ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസീലൻഡ്; റോസ് ടെയ്‌ലറിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 285 റൺസിന്റെ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ ന്യൂസീലൻഡ് മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ചുറി ന്യൂസീലൻഡ് വിജയത്തിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍(79), ജോ റൂട്ട്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു ഘട്ടത്തിൽ 27/3 എന്ന നിലയിയിൽ പ്രതിരോധത്തിലായിരുന്നു കീവീസ്.
എന്നാൽ നാലാം വിക്കറ്റില്‍ ടോം ലാഥം-റോസ് ടെയിലര്‍ സഖ്യം 178 റണ്‍സ് പടുത്തുയർത്തി. ഈ കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്. റോസ് ടെയ്‌ലർ 113 റൺസും ടോം ലാഥം 79 റൺസും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച മിച്ചൽ സാന്റ്നർ 27 പന്തില്‍ നിന്ന് 4 സിക്സുകള്‍ സഹിതം 45 റണ്‍സ് നേടി കീവീസിനെ വിജയത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha