നാളെ മുതല്‍ 'കോപ്പ' നിറയെ ആവേശം

കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ശതാബ്ദി ടൂര്‍ണമെന്റിന് ഇന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം നാളെ രാവിലെ ഏഴു മണിയ്ക്കാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക പ്രബലരായ കൊളംബിയയെ നേരിടും.
നൂറാം വാര്‍ഷികം പ്രമാണിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കൂടാതെ കോണ്‍കകാഫ് മേഖലയിലെ 6 രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട് ആകെ 16 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും പരിക്ക് പറ്റിയത് പല ടീമുകളുടെയും കളിമികവിനെ സാരമായി ബാധിക്കാന്‍ സാധ്യത ഏറെയാണ്. മെസ്സി, സുവാരസ്, കക്കാ തുടങ്ങി പലരും പരിക്കിന്റെ പിടിയിലാണ്.
ശതാബ്ദി ടൂര്‍ണമെന്റ് ആയതിനാല്‍ ഇപ്രാവശ്യത്തെ ട്രോഫി ആജീവനാന്തം കൈയ്യിലാക്കാം എന്നതും ടീമുകളെ ആവേശം കൊള്ളിക്കുന്നു. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊളംബിയയ്ക്കാണ് മുന്‍തൂക്കമെങ്കിലും അമേരിക്കയെ എഴുതിത്തള്ളാനാവില്ല. അവരുടെ സമീപകാല പ്രകടനങ്ങള്‍ അതാണ് തെളിയിക്കുന്നത്. മുന്‍ ജര്‍മന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ടീമിനെ അവരുടെ നാട്ടില്‍ ഏതു വമ്പന്മാരും ഭയക്കണമെന്ന് സാരം.
കഴിഞ്ഞ തവണത്തെ കോപ്പ ചാമ്പ്യന്‍മാരായ ചിലി തന്നെയാണ് ടൂര്‍ണമെന്റ് ഫേവറൈറ്റ്. അലെക്‌സിസ് സാഞ്ചെസും, അര്‍ട്ടുറൊ വിദാലും മരിയോ വര്‍ഗാസും മിന്നിക്കളിച്ചാല്‍ ഏതു ടീമും അടിയറവ് പറഞ്ഞുപോകും. അര്‍ജെന്റീനയാകട്ടെ കഴിഞ്ഞ ലോകകപ്പിലും കോപ്പ ഫൈനലിലും കിരീടം കൈവിട്ട ക്ഷീണം തീര്‍ക്കാനാണ് വരുന്നത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥയാണ് സൂപ്പര്‍ താരം മെസ്സിക്ക്. സ്വന്തം രാജ്യത്തിനുവേണ്ടി ഒരു കിരീടം പോലും നേടാന്‍ ഇതുവരെ മെസ്സിക്കായിട്ടില്ല.അതിനു പരിഹാരം കണ്ടെത്താനാണ് മെസ്സിയും കൂട്ടരും ഇത്തവണ രണ്ടുംകല്‍പ്പിച്ച് ഇറങ്ങുന്നത്. മുന്നേറ്റ നിരയില്‍ മെസ്സിക്ക് കൂട്ടായി സെര്‍ജിയോ അഗ്വെറൊ, ഹിഗ്വൈന്‍, മധ്യനിരയില്‍ എയ്ഞ്ചല്‍ ഡി മരിയ, ഡയിബാല, പ്രതിരോധത്തില്‍ മഷെരാനൊ, സബലേറ്റ, ഓട്ടമെന്റി...താരനിരയ്ക്ക് ഒരു പഞ്ഞവുമില്ല. പക്ഷേ പ്രമുഖ ടൂര്‍ണമെന്റുകളില്‍ പലരും നിറം മങ്ങുന്നത് ടീമിനെ അവഷതയിലാക്കുന്നു.
ബ്രസീലാകട്ടെ കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് നേരിട്ട നാണംകെട്ട പരാജയത്തിനും കോപ്പയില്‍ ഫൈനല്‍ കാണാതെ പുറത്തായതിനും പരിഹാരമായി കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് കളിക്കാനെത്തുന്നത്. എന്നാല്‍ അതത്ര എളുപ്പവുമല്ല. ബയണ്‍ മ്യുണിക്കിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച ഡഗ്ലസ് കോസ്റ്റ പരിക്കേറ്റ് പുറത്തായതും അതിനു പകരക്കാരനായി വന്ന കക്കാ പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായതും ബാര്‍സിലോന നെയ്മറെ കളിക്കാന്‍ വിടാത്തതും ബ്രസീലിന് വലിയൊരു ഇരുട്ടടിയാണ്.
ജൂണ്‍ 27 നാണ് ഫൈനല്‍ മത്സരം നടക്കുക. കളികള്‍ ഇന്ത്യന്‍ സമയം 5.30, 6.30, 7.30 എന്നീ സമയങ്ങളില്‍ സോണി ഇ.എസ്.പി.എന്‍ ചാനലില്‍ തത്സമയം കാണാം.ഇനി 24 ദിവസം നീളുന്ന ലാറ്റിനമേരിക്കന്‍ പന്തുകളിയുടെ ദൃശ്യ വിസ്മയത്തിന്റെ രാവുകള്‍. കാത്തിരിക്കാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha