കോവിഡിനിടയിലും ഒളിമ്പിക്‌സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തില്‍ വീണ്ടുമൊരു ഒളിമ്പിക്‌സിന് ഒരുങ്ങി ടോക്യോ...

കോവിഡിനിടയിലും ഒളിമ്പിക്‌സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തില്‍ ടോക്യോ വീണ്ടുമൊരു ഒളിമ്പിക്‌സിന് ഒരുങ്ങി. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിന് ഇന്ന് തുടക്കം.
ഒളിമ്പിക്‌സ് വേദിയില്‍ സെപ്തംബര്‍ അഞ്ചുവരെയാണ് പാരാലിമ്പിക്‌സ്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാലും മുന്നോട്ടുപോകാനാണ് സംഘാടകസമിതി തീരുമാനം. കാണികള്‍ക്ക് പ്രവേശനമില്ല.
മത്സരങ്ങള്‍ യൂറോ സ്‌പോര്‍ട് ചാനലില്‍ തത്സമയം കാണാം. ഇന്ത്യയുടെ മത്സരങ്ങള്‍ ദൂരദര്‍ശനിലും.
ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 4.30നാണ് വര്‍ണപ്പകിട്ടാര്‍ന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും.
167 രാജ്യങ്ങളിലെ 4400 കായികതാരങ്ങള്‍ അണിനിരക്കും. 22 ഇനങ്ങളില്‍ 540 മത്സരങ്ങളുണ്ടാകും. ആറംഗ അഭയാര്‍ഥി ടീമിനെ ആദ്യമായി അലിയ ഇസ്സ എന്ന വനിത നയിക്കും. അത്‌ലറ്റിക്‌സ് 27 മുതലാണ്. ഒളിമ്പിക്‌സ് പോലെ നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ 2004 മുതല്‍ ചൈനയാണ് ജേതാക്കള്‍.
ബ്രിട്ടനും അമേരിക്കയുമാണ് പ്രധാന എതിരാളികള്‍. 2016ല്‍ ചൈനയ്ക്ക് 107 സ്വര്‍ണം കിട്ടി. രണ്ടാമതെത്തിയ ബ്രിട്ടന് 64. ഉക്രെയ്ന്‍ 41, അമേരിക്ക 40 എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാര്‍. ഇന്ത്യ രണ്ട് സ്വര്‍ണമടക്കം നാല് മെഡലുമായി 43-ാംസ്ഥാനത്തായിരുന്നു.2016ലാണ് മികച്ച പ്രകടനം.
രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും കിട്ടി. കഴിഞ്ഞ രണ്ടുതവണ ജാവ്‌ലിന്‍ ത്രോയില്‍ (എഫ് 46 വിഭാഗം) സ്വര്‍ണം നേടിയ ദേവേന്ദ്ര ഝഹരിയ, 2016ല്‍ ഹൈജമ്പില്‍ (ടി 63 വിഭാഗം) സ്വര്‍ണം ലഭിച്ച മാരിയപ്പന്‍ തങ്കവേലു, ലോക ജാവ്‌ലിന്‍ ചാമ്ബ്യന്‍ (എഫ് 64 വിഭാഗം) സന്ദീപ് ചൗധരി എന്നിവരിലാണ് മെഡല്‍പ്രതീക്ഷ. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് മാരിയപ്പനാണ്. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സിദ്ധാര്‍ഥ ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കും.
ഇന്ത്യ അമ്പത്തിനാലംഗ സംഘത്തെ അണിനിരത്തുന്നു. അത്‌ലറ്റിക്‌സ്, അമ്പെയ്ത്ത്, ബാഡ്മിന്റണ്‍ അടക്കം ഒമ്പത് ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha