നാളെ മുതല്‍ യൂറോപ്പില്‍ കാല്‍പ്പന്ത് കളിയുടെ വര്‍ണവിസ്മയം

യുവേഫ സംഘടിപ്പിക്കുന്ന യൂറോ കപ്പ് 2016ന് നാളെ ഫ്രാന്‍സിലെ സെയിന്റ് ഡെനിസിലെ 'സ്‌റ്റെയിഡ് ദേ ഫ്രാന്‍സ്' സ്‌റ്റേഡിയത്തില്‍ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമേനിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 24 ടീമുകളാണ് ഇക്കുറി പങ്കെടുക്കുന്നത്. 16 ടീമുകളാണ് ഇതുവരെ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ഇത്തവണ എട്ട് ടീമുകളെക്കൂടി പങ്കെടുപ്പിക്കുകയായിരുന്നു. താഴെ കാണുന്ന വിധത്തിലാണ് ഗ്രൂപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ= ഫ്രാന്‍സ്, റൊമേനിയ, അല്‍ബേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി= ഇംഗ്ലണ്ട്, റഷ്യ, വെയില്‍സ്, സ്ലൊവാക്കിയ
ഗ്രൂപ്പ് സി= ജര്‍മ്മനി, യുക്രൈന്‍, പോളണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്
ഗ്രൂപ്പ് ഡി= സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി, ക്രൊയേഷ്യ
ഗ്രൂപ്പ് ഇ= ബെല്‍ജിയം, ഇറ്റലി, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, സ്വീഡന്‍
ഗ്രൂപ്പ് എഫ്= പോര്‍ച്ചുഗല്‍, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ഹംഗറി
താരതമ്യേന നല്ലവിധത്തിലുള്ള ഗ്രൂപ്പുകളാണ് ഇത്തവണ വന്നിരിക്കുന്നത്. സ്‌പെയിന്‍ അടങ്ങുന്ന ഗ്രൂപ്പ് ഡി യെയാണ് മരണ ഗ്രൂപ്പായി പൊതുവില്‍ ചിത്രീകരിക്കുന്നത്. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയും ആതിഥേയരായ ഫ്രാന്‍സും ഹാട്രിക് യൂറോ കിരീടം നോട്ടമിടുന്ന സ്‌പെയിനും കടലാസില്‍ താരനിര കൊണ്ട് സമ്പന്നമായ ഇംഗ്ലണ്ട്, കരുത്തരായ ഇറ്റലി തുടങ്ങിയ യൂറോപ്പിയന്‍ വമ്പന്മാര്‍ തന്നെയാണ് ടൂര്‍ണമെന്റ് ഫേവറൈറ്റുകള്‍.
മിക്ക ടീമുകളെയും ചില സുപ്രധാന താരങ്ങളുടെ പരിക്ക് വല്ലാതെ വലയ്ക്കുന്നു. യുവതാരങ്ങളെ മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. പൊല്‍ പോഗ്ബ, ബയണ്‍ മ്യുണിക്കിന്റെ കിങ്ങ്‌സിലി കോമന്‍, കാന്റെ, ലുകാസ് ഡിഗ്‌നെ, സാമുവേല്‍ ഉംറ്റിറ്റി എന്നിവരടങ്ങുന്ന യുവരക്തങ്ങളെ വെച്ചാണ് കോച്ച് ദിദിയെര്‍ ദെഷാമ്പ്‌സിന്റെ കണക്കുകൂട്ടലുകള്‍. ആതിഥേയത്വം വഹിച്ചപ്പോയെല്ലാം കിരീടം നേടി എന്ന ഒരു വസ്തുതയും ഫ്രാന്‍സിന് അവകാശപ്പെടാനുണ്ട്.
ജര്‍മ്മനിയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും പെര്‍ട്ട് മെര്‍ട്ടസാക്കറും വിരമിച്ചതോടെ അത്രയൊന്നും ശക്തമല്ലാത്ത പ്രതിരോധ നിരയുമായാണ് ജര്‍മ്മനി കളിക്കാന്‍ ഇറങ്ങുന്നത്. ഈ ടൂര്‍ണമെന്റില്‍ പരിക്ക് ഏറെ വലച്ചിരിക്കുന്നതും ജര്‍മ്മനിയെ തന്നെയാണ്. ഏറ്റവും ഒടുവിലായി ഡോര്‍ട്ട്മുണ്ട് താരം മാര്‍ക്കോ റോയെസും പരിക്കേറ്റ് യൂറോ കപ്പില്‍ നിന്നും പുറത്തായി. എങ്കിലും പരിചയസമ്പന്നരും പുതുതലമുറയും ഇടകലര്‍ന്ന കിരീടം നേടാന്‍ കെല്‍പ്പുള്ള ജര്‍മന്‍ നിരയെത്തന്നെയാണ് കോച്ച് ജോക്കിം ലോ ഒരുക്കിയിട്ടുള്ളത്.
ഇംഗ്ലണ്ടിന്റേതാണ് ഈ യൂറോ കപ്പിലെ ഏറ്റവും ശക്തമായ നിര. റൂണിയും ജേമി വാര്‍ഡിയും ഹാരി കെയിനും ഡാനിയേല്‍ സ്റ്ററിഡ്ജും യുണൈറ്റഡിന്റെ യുവതാരം മാര്‍ക്കസ് റാഷ്‌ഫോഡും ചേര്‍ന്ന ആക്രമണനിരയെ ഏത് വമ്പന്‍ ടീമും ഭയന്നെ മതിയാകൂ.
ഇറ്റലിയാകട്ടെ ബല്ലൊട്ടെല്ലിയെ പോലുള്ള ലോകോത്തര സട്രൈക്കര്‍മാരെ ടീമിലുള്‍പ്പെടുത്താതെയാണ് കളിക്കാന്‍ ഇറങ്ങുന്നത്. അതവരെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം. ഇനി മുപ്പതുനാള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യൂറോപ്പിയന്‍ ഫുട്‌ബോളിന്റെ വശ്യസുന്ദരതയെ വരവേല്‍ക്കാനുള്ള പുലര്‍ച്ചകള്‍. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 6.30, 9.30, 12.30 എന്നീ സമയങ്ങളില്‍ സോണി സിക്‌സില്‍ തത്സമയം കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha