മെസിയുടെ ആരാധകര്‍ ചൊടിക്കരുത്, ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി കിരീടം നേടില്ല. ഈ ലോക കപ്പ് മെസിക്കുള്ളതല്ല....കിരീടം നേടില്ലെന്നു പറയാന്‍ കാരണങ്ങൾ രണ്ട്...ഒന്ന് മെസിയുമായി മറ്റൊന്ന് അര്‍ജ്ജന്റീനയുമായി ബന്ധപ്പെട്ടതും, ഇതിഹാസതാരം ലയണല്‍ മെസിയുടെ കഥ...!

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി കിരീടം നേടില്ല. ഈ ലോക കപ്പ് മെസിക്കുള്ളതല്ല. മെസിയുടെ ആരാധകര്‍ ചൊടിക്കരുത്. വസ്തു നിഷ്ഠമായൊരു വിലയിരുത്തലാണിത്. ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കാണുകയും കേള്‍ക്കുകയും മനസില്‍ വയ്ക്കുകയും ചെയ്യുക. നിങ്ങളുടെ എതിരഭിപ്രായങ്ങള്‍ മുഖം നോക്കാതെ രേഖപ്പെടുത്തുക. അങ്ങേറ്റം മൂല്യവത്താണ് നിങ്ങളുടെ അഭിപ്രായങ്ങള്‍.
ശ്രദ്ധിച്ചു തന്നെ വായിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു. ഇത് ആദ്യഭാഗം മാത്രമാണെന്നും ഓര്‍ക്കുക.ഒരു കളിക്കാരന്‍ ഇതിഹാസമാകുന്നത് അയാള്‍ കളിയുടെ സങ്കേതങ്ങള്‍ക്കും സൗന്ദര്യശാസ്ത്രത്തിനും നല്‍കുന്ന മൗലിക സംഭാവനകളുടെ അടിസ്ഥാനത്തിലാണ്. കളിക്കകത്ത് മറ്റൊരു കളിയുടെ സങ്കേതിക ലോകവും സൗന്ദര്യ ലോകവും അയാള്‍ സൃഷ്ടിക്കുന്നു. ഇവിടെ കിരീടങ്ങളുടെ എണ്ണവും ബാലന്‍ ഡി ഓറുകളുടെ എണ്ണവും അപ്രസക്തമാകുന്നു.
പെലേയും മറഡോണയും ഗാരിഞ്ചയും സീക്കോയും സോക്രട്ടീസും ഗുള്ളിറ്റും വാന്‍ബാസ്റ്റനും കാര്‍ലോസ് വാള്‍റാമയും കളം വിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസില്‍ ജീവിക്കുന്നത് അതുകൊണ്ടാണ്. മെസിയെക്കുറിച്ചു പഠിക്കുമ്പോള്‍ മനസില്‍ സൂക്ഷിക്കേണ്ടൊരു വസ്തുതയാണിത്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ മെസിക്കു നേടാന്‍ ഇനി ഒരു കിരീടമേ ശേഷിക്കുന്നുള്ളു. കാല്‍പ്പന്തിന്റെ ലോക കിരീടമാണത്. ഖത്തറില്‍ മെസി അതും കൂടി നേടുമെന്ന കടുത്ത വിശ്വാസത്തിലാണ് ആരാധകര്‍. അങ്ങനെ വിശ്വസിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. വസ്തുതകളുടെ പിന്‍ബലത്തില്‍ മറിച്ചു ചിന്തിക്കാന്‍ ഞങ്ങള്‍ക്കും.
രണ്ടായിരത്തിപ്പതിന്നാലിലെ ബ്രസീല്‍ ലോകകപ്പില്‍ മെസിയുടെ അര്‍ജ്ജന്റീന രണ്ടാം സ്ഥാനത്തു വന്നിരുന്നു. ഫൈനലില്‍ ജര്‍മനിയോട് ഒരു ഗോളിന് തോറ്റു. അന്ന് മെസിയുടെ പ്രായം വെറും ഇരുപത്തിയാറായിരുന്നു. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ സെമിയിലെത്താന്‍ പോലുമായില്ല. ക്ലബ്ബ് ഫുട്‌ബോളില്‍ മെസി ജ്വലിച്ചു നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. ഖത്തറില്‍ മെസി ഇറങ്ങുമ്പോള്‍ പ്രായം മുപ്പത്തിനാല് കഴിയുന്നു. ഇവിടെ ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാനാകും. മെസി വിരമിക്കുമ്പോള്‍ ലോകകപ്പിനെ സംബന്ധിച്ച് അവശേഷിക്കുന്നത് രണ്ടായിരത്തി പതിന്നാലിലെ രണ്ടാം സ്ഥാനം മാത്രമായിരിക്കും. മെസിയുടെ പ്രായമല്ല ഈ നിഗമനത്തിനാധാരം എന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.
എന്തായാലും ഖത്തറിലെ ലോക കിരീടം മെസിക്കുള്ളതല്ല. മറിച്ചു സംഭവിക്കാുവാനുള്ള സാധ്യതകളൊന്നും നിലവിലില്ല. മെസിയുടെ ആരാധകര്‍ ബേജാറാകരുത്. തല്‍ക്കാലം വികാരങ്ങള്‍ മാറ്റിവച്ച് ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. മെസി കിരീടം നേടില്ലെന്നു പറയാന്‍ രണ്ടു കാരണങ്ങളുണ്ട്. അതിലൊന്ന് മെസിയുമയി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് അര്‍ജ്ജന്റീനയുമായി ബന്ധപ്പെട്ടതും. മെസിയിലാണ് നമ്മുടെ ഊന്നല്‍ എന്നതിനാല്‍ രണ്ടാമത്തെ കാര്യം അല്‍പ്പമൊന്നു സൂചിപ്പിക്കാനേ ഇവിടെ മുതിരുന്നുള്ളു.
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ അര്‍ജ്ജന്റീനയുടെ ഫുട്‌ബോള്‍ സംഘടന. അഴിമതിയും കെടുകാര്യസ്ഥതയും കുറവല്ല. പ്രദേശിക ലീഗുകളുടെ നടത്തിപ്പുപോലും അവതാളത്തില്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗ്രാസ്‌റൂട്ട് ഫുട്‌ബോളും തകര്‍ച്ചയിലാണ്. ചുരുക്കത്തില്‍ അവരുടെ ഇതിഹാസതാരങ്ങളായ മരിയോ കെമ്പസിനേയും മറഡോണയേയും റിക്വില്‍മിയേയും മെസിയേയും താരപദവിയിലേക്കുയര്‍ത്തിയ സാഹചര്യങ്ങളൊന്നും അര്‍ജ്ജന്റീനയില്‍ ഇന്ന് അതേ രീതിയില്‍ നിലനില്‍ക്കുന്നില്ല.
കുറച്ചു ശരാശരി കളിക്കാര്‍ എങ്ങനയോ ഉയര്‍ന്നു വരുന്നു. അവര്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ അവരുടെ കനത്ത പാരമ്പര്യത്തിന്റെ ഊര്‍ജ്ജം മാത്രമാണ് അതിനു കാരണം. ഒരു ലോകകപ്പു ജയിക്കാന്‍ പക്ഷേ ഈ ഉര്‍ജ്ജം മാത്രം മതിയാവില്ല. 1986-ല്‍ മറഡോണ ലോകകപ്പു നേടുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ അവയെ മറികടക്കാനുള്ള പ്രതിഭയും ഉള്‍ക്കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ മറഡോണയല്ല മെസിയെന്നും ഓര്‍ക്കുക.
വലിയ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന വിഷയമാണിതെങ്കിലും നമ്മുടെ പ്രധാന വിഷയം മെസിയാണെന്നതിനാല്‍ തല്‍ക്കാലം അവ മറ്റൊരവസരത്തതിലേക്ക് മാറ്റിവയ്ക്കുന്നു. ഇനി നമുക്ക് മെസിലേക്കുവരാം. തുക്കത്തില്‍ 'ഇവനെന്റെ പ്രീയപുത്രന്‍' എന്ന് എപ്പോഴും പറയുമായിരുന്നെങ്കിലും അവസാനകാലത്ത് മെസിയുടെ കടുത്ത വിമര്‍ശകനായിരുന്നു മറഡോണ. 2016-ലെ കോപ്പാ അമേരിക്കാ ഫൈനലിലെ പരാജയത്തെത്തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു വിരമിക്കുമെന്ന് മെസി സൂചിപ്പിച്ചിരുന്നു.
ഇവിടം മുതലാണ് മറഡോണ മെസിയെ വിമര്‍ശിച്ചു തടുങ്ങുന്നത്. വീണ്ടും ടീമിലേക്ക് തിരിച്ചുവരുന്നു എന്നു പറഞ്ഞപ്പോഴും മറഡോണ രംഗത്തു വന്നു. രണ്ടു സന്ദര്‍ഭങ്ങളിലും മെസിയെക്കുറിച്ച് അദ്ദേഹം ഉന്നിച്ച ആക്ഷേപങ്ങളില്‍ പ്രധാനം മെസിക്ക് വ്യക്തിത്വമില്ല എന്നതായിരുന്നു. കളിക്കാരന് പ്രതിഭമാത്രം പോരാ കരുത്തുള്ളൊരു മനസും മറ്റു ചില ഗുണങ്ങളും കൂടി വേണമെന്നാണ് മറഡോണ പറഞ്ഞതിന്റെ ചുരുക്കം.
വേണമെങ്കില്‍ കണക്കുകള്‍ നിരത്തി മറഡോണയെ ഖണ്ഡിക്കാന്‍ മെസിക്കു കഴിയുമായിരുന്നു, അതദ്ദേഹം ചെയ്തില്ല. മാന്യതയുടേയോ വിനയത്തിന്റേയോ പേരിലാണ് മെസി അങ്ങനെ ചെയ്യാതിരുന്നതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ അതാണ് കാരണമെന്ന് ഉറപ്പിക്കാനാകില്ല. മറഡോണ ചൂണ്ടിക്കാണിച്ചപോലെ വ്യക്തിത്വത്തിലെ ഉറപ്പില്ലായ്മ തന്നെയാകണം കാര്യം.
പെട്ടെന്നു പ്രകോപിതനാകുന്നവനും പ്രതികരിക്കുന്നവനുമാണ് മറഡോണയെങ്കിലും ഇവിടെ സത്യം അദ്ദേഹത്തോടൊപ്പമാണെന്നു കാണാന്‍ പ്രയാസമില്ല. ദേശീയ ടീമില്‍ നിന്നു പിന്മാറ്റം പ്രഖ്യാപിച്ചപ്പോഴും അദ്ദേഹം മടങ്ങിവരുമെന്നു കരുതിയവര്‍ ചുരുക്കമായിരുന്നില്ല. അത്തരത്തിലുള്ളതാണ് മെസിയുടെ വ്യക്തിത്വമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത്തരത്തിലുള്ളതാണ് മെസിയുടെ വ്യക്തിഘടനയും അതിനെ രൂപപ്പെടുത്തിയ പശ്ചാത്തലവുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. സംംഭവത്തിനു ശേഷം ആറുവര്‍ഷം പിന്നിടുന്നു ഇപ്പോഴും മെസി ദേശീയ ടീമില്‍ തന്നെയുണ്ട്.
ഇനി, ഈ വാക്കുകള്‍ ശ്രദ്ധിക്കുക. 'ചേരിയില്‍ നിന്ന് നിങ്ങള്‍ക്കെന്നെ മോചിപ്പിക്കുവാനാകും എന്നാല്‍ എന്നില്‍ നിന്ന് ചേരിയെ മോചിപ്പിക്കാനാകില്ല.' ഉരുക്കില്‍ തീര്‍ത്ത മനസും ശരീരവുമായി കാല്‍പ്പന്തുകളങ്ങളില്‍ അശ്വമേധം നടത്തുന്ന സ്വീഡന്റെ ഇതിഹാസ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വാക്കുകളാണിത്. ' ഐ ആം ഇബ്രാഹിമോവിച്ചെ 'ന്ന ഇബ്രയുടെ പ്രസിദ്ധമായ ആത്മകഥയുടെ ജീവന്‍ കൂടിയാണ് ഈ വാക്കുകള്‍.
താന്‍ ജനിച്ചു വളര്‍ന്ന ചേരിയിലെ വിപരീത ജീവത സാഹചര്യങ്ങളും കളി പരിസരങ്ങളും തന്നിലെ കടുപ്പക്കാരനായ കളിക്കാരനെ സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്കെന്താണെന്ന് പുസ്തകത്തില്‍ നിറം പുരളാതെ വിവരിക്കുന്നുണ്ടദ്ദേഹം. 2009-മുതല്‍ പതിനൊന്നുവരെ ബാഴ്‌സലോണയില്‍ ഇബ്രയുടെ സഹകളിക്കാരന്‍ കൂടിയായിരുന്ന മെസി ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയില്ല. വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ഒരു പുസ്തകം വായിച്ചാല്‍ വ്യക്തിയില്‍ സ്വമേതയാ പതിഞ്ഞു കിടക്കുന്ന മുദ്രകള്‍ക്ക് മാറ്റം വരും എന്നു കരുതിയല്ല ഇതു പറയുന്നത്.
കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ ഇതിഹാസ താരങ്ങളൊന്നും പട്ടുപരവതാനിയിലൂടയെല്ല സഞ്ചരിച്ചിട്ടുളളതെന്ന് അവരുടെ ജീവചരിത്രങ്ങളും ആത്മകഥകളും വാചാലമായി ഉദാഹരിക്കുന്നുണ്ട്. പെലേയും ഗാരിഞ്ചയും ക്രൈഫും ഗുള്ളിറ്റും വാന്‍ബാസ്റ്റനും കാര്‍ലോസ് വള്‍റാമയും സീക്കോയും സോക്രട്ടീസും മറഡോണയും റൊമാരിയോയുമൊന്നും ഇവരില്‍ നിന്നു ഭിന്നരല്ല. ഇവരെല്ലാം അവരവരുടെ കാലങ്ങളില്‍ മെസിയെപ്പോലെ വാഴ്ത്തപ്പെട്ടവരും ആരാധിക്കപ്പെട്ടവരുമാണ്.
കടുത്ത തോല്‍വികളും മികച്ച വിജയങ്ങളും ഭാവവ്യത്യാസമില്ലാതെ സ്വീകരിച്ചവര്‍. കളിയിലേയും വ്യക്തിജീവിതത്തിലേയും പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ മറികടന്നവര്‍. അതു കൊണ്ടാണ് കളം വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാല്‍പ്പന്തിനെ അറിയുന്നവര്‍ അവരെ നെഞ്ചേറ്റുന്നത്. ഇവരെ വിട്ട് പുതിയ തലമുറയിലേക്കുവന്നാലും ഉദാഹരണങ്ങള്‍ കുറവല്ല.
1993-മുതല്‍ 2005-വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡില്‍ കളിക്കുകയും ദീര്‍ഘകാലം അവരെ നയിക്കുകയും ചെയ്ത റോയികീന്‍ എന്ന അയര്‍ലണ്ടുകാരനെ ആരും മറന്നിട്ടുണ്ടാവില്ല. കീനിന്റെ ജീവചരിത്രമായ 'സെക്കന്റ് ഹാഫ്' 1998-മുതല്‍ 2015-വരെ ദീര്‍ഘമായ പതിനേഴുവര്‍ഷം ലിവര്‍പൂളിന്റെ മിഡ്ഫീല്‍ഡറായിരുന്ന സ്റ്റീഫന്‍ ജെറാള്‍ഡിന്റെ 'മൈ സ്റ്റോറി' ഉറൂഗ്വന്‍ താരമായ സുവാരസിന്റെ 'ക്രോസിംഗ് ദി ലൈന്‍' എന്നീ പുസ്തകങ്ങളും തുറന്നു വയ്ക്കുന്നത് ഇതേ ലോകത്തെ തന്നെയാണ്. ഇവരാരും പട്ടുവിരിപ്പുകളിലൂടെ ജീവിതത്തെ മറികടന്നവരോ മറികടക്കുന്നവരോ അല്ല.
ഈ പശ്ചാത്തലത്തിലാണ് എന്തു കൊണ്ട് മെസി.? എന്ന ചോദ്യം പ്രസക്തമാകുന്നത്. ഉത്തരം, പറഞ്ഞു കേള്‍ക്കുന്നതു പോലെ ലളിതമല്ല. അതു മനസിലാക്കാന്‍ മെസിയുടെ വ്യക്തി ജീവതത്തേയും കളി ജീവിതത്തേയും അടുത്തറിയുക തന്നെ വേണം.
അര്‍ജ്ജന്റീനയിലെ ജനനിബിഡമായ നഗരമാണ് റൊസാരിയോ. അനശ്വര വിപ്ലകകാരി ചെഗുവേരയുടെ ജന്മസ്ഥലം കൂടിയാണിത്. ഇവിടെ 1987 ജൂണ്‍ ഇരുപത്തിനാലിനാണ് മെസി ജനിക്കുന്നത്. 1986-ജൂണ്‍ ഇരുപത്തിയൊമ്പതിന്. മറഡോണ ലോകകപ്പു നേടി ഒരു വര്‍ഷം തികയുന്നതിന് മുമ്പ്. തെക്കന്‍ റൊസാരിയോയില്‍പ്പെട്ട ഗ്രാന്‍ ഡോലിയിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനികളിലൊന്നായ അസിന്‍ഡാറിലെ ബാര്‍ബിഡ് വയര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ സൂപ്പര്‍ വൈസറായിരുന്നു മെസിയുടെ പിതാവ് ഹോര്‍ഗേ മെസി.
മെസിയും റോഡ്രഗോ, മത്യാസ്, എന്നീ ജ്യേഷ്ഠന്മാരും മാരിയ എന്ന അനുജത്തിയും പിന്നെ അമ്മയും മുത്തശ്ശിയും അടങ്ങുന്നതായിരുന്നു കുടുംബം. ഗ്രാന്‍ഡോലിയിലെ ചെറിയൊരു ഫ്‌ളാറ്റിലായിരുന്നു താമസം. ജീവിതം സമൃദ്ധമായിരുന്നില്ലെങ്കിലും അല്ലലുണ്ടായിരുന്നില്ല.മെസിയുടെ പിതാവ് പ്രാദേശിക തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കളിക്കാരനായിരുന്നു.
പ്രതീക്ഷിച്ച ഉയരങ്ങളിലെത്താന്‍ പക്ഷേ കഴിഞ്ഞില്ല. അതിനാല്‍ തന്റെ മക്കളെ മികച്ച കളിക്കാരായി വളര്‍ത്തണമെന്ന മോഹം അദ്ദേഹത്തില്‍ സജീവമായിരുന്നു. അമ്മയും മുത്തശ്ശിയും ഇതേ ആഗ്രഹം പങ്കുവച്ചു. 1978-ലെ ലോകകപ്പു ടീമില്‍ മറഡോണയ്ക്ക് ഇടം കിട്ടാതെ വന്നപ്പോള്‍ ശക്തമായി പ്രതിഷേധിച്ചവരില്‍ ഈ കുടംബവും ഉണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും കാല്‍പ്പന്തിനെ നെഞ്ചേറ്റുന്ന കുടുംബം. ചുരുക്കത്തില്‍ കളിയോട് താല്‍പര്യമുള്ളൊരു കുട്ടിക്ക് വലിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ കുടുംബാന്തരീക്ഷം.
മൂന്നാം വയസില്‍ തന്നെ പന്തിന്മേല്‍ അസാധാരണമായ മേധാവിത്തം പുലര്‍ത്തിയ മെസി, സമീപത്തെ അബാന്റ റാഡോ ക്ലബ്ബില്‍ പനതുതട്ടാന്‍ എത്തിയതോടെയാണ് ദിശ തെളിയുന്നത്. അപാര്‍സ്യാ എന്ന പരിശീലകന്റെ സൂക്ഷ്മ ദൃഷ്ടിയാണ് മെസിയിലെ ഇതിഹാസത്തിന്റെ സൂചനകളെ ആദ്യം വായിച്ചെടുക്കുന്നത്. ക്ലബ്ബിലെ പ്രകടനം അതിനിടയില്‍ മെസിയെ പ്രദേശത്തെ സൂപ്പര്‍ സ്റ്റാറാക്കിയിരുന്നു. അന്ന് അയാളുടെ പ്രായം അഞ്ചുവയസിന് താഴേയാണെന്നും ഓര്‍ക്കുക. തുടര്‍ന്നാണ് റൊസാരിയോയിലെ ന്യവെല്‍ ഓള്‍ഡ് ബോയിസില്‍ എത്തുന്നത്.
അര്‍ജ്ജന്റീനയിലെ തന്നെ മികച്ച ക്ലബ്ബുകളില്‍ ാെന്നാണിത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മറഡോണ ഈ ക്ലബ്ബില്‍ കളിച്ചിരുന്നു. 1978-ല്‍ അര്‍ജ്ജന്റീനയ്ക്ക് ലോകകപ്പു നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച മരിയോകെമ്പസ്, അര്‍ജ്ജന്റീനയുടെ മറ്റൊരു ഇതിഹാസമായ ബാറ്റിസ്റ്റ്യൂട്ട എന്നിവര്‍ ഇതിലൂടെ വളര്‍ന്നവരാണ്.
1995--ലാണ് ന്യൂവെല്‍സില്‍ മെസി സെലക്ഷന്‍ ട്രയല്‍സിനിറങ്ങുന്നത്. മെസിയുടെ ഉയരക്കുറവും ശരീരത്തില്‍ പ്രകടമായിരുന്ന ദൗര്‍ബല്യങ്ങളും സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടിരുന്നെങ്കിലും പന്തിന്മേലുള്ള അസാധാരണമായ നിയന്ത്രണ രീതികളും ചടുലതയും വിഷനും അവരെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ ന്യൂവെല്‍ ഓള്‍ഡ് ബോയിസിന്റെ ജൂനിയര്‍ അക്കാഡമിയില്‍ മെസിക്കും പ്രവേശനം ലഭിച്ചു.
പെട്ടെന്നു വേഗം വര്‍ധിപ്പിക്കുവാനുള്ള കഴിവും അത്ഭുതകരമായ ഡ്രിബിളിംഗ് രീതികളും പരിശീലകരുടെ മനസിനെ മോഹിപ്പിക്കുന്നവയായിരുന്നു. മെസിയുടെ ഓരോനീക്കവും മറഡോണയെ അവരുടെ ഓര്‍മയില്‍ കൊണ്ടുവന്നു. അക്കാലത്ത് ക്ലബ്ബ് രൂപം കൊടുത്ത മെഷീന്‍ 87-എന്ന പദ്ധതിയിലെ പ്രധാന താരവും മെസിയായിരുന്നു. 87-ല്‍ ജനിച്ചകുട്ടികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ പരിശീലന ചുമതല ഉണ്ടായിരുന്ന അഡ്രിയാന്‍ കോറിയ, കാര്‍ലോസ് മൊറാലസ്, എന്‍ഡ്രിക്ക് ഡോമിന്‍ഗ്വസിന്‍ എന്നിവര്‍ മെസിയുടെ പ്രതിഭയെ മനസിലാക്കി. ശരിയായ ദിശയിലേക്ക് നയിച്ചു.
ഇതിനിടയില്‍ മെസിയുടെ കളിമിടുക്കുകള്‍ മാധ്യമങ്ങളുടെ മുഖ്യ വിഷയമായി മാറിയിരുന്നു. അങ്ങനെ മെസിയും അദ്ദേഹത്തിന്റെ കളിയും റൊസാരിയോ നഗരവും കടന്ന് അര്‍ജ്ജന്റീനയില്‍ നിറഞ്ഞു തുടങ്ങി. റിവര്‍പ്ലേറ്റ് എന്ന വലിയ ക്ലബ്ബിന്റെ ശ്രദ്ധയില്‍ മെസിയെന്ന ചെറിയ പേരു പെടുന്നത് അങ്ങനെയാണ്. റിവര്‍പ്ലേറ്റില്‍ ചേരാല്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യവും ഇതിനിടയില്‍ വന്നു. മെസിയുടെ പിതാവിന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു മകന്‍ റവര്‍പ്ലേറ്റില്‍ കളിക്കുക എന്നത്. അങ്ങനെ പതിനൊന്നുകാരനായ മെസിയുമായി അദ്ദേഹം ആദ്യ കടമ്പയായ വെദ്യപരിശോധനയ്ക്ക്
റിവര്‍പ്ലേറ്റിലെത്തി. കളിമിടുക്കില്‍ ക്ലബ്ബ് സന്തുഷ്ടമായിരുന്നെങ്കിലും അയാളില്‍ ചില ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടെന്ന് ക്ലബ്ബിലെ മെഡിക്കല്‍ സംഘം കണ്ടെത്തി. മെസി 140-സെന്റീമീറ്ററിനപ്പുറം ഉയരം വയ്ക്കില്ലെന്നായിരുന്നു അവരുടെ നിഗമനം.സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു എന്ന ചിന്ത മെസിയേയും പിതാവിനേയും ഒരുപോലെ നടുക്കി. എങ്കിലും ആ ദൗര്‍ഭാഗ്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ അവര്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് റൊസാരിയോയിലെ പ്രസിദ്ധ എന്റോ ക്രൈനോളജിസ്റ്റായ ഡോ.ഷാര്‍സ്റ്റീനെ സമീപിക്കുന്നത്. പരിശോധനയക്കു ശേഷം റിവര്‍പ്ലേറ്റിലെ ഡോക്ടര്‍മാരെ പകുതി ശരിവച്ച ഡോ.ഷാര്‍സ്റ്റീന്‍ കൃത്യമായ ചികില്‍സകൊണ്ട് മെസിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പു നല്‍കി. മെസിക്ക് അഞ്ചര അടിയെങ്കിലും ഉയരം വയ്ക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
എന്നാല്‍ അതിന്റെ ചെലവ് താങ്ങാവുന്നതിനേക്കാള്‍ അധികമാകും. മാസം ആയിരം പെസോ. അന്നത്തെ നിലയില്‍ പിതാവിന് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയായിരുന്നു അത്.പിന്നെ ചികില്‍സയ്ക്കു വേണ്ട ശ്രമങ്ങളായി. ചികില്‍സയുടെ കാര്യം പിതാവ് താന്‍ ജോലിചെയ്തിരുന്ന കമ്പനിയെ അറിയിച്ചു. ബ്രസീല്‍ ആസ്ഥാനമായുള്ള ആര്‍സലര്‍ കമ്പനിയുടെ അര്‍ജ്ജന്റീനയിലെ യൂണിറ്റായിരുന്നു അത്. 2006-ല്‍ ഇന്ത്യക്കാരനായ ലക്ഷ്മി മിത്തല്‍ ആര്‍സലര്‍ ഏറ്റെടുത്ത ശേഷം ആര്‍സലര്‍, മിത്തല്‍ കമ്പനിയുടെ ഭാഗമാണിപ്പോള്‍ മെസിയുടെ പിതാവ് ജോലി ചെയ്തിരുന്ന അസിന്‍ഡാര്‍. .
കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്ന് സഹായം അനുവദിക്കാന്‍ അവര്‍ തയ്യാറായി. പിതാവിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ അര്‍ജ്ജന്റൈന്‍ സോഷ്യല്‍ സര്‍വീസ്, ചെലവാകുന്ന തുകയുടെ പകുതി തിരിച്ചു നല്‍കാമെന്നും ഉറപ്പു നല്‍കി. അതോടെ ചികില്‍സാ ചെലവിനുള്ള തടസങ്ങള്‍ നീങ്ങി. 1998-ജനുവരിയില്‍ മെസിയുടെ ചികില്‍സ ആരംഭിച്ചു. ഒരു വര്‍ഷം പിന്നട്ടപ്പോള്‍ തന്നെ മെസിയില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.
