ഓവറില്‍ 28 റണ്‍സ് വഴങ്ങിയും യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, വെറും രണ്ടു റണ്‍സിന് അര്‍ധസെഞ്ചറി നഷ്ടമായെങ്കിലും 34 പന്തില്‍ 48 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ കരുത്തിലാണ് രാജസ്ഥാന്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ 145 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. ഒരിക്കല്‍ക്കൂടി ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോള്‍, നാലാം വിക്കറ്റില്‍ പരാഗ് രവിചന്ദ്രന്‍ അശ്വിന്‍ സഖ്യം നേടിയ അര്‍ധസെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അശ്വിന്‍ 19 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത് പുറത്തായി.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സെടുത്തത്. 34 പന്തില്‍ ആറു ഫോറുകള്‍ സഹിതം 48 റണ്‍സെടുത്താണ് പരാഗ് ടോപ് സ്‌കോററായത്. ഈ മത്സരത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടു താരങ്ങള്‍ ഇതാദ്യമായി ഒരേ സീസണില്‍ 500 റണ്‍സ് നേട്ടം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരാണ് ഇന്നലത്തെ മത്സരത്തോടെ 500 റണ്‍സെന്ന നാഴികക്കല്ലു പിന്നിട്ടത്.
ജോസ് ബട്‌ലറിന്റെ അഭാവത്തില്‍ ഓപ്പണറായി എത്തിയ ടോം കോലര്‍ കാഡ്‌മോര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ 23 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ പന്തില്‍ത്തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും, നാലാം പന്തില്‍ പുറത്തായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ മൂന്നു ഫോറുകളോടെ നേടിയത് 18 റണ്‍സ്. ട്രെന്റ് ബോള്‍ട്ട് ഒന്‍പതു പന്തില്‍ രണ്ടു ഫോറുകളോടെ 12 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി.
ധ്രുവ് ജുറൈല്‍ (0), റൂവ്മന്‍ പവല്‍ (അഞ്ച് പന്തില്‍ നാല്), ഇംപാക്‌സ് സബ്ബായി എത്തിയ ഡൊണോവന്‍ ഫെറെയ്ര (എട്ടു പന്തില്‍ ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. ആവേശ് ഖാന്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയും ക്യാപ്റ്റന്‍ സാം കറന്‍ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ എല്ലിസ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha