ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി20 പോരാട്ടത്തില്‍ ഏഴുറണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി20 പോരാട്ടത്തില്‍ ഏഴുറണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കേപ്ടൗണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 172/7 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 165/6 ലേ എത്താനായുള്ളൂ. ഏകദിന പരമ്പര 51 ന് ജയിച്ചതിന് പിന്നാലെയാണ് ട്വന്റി20 പരമ്പര നേട്ടം. ഇതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇന്നലെ ടീം ഇന്ത്യയെ നയിച്ചത്. രോഹിതിന്റെ ( 11) വിക്കറ്റ് തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടീംസ്‌കോര്‍ 14ല്‍ വച്ച് ഡാല രോഹിതിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌ന (27 പന്തില്‍ 43) ധവാനോടൊപ്പം ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി.
അര്‍ദ്ധ സെഞ്ച്വറിയിലേക്ക് ബാറ്റ വീശുകയായിരുന്ന റെയ്‌നയെ ടീം സ്‌കോര്‍ 79ല്‍ വച്ച് ഷംസി ബഹാര്‍ദ്ദീന്റെ കൈയില്‍ എത്തിച്ചു. 5 ഫോറും 1 സിക്‌സും റെയ്‌നയുടെ ബാറ്റില്‍ നിന്ന് പറന്നു. തുടര്‍ന്ന് മനീഷ് പാണ്ഡേ(13) പതിനാലാം ഓവറില്‍ പുറത്തായി. 40 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത ധവാന്‍ 16ാം ഓവറല്‍ പുറത്തായ ശേഷം ഹാര്‍ദിക്ക് പാണ്ഡ്യ(21), ധോണി( 12), കാര്‍ത്തിക് (13) എന്നിവര്‍ ചേര്‍ന്ന് 172/7ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഓവറില്‍ത്തന്നെ ഓപ്പണര്‍ ഹെന്‍ട്രിക്‌സിനെ (7) നഷ്ടമായി.ഭുവനേശ്വറിന്റെ പന്തില്‍ ധവാനായിരുന്നു ക്യാച്ച്. 23 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടിയ മില്ലര്‍ പത്താം ഓവറില്‍ പുറത്തായപ്പോള്‍ ആതിഥേയര്‍ 45/2 എന്ന നിലയിലായിരുന്നു.പിന്നീട് ഡുമിനി (55), യോന്‍കര്‍ (49) എന്നിവര്‍ പൊരുതിനിന്നതോടെ ആതിഥേയര്‍ക്ക് പ്രതീക്ഷയേറി. പക്ഷേ ഡുമിനിയെ 16ാം ഓവറില്‍ ശാര്‍ദൂല്‍ താക്കൂര്‍ മടക്കിഅയച്ചു.
യോന്‍കര്‍ അവസാന ഓവര്‍വരെ പൊരുതിനിന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയം നേടിയിരുന്നു. കൊഹ്‌ലിക്ക് പകരം ദിനേഷ് കാര്‍ത്തിക്കും യൂസ്‌വേന്ദ്ര ചഹാലിന് പകരം അക്ഷര്‍ പട്ടേലും ജയദേവ് ഉനദ്കദിന് പകരം ജസ്പ്രീത് ബുംറയും ഇന്നലെ ഇന്ത്യന്‍ ടീമില്‍ കളിച്ചു.
https://www.facebook.com/Malayalivartha