റയലും യുവന്റസും ഓരോ ഗോള്‍ വിജയവുമായി ചാംപ്യന്‍സ് ലീഗ് സെമിയില്‍

ഓരോ ഗോള്‍ വിജയം പകര്‍ന്ന ഊര്‍ജവുമായി റയല്‍ മഡ്രിഡും യുവന്റസും ചാംപ്യന്‍സ് ലീഗ് സെമിയില്‍. സാന്തിയാഗോ ബര്‍ണബ്യുവില്‍ നടന്ന ചാംപ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഏക ഗോളിന് അത്‌ലറ്റിക്കോ മഡ്രിഡിനെ മറികടന്നാണ് റയല്‍ മഡ്രിഡ് സെമിയിലെത്തിയത്. മൊണോക്കോയ്‌ക്കെതിരായ രണ്ടാം പാദ മല്‍സരത്തില്‍ സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ ആദ്യ പാദത്തില്‍ നേടിയ ഏക ഗോള്‍ വിജയത്തിന്റെ പിന്‍ബലത്തിലാണ് യുവന്റസിന്റെ സെമി പ്രവേശം.
ഇതോടെ, ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഇത്തവണ മല്‍സരിക്കാനുള്ള ടീമുകളേതൊക്കെയെന്ന് തീരുമാനമായി. ബാര്‍സിലോനയും ബയണ്‍ മ്യൂണിക്കും നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു. ഇരുപാദങ്ങളിലുമായി ഗോള്‍മഴ തീര്‍ത്താണ് ബയണും(7-4) ബാര്‍സിലോനയും(5-1) സെമിയിലേക്ക് മാര്‍ച്ചു ചെയ്തതെങ്കില്‍ ഒരൊറ്റ ഗോളിന്റെ മുന്‍തൂക്കം കൈമുതലാക്കിയാണ് റയലിന്റെയും യുവന്റസിന്റെയും സെമി പ്രവേശം. നിലവിലെ ചാംപ്യന്‍മാരായ റയലിന്റെ തുടര്‍ച്ചയായ അഞ്ചാം ചാംപ്യന്‍സ് ലീഗ് സെമിയാണിത്.
രണ്ടാം പാദ ക്വാര്‍ട്ടറിന്റെ 88-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഗോളിനാണ് റയല്‍ നിത്യശത്രുക്കളായ അത്‌ലറ്റിക്കോ മഡ്രിഡിനെ തകര്‍ത്തത്. ഹെര്‍ണാണ്ടസിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണിത്. പരുക്കേറ്റ ഗാരത് ബെയലിനെയും കരിം ബെന്‍സേമയേയും സസ്‌പെന്‍ഷനിലുള്ള മാഴ്‌സലോയേയും കൂടെതെയാണ് റയല്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ റയല്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ 76-ാം മിനിറ്റില്‍ ആര്‍ദെ തുറാന്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തു പോയതോടെ ശക്തി ക്ഷയിച്ച അതലറ്റിക്കോയ്‌ക്കെതിരെ റയല്‍ ലക്ഷ്യം കാണുകയായിരുന്നു. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികച്ചൊരു പാസ് വലയിലെത്തിച്ച് 88-ാം മിനിറ്റിലെ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ചാംപ്യന്‍ ഗോള്‍. കളിയിലാകെ ആറു മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡുമാണ് റഫറി പുറത്തെടുത്തത്.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ മൊണോക്കോയെ സമനിലയില്‍ പിടിച്ചായിരുന്നു യുവന്റസിന്റെ സെമി പ്രവേശം. കളിയുടെ തുടക്കത്തില്‍ മൊണോക്കോ മികച്ച കളി കെട്ടഴിച്ചെങ്കിലും യുവന്റസ് പ്രതിരോധം തകര്‍ക്കാനായില്ല. കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വച്ചത് മൊണോക്കോ ആയിരുന്നെങ്കിലും നീക്കങ്ങളൊന്നും ഗോളിനെത്തിക്കാന്‍ അവര്‍ക്കായില്ല. ഇതോടെ ആദ്യ പാദത്തില്‍ നേടിയ ഏകഗോള്‍ വിജയത്തിന്റെ അകമ്പടിയോടെ യുവന്റസ് സെമിയിലെത്തി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യുവന്റസിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് സെമിയാണിത്.
https://www.facebook.com/Malayalivartha