കേരള ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തെഴുന്നേൽപ്പ്; ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി

കേരള ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ചെന്നൈയിന്‍ എഫ്സിയെ മൂന്ന് ഗോളിന് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്‍ ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.ആദ്യ മത്സരങ്ങളിലെ പതര്‍ച്ചയ്ക്കുശേഷമാണ് ഈ കുതിപ്പ്. കഴിഞ്ഞ കളിയില്‍ ചാമ്ബ്യന്‍മാരായ മുംബൈ സിറ്റിക്കെതിരെ നടത്തിയ മികവ് ആവര്‍ത്തിച്ചു ഇവാന്‍ വുകോമനോവിച്ചും ടീമും. ഏഴ് കളിയില്‍ മൂന്ന് വീതം ജയവും സമനിലയും ഒരു തോല്‍വിയുമായി 12 പോയിന്റായി ബ്ലാസ്റ്റേഴ്സിന്. മുംബൈയാണ് (15) ഒന്നാമത്. ജോര്‍ജ് ഡയസ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ചെന്നൈയിനെതിരെ ലക്ഷ്യം കണ്ടത്.
തുടര്‍ച്ചയായ രണ്ടാം കളിയിലും അച്ചടക്കത്തോടെ പന്തുതട്ടി ബ്ലാസ്റ്റേഴ്സ്. കൃത്യമായിരുന്നു പദ്ധതികള്‍. പിഴവുകളില്ലാത്ത ആസൂത്രണം ഫലത്തിലെത്തി. ഒമ്ബതാം മിനിറ്റില്‍ പുയ്ട്ടിയ നല്‍കിയ പന്തുമായി മുന്നേറി ഡയസ് തൊടുത്തു. ബ്ലാസ്റ്റേഴസ് ആഘോഷിച്ചു. ഒന്നാംഗോള്‍ വഴങ്ങിയപ്പോള്‍ ചെന്നൈയിന്‍ ഉണര്‍ന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ജര്‍മന്‍പ്രീതിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് മുമ്ബ് സഹല്‍ ലീഡുയര്‍ത്തി.
രണ്ടാംപകുതിയും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളോടെയാണ് ആരംഭിച്ചത്. ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോയുടെ ഷോട്ട് ബാറില്‍തട്ടി മടങ്ങി. ഒന്നിച്ച് പ്രതിരോധിച്ച് മിന്നല്‍ പ്രത്യാക്രമണത്തിലൂടെ മുന്നേറുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രീതി. ഇതിന് മുന്നില്‍ ചെന്നൈയിന് പിടിവിട്ടു. കളിയവസാനം മൂന്നാം ഗോളും കുറിച്ച് ലൂണ മഞ്ഞപ്പടയുടെ ജയം ഊട്ടിയുറപ്പിച്ചു. 26ന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
https://www.facebook.com/Malayalivartha