അപ്പോഴേക്കും രാജ്യത്തിന്റെ സാമ്പകസ്ഥിതി അതീവ ഗുരുതരമായി. വന്‍കിട ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പോലും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു തുടങ്ങി. കളിക്കാരുടെ സൗകര്യങ്ങളും പ്രതിഫലവും വെട്ടിക്കുറച്ചു. മെസി കളിക്കുന്ന ക്ലബ്ബില്‍ നിന്ന് ചികില്‍സയ്ക്കുള്ള സഹായം കിട്ടില്ലെന്ന് പിതാവിന് ഉറപ്പായി. അപ്പോഴേക്കും ചികില്‍സ രണ്ടുവര്‍ഷം പിന്നിട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സ്‌പെയിന്‍ അവരുടെ ശ്രദ്ധയില്‍ വരുന്നത്.
മെസിയുടെ പിതാവിന്റെ കുടംബ വേരുകള്‍ സ്‌പെയിനിലും ഇറ്റലിയിലുമുണ്ട്. ഇതില്‍ സ്‌പെയിനിലെ ബന്ധങ്ങള്‍ സജീവമായിരുന്നു. അങ്ങനെ കളിയും ചികില്‍സയും ലക്ഷ്യം വച്ച് അവര്‍ സ്‌പെയിനിലെത്തി. അന്ന് പതിമ്മൂന്നു കാരനായിരുന്നു മെസി. എങ്കിലും മെസിയുടെ വരവ് ബാഴസലോണ ക്ലബ്ബ് അറിഞ്ഞിരുന്നു. ക്ലബ്ബ് അല്‍പം ഉലഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്.
അതുവരെ ബാഴ്‌സയുടെ സൂപ്പര്‍താരമായിരുന്ന ലൂയി ഫിഗോ റയലിലേക്ക് ചുവടുമാറ്റി. ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ബാഴ്‌സ വലന്‍സിയയോട് തോറ്റു. കോച്ച് വാന്‍ഗാല്‍ പുറത്തായി. അക്കുറി റയലിനായിരുന്നു ചമ്പ്യന്‍സ് ലീഗ് കിരീടം. ഇത് ബാഴ്‌സയെ കൂടുതല്‍ തളര്‍ത്തി. യുവാന്‍ ഗാസ്‌പോര്‍ട്ട് എന്നയാള്‍ ബാഴ്‌സയുടെ പുതിയ പ്രസിഡന്റായി വന്നു. പരിശീലകന്റെ സ്ഥാനത്ത് വാന്‍ഗാലിന് പകരം ലോറന്‍സോ സെറാ ഫെറാര്‍ എത്തി.
എന്നാല്‍ പുതിയ സീസണിന്റെ തുടക്കം ബാഴ്‌സയ്്ക്ക് ശുഭകരമായിരുന്നില്ല. കുറേമല്‍സരങ്ങള്‍ കഴിഞ്ഞതോടെ ലീഗില്‍ ടീം പന്ത്രണ്ടാം സ്ഥാനത്തേക്കു താണു. ആ സമയത്തു തന്നെ ടീമിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറുടെ സ്ഥാനത്തേക്ക് പഴയ സൂപ്പര്‍ താരം കാര്‍ലോസ് റക്‌സാക്കും വന്നു. റക്‌സാക്കിന്റെ മുന്നിലായിരുന്നു മെസിയുടെ ട്രയല്‍സ് നടന്നത്. മെസിയുടെ പ്രതിഭ റക്‌സാക്കില്‍ വലിയ മതിപ്പുളവാക്കി. അപ്പോഴും മെസിയുടെ ആരോഗ്യത്തില്‍ ബാഴ്‌സയ്ക്ക് ആശങ്കയുണ്ടായിരുന്നു. മെസിയെ വിശദമായി പരിശോധിച്ച ക്ലബ്ബിന്റെ മെഡിക്കല്‍ സംഘം മെസി, 170-സെന്റീമീറ്റര്‍ വരെ ഉയരം വയ്ക്കുമെന്ന് നിരീക്ഷിച്ചു. ഇതോടെ എല്ലാം ശുഭമായി. മെസിയുമായി ബാഴ്‌സ കരാറില്‍ ഒപ്പിട്ടു. ബാഴ്‌സയുടെ അക്കാഡമിയില്‍ എത്തിയ ശേഷം ചികില്‍സയ്ക്കുള്ള ചെലവുകളെല്ലാം വഹിച്ചത് ക്ലബ്ബായിരുന്നു.
ബാഴ്‌സലോണയിലെ കാറ്റലോണിയന്‍ ഭാഷയുമായി പടവെട്ടി പരാജയപ്പട്ട മെസിയുടെ അമ്മയും സഹോദരങ്ങളും അര്‍ജ്ജന്റീനയിലേക്ക് മടങ്ങി. പിതാവുമാത്രം മകന് മാനസിക പിന്തുണയുമായി ബാഴ്‌സയില്‍ തങ്ങി. ന്യൂ ക്യാമ്പിലെ ലാ-മാസിയ എന്ന ബാഴ്‌സയുടെ യൂത്ത് അക്കാഡമി അതിനകം തന്നെ ലോകപ്രശസ്തമായിരുന്നു. പ്രശസ്ത സ്പാനിഷ് താരങ്ങളായ പെപ് ഗാഡിയോള, ഗില്ലര്‍മോ അമര്‍, സെര്‍ജി എന്നിവര്‍ ലാ-മാസിയയിലെ പഴയ അന്തേവാസികളായിരുന്നു. രണ്ടായിരത്തില്‍ മെസി അവിടെ എത്തുമ്പോള്‍ കാര്‍ലോസ് പിയോള്‍, സാവി ഹെര്‍ണാണ്ട്‌സ് എന്നിവര്‍ അവിടം വിട്ടിരുന്നു. പില്‍ക്കാലത്ത് ബാഴ്‌സയില്‍ സഹകളിക്കാരായി മാറിയ ഇനിയസ്റ്റ, ജെറാഡ് പിക്യു, ഫാബ്രിഗസ് എന്നിവരുടെ സംഘത്തിലേക്കാണ് മെസി എത്തപ്പെട്ടത്.
സ്െപയിനിലേക്ക് പുറപ്പെടുമ്പോള്‍ മെസിയുടെ ഉയരം 140 സെന്റീമീറ്റര്‍ മാത്രമായിരുന്നു. 2001-ല്‍ 143 സെന്റീമീറ്ററായി. ഹോര്‍മോണ്‍ ചികില്‍സ ഫലം കണ്ടതില്‍ മെസിക്കും കുടംബത്തിനും മാത്രമല്ല ബാഴ്‌സലോണയ്ക്കും സന്തോഷമായി. ഇതിനിടയില്‍ പതിനഞ്ചുകാരനായ മെസിയുടെ കളിമിടുക്കുകള്‍ സ്പാനിഷ് പത്രങ്ങളില്‍ ഫീച്ചറുകളായും റിപ്പോര്‍ട്ടുകളായും വന്നുകൊണ്ടിരുന്നു. അതിന്റെ ഫലമായി ലോക പ്രശസ്ത കായികോപകരണ നിര്‍മാതാക്കളായ നൈക്കി 3000 യൂറോയുടെ ഒരു കരാര്‍ മെസിയുമായി ഒപ്പിട്ടു. ഇതിനിടയില്‍ മറ്റൊരു വാഗ്ദാനവും മെസിയെത്തേടിയെത്തി. പതിനാറുവയസിന് താഴെയുള്ളവരുടെ സ്പാനിഷ് ടീമിലേക്കായിരുന്നു ക്ഷണം. പരിശീലകന്‍ ഗീനസ് മെനന്റസ് നേരിട്ടെത്തിയാണ് മെസിയെ ക്ഷണിച്ചത്. താന്‍ അര്‍ജ്ജന്റീനയുടെ ദേശീയ ടീമിന് വേണ്ടി മാത്രമേ കളിക്കുകയുള്ളു എന്ന് പറഞ്ഞ് മെസി ഒഴിഞ്ഞു.
ബാഴ്‌സലോണയുടെ യൂത്ത് ടീമിനു വേണ്ടി മെസി തകര്‍ത്തുകളിക്കുമ്പോള്‍ അവരുടെ സീനിയര്‍ ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലായിരുന്നു. ക്ലബ്ബിന്റെ പ്രസിഡന്റ് പദവിയില്‍ ജോണ്‍ഗാസ്‌പോര്‍ട്ടിനു പകരം ജോണ്‍ ലപോര്‍ത്ത വന്നു. ലീഗില്‍ ആറാം സ്ഥാനത്തേക്കു താണുപോയ ക്ലബ്ബിനെ ഉയര്‍ത്തിയെടുക്കുക എന്നതായിരുന്നു ലപോര്‍ത്തയുടെ മുഖ്യലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വഴിക്കുവന്നില്ല. തുടര്‍ന്ന് ചുമതലയേറ്റ റാഡോമീര്‍ ആന്റിക്ക് ആദ്യ ആറുമാസത്തിനുള്ളില്‍ തന്നെ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു.
യുവകളിക്കാര്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളൊരു രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ടീം പുരോഗതിയിലേക്ക് വന്നെങ്കിലും ആന്റിക്കിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ ക്ലബ്ബ് പ്രസിഡന്റ് തയ്യാറായില്ല. പകരം ഡച്ച് സൂപ്പര്‍ താരമായിരുന്ന റൈക്കാഡിനെ പരിശീലകനായി കൊണ്ടുവന്നു.ഇംഗ്ലണ്ടില്‍ നിന്നു ഡേവിഡ് ബെക്കാമിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. പാരിസ് സെന്റ് ജെര്‍മനില്‍ നിന്ന് റൊഡാള്‍ഡീഞ്ഞായേയും റിക്കോഡെ കരസ്മ, റാഫേല്‍ മാര്‍ക്കസ്, എഡ്ഗാര്‍ഡേവിഡ്, റുസ്തു എന്നിവരേയും കൊണ്ടുവന്നു. ഇങ്ങനെ മൊത്തത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ട ടീമുമായാണ് 2003-04-സീസണില്‍ ബാഴ്‌സലോണ കളത്തിലിറങ്ങിയത്. പരീക്ഷണം പക്ഷേ പൂര്‍ണ വിജയമായിരുന്നില്ല.
ഇതേ സമയത്താണ് ബാഴ്‌സയുടെ ബി.ടീമിനുവേണ്ടി 30 മല്‍സരങ്ങളില്‍ നിന്ന് 35 ഗോളുമായി മെസി തകര്‍പ്പന്‍ പ്രകടനം നടത്തി യൂറോപ്പിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയത്. സീനിയര്‍ ടീമിന്റെ പുതിയ പരിശീലകനായ റൈക്കാഡ് മെസിയുടെ പ്രകടനത്തെ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പതിനാറു വയസ് മാത്രം പ്രായമുള്ള മെസിയെ സീനിയര്‍ ടീമില്‍ കളിപ്പിക്കാനുള്ള ധൈര്യം റൈക്കാഡിന് ഉണ്ടായിരുന്നില്ല.
2003-ല്‍ നടന്ന പതിനേഴുവയസിന് താഴെയുള്ളവരുടെ ലോകകപ്പ് ടീമിലേക്ക് അര്‍ജ്ജന്റീന മെസിയെ പരിഗണിച്ചിരുന്നില്ല. ഇത് നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനാല്‍ 2004-ല്‍ പരാഗ്വേയുടെ ഇരുപത് വയസിന് താഴെയുള്ളവരുടെ ടീമുമായി കളിക്കാന്‍ തെരഞ്ഞെടുത്ത ടീമില്‍ മെസിയ്ക്ക് സ്ഥാനം നല്‍കി. അങ്ങനെ ആദ്യമായി മെസി അര്‍ജ്ജന്റീനയുടെ ദേശീയ ജെഴ്‌സിയണിഞ്ഞു. എന്നാല്‍ മല്‍സരത്തില്‍ മെസി ശോഭിച്ചില്ല.
2004-സീസണില്‍ ബാഴ്‌ലോണയുടെ സീനിയര്‍ ടീമില്‍ നിന്ന് ഒരു കൊഴിഞ്ഞുപോക്കുണ്ടായി. നായകന്‍ ലൂയി എന്‍ട്രിക്കയും മാര്‍ക്ക് ഓവര്‍മാന്‍സും വിരമിച്ചു. പാട്രിക്ക് ക്ലൈവര്‍ട്ട്, ഫിലിപ്പ് കോക്കു, ലൂയിസ് ഗാര്‍ഷ്യാ, മൈക്കിള്‍ റേസിഗര്‍, സാവിയോള എന്നിവര്‍ മറ്റു ടീമുകളിലേക്ക് ചേക്കേറി. സാമുവല്‍ എറ്റു, ഡെക്കോ എന്നിവര്‍ പുതിയതായി വന്നു. ഈ സംക്രമണ സമയത്താണ് സീനിയര്‍ ടീമിലേക്കുള്ള മെസിയുടെ വഴി തെളിയുന്നത്. ഒടുവില്‍ മുപ്പതാം നമ്പര്‍ ജെഴ്‌സിയുമായി മെസി സീനിയര്‍ ടീമില്‍ അരങ്ങേറി. എന്നാല്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. കളിക്കാന്‍ മിനിറ്റുകള്‍ മാത്രം ലഭിച്ചു. സീനിയര്‍ ടീമില്‍ അരങ്ങേറുമ്പോള്‍ മെസിക്ക് പതിനേഴുവയസും 114 ദിവസവുമായിരുന്നു പ്രായം. അക്കാലത്ത് അതൊരു റെക്കോഡായിരുന്നു.
2005-ഏപ്രില്‍ പതിനേഴിന് മെസി സ്പാനിഷ് ലീഗിലെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. ഗെറ്റാഫിക്കെതിരെ സാമുവല്‍ എറ്റുവിന് പകരം എണ്‍പത്തിയെട്ടാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെസി റൊണാഡീഞ്ഞോയുടെ ഒരു ത്രൂ പാസില്‍ നിന്നാണ് ഗോള്‍ നേടിയത്. സീസണില്‍ ഒമ്പതു കളികളില്‍ മുഖം കാണിക്കാനേ മെസിക്ക് അവസരം ലഭിച്ചുള്ളു. ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നതു മാത്രമാണ് നേട്ടം. ആ സീസണില്‍ ലീഗ് കിരീടം ബാഴ്‌സയ്ക്കായിരുന്നു.
2005-ജൂണില്‍ നടന്ന ഇരുപതു വയസിന് താഴെയുള്ളവരുടെ ലോകകപ്പിനുള്ള അര്‍ജ്ജന്റീനാ ടീമില്‍ മെസിക്ക് ഇടം ലഭിച്ചു. മെസിയുടെ കളി ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ ലോകകപ്പ്. സബലേറ്റയായിരുന്നു ടീമിന്റെ നായകന്‍. ഫ്രാന്‍സിസ്‌കോ പെരേര പരിശീലകനും. അമേരിക്കക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയിലേ മെസിക്ക് കളിക്കാന്‍ അവസരം ലഭിച്ചുള്ളു. മല്‍സരം ഒരു ഗോളിന് അര്‍ജ്ജന്റീന േേതാറ്റു. ഈജിപ്റ്റുമായുള്ള മല്‍സരത്തില്‍ രണ്ടു ഗോള്‍ ജയം.
മുഴുവന്‍ സമയവും കളിച്ച മെസി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളും നേടി. അടുത്ത മല്‍സരത്തില്‍ കൊളംബിയയേയും 2-1-ന് തോല്‍പ്പിച്ചു. അവിടേയും ഒരു ഗോള്‍ മെസിയുടേതായിരുന്നു. ക്വാര്‍ട്ടറില്‍ മെസിയുടെ ഒരു ഗോള്‍ സഹായത്തോടെ സ്‌പെയിനിനെ 3-1-ന് തോല്‍പ്പിച്ചു. സെമിയില്‍ ബ്രസീലിനേയും ഫൈനലില്‍ നൈജീരിയയേയും തോല്‍പ്പിച്ചു കൊണ്ട് മെസിയുടെ ടീം കപ്പുയര്‍ത്തി. ഈ രണ്ടു മല്‍സരങ്ങളിലും മെസി ഗോള്‍ നേടിയിരുന്നു. ആറു ഗോളോടെ ടൂര്‍ണമെന്റെ ടോപ് സ്‌കോററും മെസിയായിരുന്നു. ആ ലോകകപ്പിലെ മികച്ച കളിക്കാരനും മെസിതന്നെയായിരുന്നു.
https://www.facebook.com/Malayalivartha