പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി.
കളിയെ ഹൈദരാബാദിന്റെ വരുതിയില്‍ നിന്ന് കൊല്‍ക്കത്തയുടെ ഉള്ളം കൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. തന്റെ ആദ്യ രണ്ടോവറില്‍ തന്നെ സ്റ്റാര്‍ക്ക് സണ്‍ റൈസേഴ്‌സിന്റെ മനോവീര്യം തകര്‍ത്തു.
ആദ്യ ഓവറില്‍ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി പവര്‍പ്ലേയില്‍ത്തന്നെ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.160 വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസമായിരുന്നു.
ക്യാപ്റ്റന്‍ പാറ്റ് കമിന്‍സെറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ കൊല്‍ക്കത്തയുടെ പ്രഹരമുണ്ടായി. റഹ്മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് 20 റണ്‍സാണ് കമിന്‍സിന്റെ ഓവറില്‍ നേടിയത്. മൂന്നോവറില്‍ ടീം 44 റണ്‍സെടുത്തു. നാലാം ഓവറില്‍ ഗുര്‍ബാസ് (12 പന്തില്‍ 23) മടങ്ങിയെങ്കിലും കൊല്‍ക്കത്തയെ ബാധിച്ചില്ല. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്.
കമിന്‍സ് എറിഞ്ഞ ഓവറില്‍ സുനില്‍ നരെയ്‌നും (16 പന്തില്‍ 21) പുറത്തായി. ടീം സ്‌കോര്‍ 67ല്‍ നില്‍ക്കേയായിരുന്നു ഇത്. തുടര്‍ന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍, വെങ്കടേഷ് 28 പന്തില്‍ 51 റണ്‍സ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്‌സില്‍ നാലുവീതം സിക്‌സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.
പവര്‍പ്ലേയ്ക്ക് ശേഷം ഒരോവറില്‍ പോലും 11ല്‍ കുറഞ്ഞ റണ്‍സ് വന്നില്ല. 14ാം ഓവര്‍ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6,4,6,6 എന്ന രീതിയില്‍ അടിച്ചകറ്റി. ഇതോടെ കൊല്‍ക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യര്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.
നേരത്തേ ഹൈദരാബാദ് നിരയില്‍ നിശ്ചിത 20 ഓവര്‍ തികയ്ക്കുക പോലും ചെയ്യാതെ പത്തുപേരും മടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (30) ചേര്‍ന്നാണ് ടീം സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.ഓപ്പണര്‍മാരായി വന്നവര്‍ ആദ്യ രണ്ടോവറില്‍ മടങ്ങിയത് ടീമിനെ ഉലയ്ക്കുകയും ചെയ്തു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ട്രാവിസ് ഹെഡും (0) വൈഭവ് അറോറയുടെ രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയും (3) പുറത്തായി. അഞ്ചാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹ്മദിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി സ്റ്റാര്‍ക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു. ഇതോടെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും (12 കളിയില്‍ ഒന്‍പത് വിക്കറ്റ്) സ്റ്റാര്‍ക്കിന് കഴിഞ്ഞു. 10 വിക്കറ്റുകളോടെ ഭുവനേശ്വര്‍ കുമാറാണ് ഒന്നാമത്.
"
https://www.facebook.com/Malayalivartha