ജെറോം വാല്‍കെയെ ഫിഫ പുറത്താക്കി

അഴിമതിക്കേസില്‍ വിലക്കിലായിരുന്ന മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെയെ ലോക ഫുട്‌ബോള്‍ സംഘടന (ഫിഫ) പുറത്താക്കി. ലോകകപ്പ് ടിക്കറ്റ് വിതരണത്തില്‍നിന്ന് അനധികൃത ലാഭമുണ്ടാക്കിയതിന് സെപ്തംബര്‍ മുതല്‍ വിലക്കിലായിരുന്നു ഈ ഫ്രഞ്ചുകാരന്‍. 2015 മേയില്‍ പുറത്തുവന്ന അഴിമതിവിവാദത്തില്‍ ഫിഫ എത്തിക്‌സ് സമിതി പുറത്താക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനായി വാല്‍കെ. മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വിലക്കുക മാത്രമാണ് ഫിഫ നേരത്തെ ചെയ്തത്. ബ്‌ളാറ്ററും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്‌ളറ്റീനിയും അഴിമതിക്കേസില്‍ എട്ടുവര്‍ഷത്തെ വിലക്കിലാണ്.
2003ല്‍ മാര്‍ക്കറ്റിങ്ങിന്റെയും ടെലിവിഷന്‍ സംപ്രേഷണത്തിന്റെയും ഡയറക്ടറായി ഫിഫയിലെത്തിയ വാല്‍കെയുടെ രണ്ടാമത്തെ പുറത്താക്കലാണിത്. സംഘടനയുടെ സ്‌പോണ്‍സര്‍ഷിപ് പാര്‍ട്ണറായ മാസ്റ്റര്‍കാര്‍ഡുമായി ഉണ്ടായ സാമ്പത്തിക കരാര്‍ലംഘന വിവാദത്തില്‍ 2006ലായിരുന്നു ആദ്യത്തേത്. മാസ്റ്റര്‍കാര്‍ഡുമായുള്ള ഔദ്യോഗിക കരാര്‍ നിലനില്‍ക്കെ വീസയുമായി വാല്‍കെ സാമ്പത്തികചര്‍ച്ച നടത്തി. കരാര്‍ ലംഘിച്ചത് മാസ്റ്റര്‍കാര്‍ഡിന് ഫിഫ 594 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നു. വന്‍ ബാധ്യത വരുത്തിവച്ചതിന് വാല്‍കെയെ പുറത്താക്കുകയും ചെയ്തു. പിന്നീട് 2007ല്‍ സെപ് ബ്‌ളാറ്ററുടെ സഹായത്തോടെ ഫിഫയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ബ്‌ളാറ്ററുടെ സഹചാരിയായി മാറിയ വാല്‍കെ ഫിഫയിലെ അധികാരകേന്ദ്രങ്ങളിലൊന്നായി മാറി. ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും ലോകകപ്പുകളുടെ ഉത്തരവാദിത്തം വാല്‍കെയ്ക്കായിരുന്നു. എന്നാല്‍ രണ്ടു ടൂര്‍ണമെന്റുകളുടെയും നടത്തിപ്പില്‍ വന്‍ അഴിമതിയാണ് വാല്‍കെ കാട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് വേദി അനുവദിക്കുന്നതിലും ബ്രസീല്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയിലും വാല്‍കെ ഫിഫയ്ക്ക് വന്‍ സാമ്പത്തികബാധ്യത വരുത്തി. വേദി അനുവദിക്കാന്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താന്‍ കോണ്‍കകാഫ് മേധാവിയായിരുന്ന ജാക്ക് വാര്‍ണര്‍ക്ക് 66 കോടി രൂപയാണ് വാല്‍കെ നല്‍കിയത്. വടക്കേ അമേരിക്കയുടെയും മധ്യഅമേരിക്കയിലെയും ഫുട്‌ബോള്‍സംഘടനയുടെ മേധാവിയായിരുന്ന ജാക്ക് വാര്‍ണര്‍ നിലവില്‍ അന്വേഷണവിധേയനായി വിലക്കിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha